ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നനായ കോമഡി താരം ബോളിവുഡിൽ നിന്നല്ല, മറിച്ച് ടോളിവുഡിൽ നിന്നാണ്. തെലുഗ് കോമഡി താരമായ ബ്രഹ്മാനന്ദമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ഹാസ്യതാരം. 550 കോടി രൂപയ്ക്ക് മുകളിലാണ് താരത്തിന്റെ ആസ്തിയെന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു.
നാൽപ്പത് വർഷത്തോളമായി ബ്രഹ്മാനന്ദം സിനിമാ രംഗത്തുണ്ട്. 1956 ഫെബ്രുവരി ഒന്നിന് ആന്ധ്രാപ്രദേശിലെ സത്തേനപ്പള്ളി ചഗന്തി വാരി പാലം ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ബ്രഹ്മാനന്ദം ജനിച്ചത്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അദ്ദേഹം പശ്ചിമ ഗോദാവരി ജില്ലയിലെ ആറ്റിലിയിൽ തെലുങ്ക് അധ്യാപകനായി ജോലി ചെയ്തു. അധ്യാപനത്തോടൊപ്പം നാടകരംഗത്തും മിമിക്രി കലാകാരനായും ബ്രഹ്മാനന്ദം പ്രവർത്തിച്ചു. അവിടെനിന്നാണ് അദ്ദേഹം മിനിസ്ക്രീനിലേക്ക് എത്തുന്നത്. 1986ലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്.
ചിരഞ്ജീവി, രജനീകാന്ത്, കമൽ ഹാസൻ, അല്ലു അർജുൻ എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും ബ്രഹ്മാനന്ദം അഭിനയിച്ചിട്ടുണ്ട്. 1100ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ഏറ്റവും കൂടുതൽ സിനിമാ ക്രെഡിറ്റുകൾ ഉള്ള സജീവ നടൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി. നെറ്റ് വേർത്ത് ഗ്യാൻ കണക്കു പ്രകാരം 550 കോടി രൂപയാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തി. 450 കോടി ആസ്തിയുള്ള രജനീകാന്തിനെ പോലും സമ്പാദ്യത്തിൽ അദ്ദേഹം പിന്നിലാക്കുന്നു.
Brahmanandam, South India’s legendary comedian, has amassed a net worth of Rs 550 crore, surpassing even Rajinikanth. From humble beginnings to Guinness World Record holder, his journey is a true inspiration.