
ആദ്യത്തെ സ്കൂൾ, ആദ്യ പ്രണയം, ആദ്യ സാലറി, ആദ്യത്തെ കുഞ്ഞ് ഇതുപോലെ പലരേയും വൈകാരികമാക്കുന്ന ഒന്നുണ്ട്! ഒരു നൊസ്റ്റാജിയ! ആദ്യ വാഹനം. ഡ്രൈവിംഗ് പഠിച്ച് കഴിഞ്ഞ് ഒരുവിധം ഓടിക്കാമെന്നാകുമ്പോൾ കൈയിലേക്കെത്തുന്ന ആദ്യത്തെ കാറ്! ഭൂരിപക്ഷം ഇന്ത്യക്കാരന്റേയും ആ ആദ്യ വാഹനം ഒരു ലെജന്ററി ബ്രാൻഡാണ്. ഒരേയൊരു മാരുതി! മാരുതി-800! സാക്ഷാൽ അംബാസിഡറും, ഫിയറ്റും, പ്രീമിയർ പദ്മിനിയും, കോണ്ടസ്സയും വിരാജിച്ച നിരത്തിൽ കന്നിക്കാരന്റെ യാതൊരു കമ്പവും ഇല്ലാതെ പെട്ടെന്ന് കയറിവന്ന ഒരു കോളേജ് പയ്യൻ!
1980-കളിൽ മധ്യവർഗ്ഗ ഇന്ത്യക്കാരന്റെ ജീവിതാഭിലാഷമായിരുന്നു, മാരുതി-800! ആ കാറിനായി സ്വർണ്ണമാല വിറ്റവർ, ഭൂമി വിറ്റവർ, മികച്ച ജോലിക്ക് ശ്രമിച്ചവർ, കഷ്ടപ്പെട്ട് ലോൺ എടുത്തവർ.. അങ്ങനെ എത്രയോ പേർ! പലരുടേയും ആദ്യ ഡ്രൈവിംഗ് എക്സ്പീരിയൻസ് മാരുതി 800 അല്ലേ?. ലൈറ്റ് വെയിറ്റായ ബോഡിയും, ഹാൻഡിയായ സ്റ്റിയറിംഗ് മാരുതി-800ന് സ്റ്റാർ പദവി നൽകി.

1990-കളുടെ ആദ്യം. മൺസൂൺ മഴ തകർത്ത് പെയ്യുന്ന മുംബൈ. ഒരു ബാങ്ക് മാനേജർ മഴ വകവെക്കാതെ തന്റെ പുതിയ മാരുതി-800 എടുത്ത് വീട്ടിലേക്ക് തിരിച്ചു. വലിയ വാഹനങ്ങൾ പോലും വെള്ളക്കെട്ടിൽ യന്ത്രം നിലച്ച് നിന്ന സമയം. എല്ലാവരും അദ്ദേഹത്തിന്റെ യാത്ര വിലക്കി. പക്ഷെ ഭാര്യ ഗർഭിണിയാണ്. പോകാതെ പറ്റില്ല. അയാൾ പുഴപോലെ ആയ റോഡിലേക്ക് മാരുതി 800 ഇറക്കി. ഒരു ബോട്ട് പോലെ ആ വാഹനം അയാളെ വീടെത്തിച്ചു. ആ മനുഷ്യൻ പിന്നീട് പറഞ്ഞു, കാറിനും പേഴ്സാണിലിറ്റി ഉണ്ടെന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നു അതെന്ന്!
കോളേജിൽ പഠിക്കുമ്പോൾ പിരിവ് ഇട്ട് സെക്കൻഹാന്റ് മാരുതി-800 വാങ്ങി അതിൽ യൗവനം ആഘോഷിച്ച സുഹൃത്തുക്കൾ !

1998-ൽ ഒരു ഗുജറാത്തി ബിസിനസ്സുകാരൻ റോഡ് മാർഗ്ഗം ലണ്ടനിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ തെരഞ്ഞെടുത്ത വാഹനം മാരുതി 800. 17 രാജ്യങ്ങളിലൂടെ 20,000 കിലോമീറ്റർ! ഒരു സാധാരണ വണ്ടിക്ക് എങ്ങനെ അസാധാരണ ലക്ഷ്യങ്ങൾ നേടാം എന്ന് തെളിയിച്ച സമയം.
