ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഗെയിം ഷോകളിൽ ഒന്നാണ് കോൻ ബനേഗാ ക്രോർപതി (KBC). ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ അവതാരകനായ ഷോയുടെ 16ാം പതിപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോടികൾ സമ്മാനമായി നേടി കെബിസിയിലെ പല വിജയികളും പ്രേക്ഷകശ്രദ്ധ നേടി. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമാണ് സുശീൽ കുമാർ എന്ന ബിഹാറുകാരന്റെ കഥ.
![](https://channeliam.com/wp-content/uploads/2025/02/image-3-1-1-1024x768.webp)
ഒരു റോളർ കോസ്റ്റ് യാത്ര പോലെയാണ് 2011ലെ കെബിസി മത്സരാർത്ഥിയായിരുന്ന സുശീലിന്റെ ജീവിതം. കംപ്യൂട്ടർ ഓപ്പറേറ്റർ ആയിരുന്ന അദ്ദേഹം 26ാം വയസ്സിൽ 5 കോടി രൂപയാണ് കെബിസിയിൽ നിന്നും നേടിയത്. കെബിസിയിലെ വമ്പൻ വിജയത്തിന് ശേഷം സുശീൽ ജോലി രാജിവെച്ചു. സമ്മാനത്തുകയിൽ നിന്നും നികുതി കിഴിച്ച് മൂന്നര കോടി രൂപയാണ് സുശീലിനു ലഭിച്ചത്. പണമുപയോഗിച്ച് സുശീൽ വീട് വെച്ചു. ബാക്കി തുക ബാങ്കിലിട്ടു. എന്നാൽ പിന്നീടുള്ള സുശീലിന്റെ ജീവിതം അപ്രതീക്ഷിതത്വങ്ങൾ നിറഞ്ഞതായി.
![](https://channeliam.com/wp-content/uploads/2025/02/kbc-winner_5f5f52afc6432-1024x768.webp)
സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലാതിരുന്ന സുശീൽ നിരവധി സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങൾ നടത്തി. കെബിസിയിലൂടെ കോടീശ്വരനായ വാർത്തയറിഞ്ഞ് നിരവധി പേർ സുശീലിനടുത്ത് സാമ്പത്തിക സഹായം തേടി എത്തി. ആവശ്യക്കാരെ സഹായിക്കുന്നതിൽ ആദ്യം സന്തോഷം കണ്ടെത്തിയ സുശീലിന് പിന്നീട് അതൊരു ലഹരിയായി മാറി. എന്നാൽ സഹായം അഭ്യർഥിച്ച് എത്തിയവരിൽ പലരും സുശീലിനെ പറ്റിക്കുകയായിരുന്നു. ഇത് വളരെ വൈകിയാണ് അദ്ദേഹം മനസിലാക്കിയത്.
![](https://channeliam.com/wp-content/uploads/2025/02/20240812080433_FotoJet-2024-08-1-1024x576.jpg)
സുശീലിന്റെ അമിത ദാനശീലം കാരണം കുടുംബത്തിൽ വഴക്ക് പതിവായി. അതോടെ സുശീൽ കടുത്ത മദ്യപാനത്തിലേക്കും ലഹരിയിലിലേക്കും വഴുതി വീണു. പതിയെ സുശീലിന്റെ ബാങ്ക് നിക്ഷേപമെല്ലാം കാലിയായി. പിന്നീട് ജീവിക്കാനായി പാൽ വിൽപന നടത്തി സുശീൽ. എന്നാൽ പതിയെ മാനസികാഘാതങ്ങളിൽ നിന്ന് കരകയറിയ സുശീൽ ബിഹാർ പബ്ലിക് സർവീസ് അധ്യാപക പരീക്ഷയിൽ ഉന്നത വിജയം നേടി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. സൈക്കോളജിയിൽ എംഎയും ബിഎഡുമുള്ള സുശീൽ അംബേദ്കർ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്.
Sushil Kumar, the first KBC contestant to win Rs 5 crore, faced financial struggles and addiction but turned his life around as a government teacher and environmental activist.