കൊടുംചൂടിൽ നടന്നുപോകുമ്പോൾ നടക്കുന്നയിടം എസി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ആഗ്രഹം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അബുദാബി ഭരണകൂടം. ഏത് കൊടും ചൂടിലും വിയർക്കാതെ സുഖപ്രദമായി നടക്കാവുന്ന പൂർണമായും എയർ കണ്ടീഷൻ ചെയ്ത അബുദാബിയിലെ ആദ്യത്തെ ഔട്ട്ഡോർ വാക്ക് വേ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. എമിറേറ്റിലെ ചൂടുള്ള കാലാവസ്ഥയിൽ നഗരജീവിതം സുഖപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീന സംരംഭമായ ഔട്ട്ഡോർ വാക്ക് വേ രൂപകൽപന ചെയ്തിരിക്കുന്നത്.
അബുദാബി അൽ നഹ്യാനിലെ അൽ മമൂറ കെട്ടിടത്തിനടുത്താണ് പുതിയ എയർ കണ്ടീഷൻ വാക്ക് വേ തുറന്നത്. വാക്ക് വേയിൽ ക്രമീകരിച്ചിരിക്കുന്ന അത്യാധുനിക ശീതീകരണ സംവിധാനത്തിലൂടെയാണ് വാക്ക് വേയ്ക്ക് അകത്തെ ചൂട് നിയന്ത്രിക്കാനാകുക. പുറത്ത് എത്ര ചൂടാണെങ്കിലും ശീതീകരണ സംവിധാനത്തിലൂടെ വാക്ക് വേയിലെ താപനില 24 ഡിഗ്രി സെൽഷ്യസായി നിലനിർത്തും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. അബുദാബി മുനിസിപ്പാലിറ്റിയുടേയും ഗതാഗത വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പൂർണമായും ശീതീകരിച്ച വാക്ക് വേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കാലാവസ്ഥാ നിയന്ത്രണത്തിന് പുറമേ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, കഫേകൾ,ഇരിപ്പിടങ്ങൾ എന്നിവയും നടപ്പാതയിൽ ക്രമീകരിച്ചിട്ടുണ്ട്. സൂര്യപ്രകാശം അകത്ത് കടക്കാൻ അനുവദിക്കുന്നതോടൊപ്പം തണുത്ത വായു അകത്ത് നിലനിർത്തുന്ന നൂതന രൂപകൽപനയാണ് വാക്ക് വേയ്ക്ക് നൽകിയിരിക്കുന്നത്.
Abu Dhabi unveils its first fully air-conditioned outdoor walkway, offering a comfortable 24°C environment year-round. Learn about its location, design, and future vision.