90 മോഡൽ മാരുതി കാറ് ഇന്നും ടാക്സിയായി ഓടിക്കുന്ന കൊൽക്കത്തക്കാരൻ ഗോപാൽ.

അതേ മാരുതി, ഒരു കാറല്ല, അത് മധുമുള്ള ഓർമ്മയുടെ പീലിത്തണ്ടാണ്. കടന്നുപോയ ബാല്യ യൗവനങ്ങളുടെ ബാക്കിയിരുപ്പാണ്. ലക്ഷക്കണക്കിനാളുകൾ സ്വന്തമാക്കാൻ കൊതിച്ച വിലമതിക്കാനാകാത്ത സ്വപ്നമാണ്…
കോഴിക്കോട്ടെ അബ്ദുൾ നാസർ എന്ന ആൾ 1992-ൽ നീണ്ട കാത്തിരിപ്പിനും സ്വപ്നങ്ങൾക്കും ഒടുവിൽ ഒരു കാറ്‍ സ്വന്തമാക്കി. 1985 മോഡൽ മാരുതി-800. ആഘോഷമായിരുന്നു വീട്ടിൽ. ഇളയ മകൻ നിയാസ് വളർന്നത് ആ കാറിനൊപ്പമായിരുന്നു. കുറേനാൾ കഴിഞ്ഞ് കുറച്ച്കൂടി വലിയ കാറ് വാങ്ങുന്ന സമയത്ത് മനസ്സില്ലാമനസ്സോടെയെങ്കിലും മാരുതി-800 വിറ്റു. മക്കൾ വളർന്നു. ഒന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞ് അബ്ദുൾ നാസറിന് വല്ലാത്ത മനപ്രയാസം. ആ പഴയ മാരുതി -800 ന്റെ സുഖം പുതിയ കാറിനില്ല. ആ മാരുതി -800 തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു. മക്കളും അന്വേഷിച്ചു, പക്ഷെ കണ്ടെത്താനായില്ല. പിതാവിന് ആ മാരുതി-800-നോടുള്ള മാനസിക അടുപ്പം ഇളയ മകൻ നിയാസ്സിന് മനസ്സിലായി. നിയാസ്സ് വളർന്നത് ആ മാരുതി 800-നൊപ്പമായിരുന്നല്ലോ. അയാൾ പിന്തിരിഞ്ഞില്ല, നീണ്ട 15 വർഷത്തെ അന്വേഷണത്തിനും അലച്ചിലിനുമൊടുവിൽ ആ പഴയ 800 കണ്ടെത്തി, തിരുവനന്തപുരത്ത്! പക്ഷെ ആ ഉടമ അത് വിൽക്കാൻ തയ്യാറായില്ല! ആ വാഹനത്തിന്റെ ഇമോഷണൽ വാല്യു പറഞ്ഞ് മനസ്സിലാക്കി, 1992-ൽ പിതാവ് വാങ്ങിയതിന്റെ നാലിരട്ടി കൊടുത്ത് 2020-ൽ നിയാസ് ആ മാരുതി-800 വീട്ടിലെത്തിച്ചു. പിതാവിന്റെ 54-ാമത്തെ ജന്മദിനത്തിന് ആ പ്രിയവാഹനം സമ്മാനമായി മകൻ നൽകി. അബ്ദുൾ നാസറിന് പറഞ്ഞറിയിക്കാനാകാത്ത പരമാനന്ദമായിരുന്നു, ആ മാരുതി -800 തിരികെ കിട്ടിയപ്പോൾ! ഇങ്ങനെ എത്ര എത്ര കഥകൾ. മാരുതി 800 ഒരു വികാരമാണ്. പണക്കാരന്റേയും പാവപ്പെട്ടവന്റേയും രഥമായിരുന്നു മാരുതി 800 എന്ന ഐക്കോണിക് ഫോർ വീലർ. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആശിച്ച്, ആറ്റുനോറ്റ് ആദ്യം വാങ്ങിയത് മറ്റൊന്നുമായിരുന്നില്ല! ഒരു മാരുതി 800 ആണ്.

