പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പാരീസിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം എന്ന വിഷയത്തിൽ ഇരുവരും ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും കുറിപ്പും സുന്ദർ പിച്ചൈ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തെ വളർച്ചയിൽ എഐ പ്രധാന പങ്കുവഹിക്കുന്നതായും നിർമിത ബുദ്ധിക്ക് ഇന്ത്യയിലേക്ക് അതിശയകരമായ അവസരങ്ങളും മാറ്റങ്ങളും കൊണ്ടുവരാൻ കഴിയുമെന്നും ഇരുവരും ചർച്ചയിൽ വിലയിരുത്തി.

സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ച മോഡിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രത്തിനൊപ്പം സുന്ദർ പിച്ചൈ ഇങ്ങനെ കുറിച്ചു-‘പാരീസിൽ നടക്കുന്ന എഐ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്താൻ കഴിഞ്ഞത് ഏറെ ആഹ്‌ളാദകരമായ അനുഭവമായി. നിർമിത ബുദ്ധിക്ക് ഇന്ത്യയിലേക്കു കൊണ്ടു വരാൻ കഴിയുന്ന അവിശ്വസനീയമായ അവസരങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ഗൂഗിളുമായി എങ്ങനെ സഹകരിച്ച് പ്രവർത്തിക്കാമെന്നും ഞങ്ങൾ പരസ്പരം സംസാരിച്ചു’.
രാഷ്ട്രത്തലവന്മാരും ആഗോള ടെക് സിഇഒമാരും പങ്കെടുത്ത എഐ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ചടങ്ങിൽ അധ്യക്ഷ സ്ഥാനം പങ്കിട്ടിരുന്നു.
PM Narendra Modi met Google CEO Sundar Pichai in Paris during the AI Action Summit, discussing AI’s role in India’s digital future and collaboration opportunities.