ആർച്ചറിയിൽ ഇരുകൈകളുമില്ലാതെ മത്സരിക്കുന്ന ഏക ഇന്ത്യൻ താരമായ ശീതൾ ദേവിയെ ആദരിച്ച് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര.
ഇരുകൈകളുമില്ലാതെ കാലുകൊണ്ട് അമ്പെയ്യുന്ന അത്ഭുത താരമായ ശീതൾ ദേവിക്ക് മഹീന്ദ്ര പുത്തൻ എസ് യുവി സമ്മാനമായി നൽകി. കഴിഞ്ഞ വർഷം പാരീസിൽ നടന്ന പാരാലിംപിക്സിലായിരുന്നു പതിനേഴുകാരിയായ ശീതളിന്റെ അത്ഭുതപ്രകടനം.
പാരീസിൽ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് അമ്പെയ്ത ശീതളിനെ പ്രചോദനത്തിന്റെ ആൾരൂപമായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം വാഴ്ത്തിയത്.
Mahindra Scorpio-N വാഹനമാണ് ആനന്ദ് മഹീന്ദ്ര ശീതൾ ദേവിക്ക് സമ്മാനമായി നൽകിയത്. സമാനതകളില്ലാത്ത പ്രകടനമാണ് ശീതൾ നടത്തിയതെന്ന് ആനന്ദ് മഹീന്ദ്ര വാഹനത്തിന്റെ താക്കോൽ താരത്തിന് കൈമാറിയതിനുശേഷം പറഞ്ഞു. പ്രതീകാത്മകമായി ശീതൾ ആനന്ദ് മഹീന്ദ്രയ്ക്ക് അമ്പ് സമ്മാനമായി നൽകി. സമ്മാനത്തിന് നന്ദി പറയുന്നതായി ആനന്ദ് മഹീന്ദ്ര അറിയിച്ചു. ശീതളിന്റെ നേട്ടങ്ങളെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര ട്വിറ്ററിലും പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്.
ഫോകോമേലിയ എന്ന അപൂർവ വൈകല്യത്തോടെ ജനിച്ച ശീതൾ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ താരമായത്. പാരീസ് പാരാലിംപിക്സിൽ മിക്സ്ഡ് ടീം കോംപൗണ്ട് ഇവന്റിലെ വെങ്കല നേട്ടത്തിനു പുറമേ 2023 വേൾഡ് ആർച്ചറി പാരാ ചാംപ്യൻഷിപ്പിൽ താരം വെള്ളി മെഡൽ നേടിയിരുന്നു.
Anand Mahindra gifts a brand-new Mahindra Scorpio-N to Sheetal Devi, India’s first armless archer, in recognition of her incredible achievements in archery.