ജപ്പാനിലെ തന്നെ Daihatsu എന്നൊരു കമ്പനി ഇന്ത്യയിലെ സർക്കാരുമായി ചേർന്ന് ചെറിയ കാറുകൾ നിർമ്മിക്കും എന്ന ഒരു പത്രവാർത്തയിൽ നിന്നാണ് മാരുതിയുടെ ഭാഗ്യം, അല്ല ഇന്ത്യയിലെ ഇടത്തരക്കാരന്റെ ഭാഗ്യം തുടങ്ങുന്നത്. ചെറുകാർ നിർമ്മാണത്തിനായി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും കേന്ദ്രസർക്കാർ വിമർശനങ്ങൾ നേരിടുകയും ചെയ്ത സമയത്താണ് ഈ വാർത്തയുടെ ക്ലിപ് കണ്ട് ജപ്പാനിൽ നിന്ന് മറ്റൊരു ചെറിയ കാർ കമ്പനിമുതലാളി സ്വന്തം കമ്പനി പൂട്ടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലിയിൽ ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഇന്ത്യയിൽ വന്ന് മന്ത്രിമാരേയും സെക്രട്ടറിമാരേയും കണ്ടു. അയാളെ നോക്കി ഇന്ത്യയെക്കുറിച്ച് അറിയാവുന്ന വിദേശികളും ഇന്ത്യക്കാർ ആകമാനവും ചിരിച്ചു. കാരണം അന്നത്തെ ഇന്ത്യ എന്താണെന്ന് അറിയില്ലേ?

നനഞ്ഞ സ്വപ്നങ്ങളിൽ നട്ടം തിരിഞ്ഞു നിൽക്കുന്ന 80-കളിലെ ഇന്ത്യ. സ്വന്തമായി എന്ന് പറയാൻ കുറേ കാലിയായ ചരിത്രവും, അടിയന്തിരാവസ്ഥയുടെ പ്രേതവും, വിളറിനിൽക്കുന്ന വികസന സ്വപ്നവും, ക്ഷാമത്തിൽ പൊറുതിമുട്ടി ക്ഷ വരച്ച് നിൽക്കുന്ന ജനവും. ലൈസൻസ് രാജും അഴിമതിയും കൊടികുത്തി വ്യവസായ സ്വപ്നങ്ങളെ കൊള്ളയടിച്ച കാലം. കാറ് പോയിട്ട് കപ്പ വാങ്ങാൻ ജനത്തിന് കാശില്ലാത്ത സമയം. അപ്പോഴാണ് ദേ വേറൊരു മനുഷ്യൻ, അതു ജപ്പാനിൽ നിന്ന് കാറുണ്ടാക്കാൻ ഡൽഹിയിലെത്തിയിരിക്കുന്നത്. മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന ഒരു കമ്പനി മാത്രമേ മൂലധനമായ് സർക്കാരിന്റെ കയ്യിലുള്ളൂ. ആത്മഹത്യ ചെയ്യാൻ തയ്യാറായി ഒരാൾ മുന്നിൽ വന്നാൽ നാം എന്തിന് പിന്തിരിപ്പിക്കണം?
