രാജ്യത്തെ പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ ജിയോ സിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാർ (JioHotstar) പ്രവർത്തനമാരംഭിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റേയും വാൾട്ട് ഡിസ്നി കമ്പനിയുടേയും സംയുക്ത സംരംഭമായാണ് ജിയോ ഹോട്ട്സ്റ്റാർ എത്തിയിരിക്കുന്നത്. പുതിയ പ്ലാറ്റ്ഫോമിലൂടെ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേയും കണ്ടൻറുകൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കും. ജിയോ സിനിമയിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുമായി ഏകദേശം 50 കോടി ഉപയോക്താക്കളാണ് ഉള്ളത്.

മൂന്ന് ലക്ഷം മണിക്കൂർ ഉള്ളടക്കമാണ് ജിയോ ഹോട്ട്സ്റ്റാറിൽ ഉണ്ടാകുക. സബ്സ്ക്രിപ്ഷൻ ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഉള്ളടക്കം സൗജന്യമായി കാണാൻ ജിയോ ഹോട്ട്സ്റ്റാർ അവസരമൊരുക്കുന്നുണ്ട്. സിനിമകൾക്കും ഷോകൾക്കും തത്സമയ കായിക മത്സരങ്ങൾക്കും പുറമേ രാജ്യാന്തര സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഉള്ളടക്കങ്ങളും ഇത്തരത്തിൽ ഉപയോക്താക്കൾക്ക് കാണാനാകും. പണമടച്ച് സബ്സ്ക്രിപ്ഷ്ൻ എടുക്കുന്നവർക്ക് പരസ്യങ്ങൾ ഇല്ലാതെ ഉള്ളടക്കങ്ങൾ ആസ്വദിക്കാം. സബ്സ്ക്രൈബേർസിന് ഉയർന്ന റെസലൂഷനിൽ ഷോകൾ സ്ട്രീം ചെയ്യാനുമാകും. 149, 249, 349 രൂപ എന്നിങ്ങനെ നിരവധി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഉപയോക്താക്കൾക്കായി ലഭ്യമാകുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.
JioCinema and Disney+ Hotstar have merged to form JioHotstar! Discover what this means for Indian viewers, from global content to live sports and new subscription plans.