ഇലക്ട്രിക് വാഹന രംഗത്ത് വമ്പൻ നിക്ഷേപങ്ങളുമായി ചെന്നൈ ആസ്ഥാനമായുള്ള വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്ലാൻഡ്. ലെയ്ലാൻഡിന്റെ ഇലക്ട്രിക് മൊബിലിറ്റി അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയുടെ ഹോൾഡിംഗ് കമ്പനിയായ ഒപ്റ്റെയർ പിഎൽസിയിൽ (Optare PLC) 500 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 2025 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ നിക്ഷേപം നടത്താനാണ് പദ്ധതി. ഹിന്ദുജ ഫിനാൻസിന്റെ മൂലധന പര്യാപ്തതാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനി 200 കോടി രൂപ ഹിന്ദുജ ഫിനാൻസിൽ നിക്ഷേപിക്കുമെന്നും അശോക് ലെയ്ലാൻഡ് പ്രതിനിധി വെളിപ്പെടുത്തി.
അധിക ഫണ്ടിംഗിലൂടെ സ്വിച്ച് മൊബിലിറ്റിയുടെ നിലവിലുള്ള മൂലധന ചെലവുകൾക്കും വിപുലീകരണ പദ്ധതികൾക്കും പിന്തുണ നൽകുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം സ്വിച്ച് മൊബിലിറ്റിയിലേക്ക് അശോക് ലെയ്ലാൻഡ് 1,200 കോടി രൂപയുടെ ഇക്വിറ്റി ഇൻഫ്യൂഷൻ അനുവദിച്ചിരുന്നു. അശോക് ലെയ്ലാൻഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി 2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 1,800ലധികം ഇലക്ട്രിക് ബസുകളുടെ ഓർഡറുകളാണ് നേടിയത്. മൗറീഷ്യസിൽ നിന്നുള്ള 100 ബസുകളുടെ കയറ്റുമതി ഓർഡർ ഉൾപ്പെടെയുള്ള കണക്കാണിത്. കമ്പനിയുടെ ഇലക്ട്രിക് ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളും വലിയ വളർച്ചയാണ് കാണിക്കുന്നത്.
Ashok Leyland announces Rs 500 crore investment in Switch Mobility and Rs 200 crore in Hinduja Finance to boost electric mobility and financial stability.