അങ്ങനെ ഒരാണ്ടിലെ മൊത്തം സമ്പാദ്യവും പെറുക്കിയെടുത്ത് ആ ജപ്പാൻകാരൻ ഡൽഹിയിലെത്തി. ഇന്ത്യാ ഗവൺമെന്റും ജപ്പാൻ കമ്പനിയും ഒന്നിച്ച് കാറുണ്ടാക്കുന്നു. 74% സർക്കാർ കൈവശം വെക്കും, കാശൊന്നും നിക്ഷേപിക്കില്ല. തുടങ്ങാനുള്ള മുഴുവൻ മൂലധനവും, കാറുണ്ടാനുള്ള ടെക്നോളജിയും, നടത്താനുള്ള പ്രയത്നവും, ഓപ്പറേഷണൽ കോസ്റ്റും എല്ലാം ജപ്പാൻകാരൻേത്, ഓഹരി 26%. എന്നിട്ടും ആ ജപ്പാൻകാരൻ തലകുലുക്കി സമ്മതിച്ചു. സർക്കാർ കൈകൊടുത്തു. ഇന്ത്യയുടെ ഇരുണ്ട ലൈസൻസി രാജിലും അഴിമതിക്കാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിക്കും, കഞ്ഞിക്ക് വകയില്ലാത്ത നാട്ടുകാരുടേയും ഇടയിൽപെട്ട് കാറുണ്ടാക്കാൻ വന്ന മുതലാളി പിടഞ്ഞ് മരിക്കുന്നതാണ് അടുത്ത സീൻ. അതാണ് അന്നത്തെ പതിവ് രീതി.

കാരണം നാലഞ്ച് വർഷം മുമ്പ് മറ്റൊരു തമാശ കണ്ടിട്ട് ഇരിക്കുകയാണ്. അതൊന്ന് പറയാം. തിരക്കഥ ഇതുതന്നെ! ഇടത്തരക്കാർക്കായി ചെറിയ കാർ ഉണ്ടാക്കണമെന്ന് സർക്കാർ ചർച്ചചെയ്യയുന്നു. കാർ ഉണ്ടാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കമ്പനിയുണ്ടാക്കി, മാരുതി മോട്ടോഴ്സ് ലിമിറ്റഡ്! യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ലെങ്കിലും റോൾസ്റോയ്സിൽ അപ്രന്റിഷിപ് കഴിഞ്ഞ്, സ്പോർട്സ് കാറുകളുടെ ലഹരിയിൽ ഇന്ത്യയിലെത്തിയേ ഉണ്ടായിരുന്നുള്ളൂ, ഇന്ദിരയുടെ പുത്രൻ സഞ്ജയ് ഗാന്ധി. സഞ്ജയ് ഗാന്ധിയെ എംഡിയാക്കി. നോ എക്സ്പീരിയൻസ്, നോ പ്രൊജക്റ്റ്..

നത്തിംഗ്. ആരെതിർക്കാൻ? ഒരു കളിപ്പാട്ടം പോലും മാരുതി മോട്ടോഴ്സ് ലിമിറ്റഡ് ഉണ്ടാക്കിയില്ല. അഴിമതി ആരോപണം ഉയരുന്നു, പ്രൊജക്റ്റ് അവിടെ നിന്നു. ഇനി ഫോക്സ്വാഗനെ കൊണ്ടുവരാൻ തീരുമാനിക്കുന്നു. ആകെ ബഹളം, ഒന്നും നടന്നില്ല. തുടർന്ന് വന്ന ജനതാപാർട്ടി സർക്കാർ ആ കമ്പനി തന്നെ ലിക്വിഡേറ്റ് ചെയ്തു. ആ എപ്പിസോഡിന് തൊട്ടുപിന്നാലേയാണ് ഇന്ദിര വീണ്ടും പ്രധാനമ്ന്ത്രിയാകുന്നതും ജപ്പാൻകാരന്റെ വരവും, കൈകൊടുക്കലും, മൂലധനമിറക്കലും ഒക്കെ നടക്കുന്നത്. ആളുകൾ ചിരിച്ചു, ആ ജപ്പാൻകാരൻ പാവത്തിന്റെ ദിനങ്ങൾ ആളുകൾ എണ്ണിത്തുടങ്ങി..
ആരായിരുന്നു ആ ജപ്പാൻകാരൻ?
