അവതരണരീതിയിലെ വ്യത്യസ്തത കൊണ്ട് ലോകപ്രശസ്തമായ ഫിൻലാൻഡിലെ പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിന്റെ ഇന്ത്യൻ പതിപ്പിൽ ജേതാക്കളായി കേരളത്തിൽ നിന്നുള്ള അഗ്രിടെക് സ്റ്റാർട്ടപ്പ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് (Fuselage Innovations). ഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് പിച്ചിംഗിൽ നാല് ഡിഗ്രി തണുപ്പുള്ള വെള്ളത്തിലിറങ്ങി പിച്ചിംഗ് നടത്തിയാണ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് വിജയികളായത്. വിജയത്തോടെ ഫിൻലാൻഡിലെ ഔലുവിൽ നടക്കുന്ന പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗ് ഗ്രാൻഡ് ഫിനാലേയിൽ പങ്കെടുക്കാൻ ഫ്യൂസെലേജ് യോഗ്യത നേടി.
ഫിന്നിഷ് എംപ്ലോയ്മെൻ്റ് ആൻഡ് ഇക്കണോമി മന്ത്രാലയത്തിന് കീഴിലുള്ള പൊതു സ്ഥാപനമായ ബിസിനസ് ഫിൻലാൻഡ്, കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) എന്നിവ സംയുക്തമായാണ് പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗ് ഇന്ത്യയിൽ സംഘടിപ്പിച്ചത്. കഴുത്തറ്റം തണുത്ത വെള്ളത്തിൽ നിന്നു കൊണ്ട് സ്റ്റാർട്ടപ്പ് ആശയങ്ങൾ വിധികർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിൻറെ പ്രാദേശിക റൗണ്ട് ആദ്യമായാണ് ഇന്ത്യയിൽ നടത്തിയത്.
ഫിൻലാൻഡിൽ ഐസിനുള്ളിലാണ് പരിപാടി നടക്കുന്നതെങ്കിലും ഇന്ത്യയിലെ മത്സരങ്ങളിൽ ഇളവുകളുണ്ടായിരുന്നു. ഐസിട്ട് തണുത്ത വെള്ളത്തിൽ അരഭാഗം വരെ ഇറങ്ങി നിന്നാണ് മത്സരാർത്ഥികൾ പിച്ചിംഗ് നടത്തിയത്. ഫ്യൂസെലേജിനു പുറമേ Mykare Health, Find My Hostel, Banzan Studios, Coexin Technologies, Tessat, Vi INNOVATIONS™ Pvt. Ltd, Thrillark തുടങ്ങിയ സ്റ്റാർട്ടപ്പുകളും പരിപാടിയിൽ പങ്കെടുത്തു.
Kerala-based agritech startup Fuselage Innovations wins the Indian edition of Finland’s Polar Bear Startup Pitching, securing a spot in the grand finale in Oulu, Finland.