ജപ്പാനിൽ നിലനിൽപ്പിനായി കഷ്ടപ്പെടുന്ന ഒരു മോട്ടോർ കമ്പനി ഉണ്ടായിരുന്നു, സുസുക്കി! സുസുക്കിയുടെ ഡയറക്ടറായിരുന്ന ഒരു ഒസാമു സുസുക്കി (Osamu Suzuki) ആയിരുന്നു, ഡൽഹിയിലെത്തി ഇന്ത്യഗവൺമെന്റിന് ചെറു കാർ ഉണ്ടാക്കാൻ കൈകൊടുത്ത ആ മനുഷ്യൻ. നമ്മളാരും വിചാരിച്ച ആളല്ലായിരുന്നു, ഒസാമു. കമ്പനിയുടെ നിലനിൽപ്പ് തന്നെ കഴിഞ്ഞെന്ന് സുസുക്കി ഫാമിലി തന്നെ തീരുമാനിച്ച സമയത്ത്, ലോകമാകമാനം അവസരം തേടിയ ഒരു അസാധാരണ സംരംഭകനായിരുന്നു ഒസാമു! വാസ്തവത്തിൽ അവിചാരിതമായി സുസുക്കി- ഫാമിലിയിൽ എത്തിയതാണ് ഒസാമു. സുസുക്കിയുടെ ഫൗണ്ടറായ മിചിയോ സുസുക്കിയുടെ കൊച്ചുമകളെ കല്യാണം കഴിച്ചാണ് ഒസാമു മസൂദ, സുസുക്കി കുടുംബത്തിലെത്തുന്നത്. സുസുക്കി ഫാമിലിയിൽ ആ സമയം കമ്പനിയുടെ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ട്പോകാനൊരു ആൺതരിയില്ലാത്ത സമയം. അപ്പോഴാണ് ഒസാമു, മുഴുവൻ പേര് ഒസാമു മസൂദ നവവരനായി എത്തുന്നത്. ഒസാമുവിനെ സുസുക്കി കുടുബം ദത്തെടുത്തു. അങ്ങനെ ഒസാമു മസൂദ, ഒസാമു സുസുക്കിയായി. സുസുക്കിയുടെ ചരിത്രം അവിടെ തുടങ്ങുകയായിരുന്നു. മുന്നോട്ട് പോകാൻ വഴി കാണാതെ ജപ്പാനിലെ പ്രാദേശിക മോട്ടോർ കമ്പനിയായി ചുരുങ്ങി പ്രവർത്തനം തന്നെ നിർത്താൻ ആലോചിക്കുന്ന സമയത്താണ് ആ കമ്പനിക്ക് മുന്നോട്ടുള്ള വഴിയും മേൽവിലാസവും, മേനിയും, മേച്ചിൽപ്പുറവും ഉണ്ടാക്കിക്കൊടുത്തുകൊണ്ട്, ദത്തുപുത്രനായി ഒസാമു, സുസുക്കിയിലേക്ക് കയറിച്ചെല്ലുന്നത്! അവിടുന്നങ്ങോട്ട് ഒസാമു നയിച്ച 30 വർഷങ്ങൾ…

നിലനിൽപ്പിനായി കഷ്ടപ്പെട്ട സുസുക്കി, ഇക്കാലം കൊണ്ട് ചെറു-കാറുകളുടെ നിർമ്മാണത്തിലും വിൽപ്പനയിലും ലോകത്തെ ഒന്നാമത്തെ കാർ ബ്രാൻഡായി. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഇടത്തരക്കാരന്റെ ഇഷ്ടവാഹനമായി. ഉച്ചമയക്കത്തിലെ ദിവാ സ്വപ്നമായി. ഒരു കൊച്ചുവണ്ടിക്ക് ജന്മം കൊടുത്ത സുസുക്കി! മാരുതി 800-ന്റെ കഥ അവിടെ തുടങ്ങുകയായി. വെറും 47,000 രൂപയ്ക്ക് കാറ് യാഥാർത്ഥ്യമാക്കിയ, ഇന്ത്യയിലെ സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് ഒരു ബോക്സ് വലുപ്പത്തിൽ നാല് ടയറും, എഞ്ചിനും നൽകിയ 800 സിസി മാരുതി സുസുക്കി.

വ്യാവസായിക വിപ്ലവം സ്വപ്നം കണ്ട് പിച്ചവെച്ച ഇന്ത്യയെ നാല് കാലിൽ ഓടാൻ സഹായിച്ച മാരുതി സുസുക്കി. ഇന്ത്യയിലെ കാറിന്റെ എണ്ണം കേവലം 40,000 യൂണിറ്റായിരുന്ന 1980-കളിൽ, ഇവിടെ ഒരു അസാധ്യ കാർ മാർക്കറ്റ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഒരു മനുഷ്യനായിരുന്നു ഒസാമു. 40 ലക്ഷം കാറുകൾ ഓരോ വർഷവും വിൽക്കുന്ന ഇന്നത്തെ ഇന്ത്യയെ അന്ന് കാണാൻ അയാൾക്കായതാണ് ആ മനുഷ്യനിലെ സംരംഭകത്വം. DNA -യിൽതന്നെ സംരംഭകത്വം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഇന്ത്യയിൽ വന്ന് വെന്നിക്കൊടി പാറിക്കാൻ ഒസാമു-വിനായത്. ശ്വാസത്തിൽ പോലും സംരംഭകനായിരുന്നു ഒസാമു. നിശ്ചയദാർഢ്യവും ധൈര്യവും, ഒപ്പം, അത്യാവശ്യത്തിന് മാത്രം പണം ചിലവാക്കനുള്ള കണിശതയും. ആ ക്ലാസിക് കൾട്ടാണ് ഒസാമുവിനെ ലോകത്തെ എണ്ണം പറഞ്ഞ സംരംഭകനാക്കുന്നത്. 1980-മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നവരൊക്കെ ഒസാമു സുസുക്കിയുടെ അത്മസുഹൃത്തുക്കളായിരുന്നു. ഇന്ദിരാഗാന്ധി മുതൽ നരേന്ദ്രമോദിയെ വരെ ഒസാമു സ്നേഹനൂലിൽ കോർത്ത് വെച്ചു.

1985 മുതൽ 39 വർഷം! 39 വർഷം തുടർച്ചയായി എതിരാളികളില്ലാതെ ഇന്ത്യൻ കാർമാർക്കറ്റിലെ ചക്രവർത്തിയായ മാരുതി! ആ തലപ്പൊക്കത്തിൽ മാരുതിയെ നിർത്തിയിരുന്നതിൽ, മാരുതി 800-ന് വലിയ റോളുണ്ടായിരുന്നു. പിന്നീട് 2005 മുതൽ ഓൾട്ടോ, സ്വിഫ്റ്റ്, ഡിസൈയർ, വാഗൺ ആർ അങ്ങനെ 800-ന് അനിയൻമാരായി വന്നവരെല്ലാം നാടുവാണു തന്നെയാണ് നിന്നത്. എന്തായിരുന്നു മാരുതിയെ കുടുംബാംഗത്തെ പോലെ സ്നേഹിക്കാനും ലാളിക്കാനും ഇന്ത്യക്കാരനെ പ്രേരിപ്പിച്ചത്? കോസ്റ്റ്! വില തന്നെ. പിന്നെ കുറഞ്ഞ മെയിന്റനൻസ് തുക, സ്പെയർപാർസിന്റെ അവൈലബിലിറ്റി, ഗ്രാമഗ്രാമാന്തരങ്ങളിലും ലഭിക്കുന്ന സർവ്വീസ് സപ്പോർട്ട്, ഒരു സാദാ മെക്കാനിക്കിനു പോലും മനസ്സിലാകുന്ന ഓട്ടോ ടെക്നോളജി. എല്ലാവർക്കും ഒരു കാറ് വേണമെന്നേ നമ്മള് പറഞ്ഞുള്ളൂ, ഒരു പൂവാണ് ചോദിച്ചത്, ആ ജപ്പാൻകാൻ തന്നത് ഒരു പൂക്കാലമാണ്. ഒരു കാറ് വേണമെന്ന ഇടത്തരക്കാരന്റെ മോഹം ഒസാമുവിന് മനസ്സിലായത് എന്തുകൊണ്ടാണെന്ന് അറിയുമോ? ഒരു കർഷകന്റെ മകനായി ജനിച്ച ആളാണ്. ഇല്ലായ്മയിലും പരിമിതിയിലുമാണ് വളർന്നത്. യൂണിവേഴ്സിറ്റിയിൽ പഠിച്ചത് തന്നെ രാത്രി കാവൽക്കാരന്റെ ജോലി ചെയ്ത് കണ്ടെത്തിയ പൈസ കൊണ്ടാണ്. പല തൊഴിൽ ചെയ്ത് ഒടുവിലാണ് സുസുക്കിയിലെത്തുന്നതും, അവിടെ നിന്ന് ജീവിതം വേറൊരു ദിശയിൽ ടോപ് ഗിയറിൽ കയറി പോയത് ഇന്ത്യക്കാരുടെ ഭാഗ്യം കൊണ്ടാകാം. ജനിച്ചതും വളർന്നതുമായ സാഹചര്യങ്ങളിൾ പണം എന്താണെന്ന് തിരിച്ചറിഞ്ഞത്, ജീവിതകാലം മുഴുവൻ ഒസാമുവിന് മാർഗ്ഗദർശകമായിരുന്നു. അത്യാവശ്യം വേണ്ടിടത്തേ ചിലവഴിക്കൂ. അത് പണമായാലും പഞ്ചസാരയായാലും. കാർ ഫാക്ടറിയുടെ മേൽത്തട്ട് ഒരുപാട് പൊക്കിപണിയാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം അത്രയും കൂടുതൽ എ.സി പ്രവർത്തിപ്പിക്കേണ്ടേ? ചെറു കാർ നിർമ്മാണത്തിൽ ലോകത്തെ നമ്പർ വൺ ആയി സുസുക്കി മാറിയപ്പോഴും അതിന്റെ ചെയർമാൻ & എംഡിയായ ഒസാമു-വിനെ വിമാനത്തിന്റെ എക്കണോമി ക്ലാസിൽ കാണാം. അതായിരുന്നു ഒസാമു എന്ന സംരംഭകൻ!

ആലോചിച്ചാൽ പ്രതിസന്ധി മാത്രമാണ് മുമ്പിലെങ്കിലും ഒസാമു ഇന്ത്യയുടെ ഭാവി മറ്റാരേക്കാളും ക്ലാരിറ്റിയോടെ കണ്ടു. അതുകൊണ്ടാണ് മിന്നൽവേഗത്തിൽ അന്ന് അദ്ദേഹം കാര്യങ്ങൾ നീക്കിയത്. റിനോൾട്ട്, ഫിയറ്റ്, ഫോക്സ്വാഗൺ തുടങ്ങിയ ഹെവിവെയ്റ്റ് കാർ നിർമ്മാതാക്കൾക്കൊക്കെ മാരുതി-യിൽ കണ്ണുണ്ടായിരുന്നു, പക്ഷെ ഒസാമുവിന്റേ വേഗത ഉണ്ടായിരുന്നില്ല. 1982-ൽ ധാരണാപത്രം ഒപ്പുവെച്ചു, 1983-ൽ ആദ്യ മാരുതി 800 പുറത്തിറങ്ങി. ഇന്ദിരാഗാന്ധിക്ക് തന്നെ അതിശയമായി. ആദ്യ മാരുതി 800-ന്റെ താക്കോൽ പ്രധാനമന്ത്രി തന്നെ കൈമാറി, ഇന്ത്യൻ എയർലൈൻസ് ജീവനക്കാരനായ ഹർപാൽ സിംഗായിരുന്നു, ആദ്യ മാരുതി 800-ന്റെ പ്രൗഡ് ഓണർ.

ഒസാമു, സുസുക്കിയിൽ നടപ്പാക്കിയ ശീലങ്ങളും മാരുതിയിലും വന്നു. ഓപ്പൺ ഓഫീസായിരുന്നു ഡൽഹിയിൽ. സീനിയേഴ്സിന് ക്യാബിനൊന്നും പ്രത്യേകിച്ച് ഇല്ല. തൊഴിലാളികൾ മുതൽ സീനിയർ എക്സിക്യൂട്ടീവ്സിന് വരെ യൂണിഫോം നിർബന്ധം. എംഡി-ക്കും ശിപായിക്കും ഒരേ കാന്റീൻ. അങ്ങനെ ആ അച്ചടക്കത്തിൽ വളർന്നത് കൊണ്ടാണ്, ഇന്നും രാജ്യത്തെ ഫോർവീലർ മാർക്കറ്റിന്റെ സിംഹഭാഗവും മാരുതി കൈയടക്കിയിരിക്കുന്നു. 20 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് 2024-ൽ നിർമ്മിച്ചത്. ഹരിയാനയിലേയും ഗുജറാത്തിലേയും പ്ലാന്റുകൾ ലോകത്തെ ഏറ്റവും മികച്ച കാർ നിർമ്മാണ കേന്ദ്രങ്ങളാണ്. 2030-ൽ 40 ലക്ഷം വാഹനങ്ങളാണ് കടുത്ത മത്സരത്തിനിടയിലും മാരുതി ലക്ഷ്യം വയ്ക്കുന്നത്. 800-ന്റെ വിടവാങ്ങലിന് ശേഷം മാരുതിയെ പ്രിയങ്കരമാക്കുന്ന ബലെനോ, വാഗൺ ആർ, എർട്ടിഗ, ബ്രസ എന്നിവ ഓരോ ഇന്ത്യക്കാരന്റേയും പോക്കറ്റിലൊതുങ്ങുന്ന ലക്ഷ്വറിയായി ഇന്നും വിരാജിക്കുന്നു.

1984-ൽ മാരുതി ഓമിനി പുറത്തിറക്കി. സുസുക്കിയുടെ തന്നെ കാരി പരിഷ്ക്കരിച്ചാണ് ഇന്ത്യയിലെ ഓമ്നി ആയി ഇറക്കിയത്. കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് ഓമ്നി, ഒരു മിനി എസ്.യു.വി ആയി. കച്ചവടക്കാർക്ക് ഇവൻ സാധനങ്ങൾ കൊണ്ടുപോകാനുള്ള മിനി ട്രക്കായി. സിനിമയിൽ കൊള്ളക്കാർക്ക്, ഇവൻ ആളുകളെ എളുപ്പത്തിൽ തട്ടിക്കൊണ്ടുപോകാനുള്ള വാഹനമായി. ആശുപത്രികൾക്ക് ഇവൻ ആംബുലൻസായി. സ്കൂളുകൾക്ക് കൈയ്യിലൊതുങ്ങുന്ന സ്കൂൾബസ്സായി.. അങ്ങനെ ഓംമ്നി ഇന്ത്യയുടെ സ്വന്തം ഫാമിലി വാൻ ആയി.

ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ തന്റെ 94-ാം വയസ്സിൽ ഒസാമു സുസുക്കി ജീവിതമെന്ന സംരംഭത്തിൽ നിന്ന് വിടവാങ്ങി. മരണത്തിന്റെ മുപ്പതാം ദിനം ഇന്ത്യയുടെ സിവിലിയൻ അവാർഡ് പ്രഖ്യാപിക്കുമ്പോൾ നമ്മുടെ രാജ്യത്തിന് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല, ജനകീയ കാറെന്ന ഇന്ത്യയുടെ സ്വപ്നത്തെ സ്വന്തം ജീവിതവും കരിയറും അതുവരെ ആർജ്ജിച്ച സമ്പാദ്യവും മൂലധനമായി ഇറക്കി ഈ രാജ്യത്തിന്റെ വളർത്തുപുത്രനായി മാറിയ ഒസാമു സുസുക്കി-ക്ക് പദ്മവിഭൂഷൺ സമ്മാനിക്കാൻ.
The Maruti 800 is more than just a car; it’s an emotion for millions of Indians. From first drives to life-changing journeys, this legendary four-wheeler defined an era.