കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി പേ പാർക്ക് സംവിധാനം ഒരുക്കാൻ പദ്ധതിയിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). ഇതിനായി 140 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ഏഴ് സ്റ്റേഷനുകൾക്ക് സമീപത്ത് പേ പാർക്കിങ്ങിനായി സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട മെട്രോ പിങ്ക് ലൈൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. രണ്ടാം ഘട്ട വിപുലീകരണത്തിന്റെ ദൈർഘ്യം 11.20 കിലോമീറ്ററാണ്.

പേ-ആൻഡ്-പാർക്ക് പദ്ധതിക്ക് ഏകദേശം 140 കോടി രൂപ ആവശ്യമാണെന്ന് മെട്രോ ഏജൻസി മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഭൂമി ഏറ്റെടുക്കലിനായാണ് പ്രധാനമായും പണം ആവശ്യം വരിക. മെട്രോ പേ പാർക്ക് സംബന്ധിച്ച നിർദേശം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായ പരിഗണന ഉറപ്പാക്കിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. ചിലവ് കുറയ്ക്കുന്നതിനും സ്ഥലപരിമിതി പരിഹരിക്കുന്നതിനുമായി രണ്ടാം ഘട്ട മെട്രോ പദ്ധതിയിലെ ഒൻപത് സ്റ്റേഷനുകൾ ഒന്നാം ഘട്ടമായ ആലുവ-തൃപ്പൂണിത്തുറ പദ്ധതിയിൽ ഉള്ളതിനേക്കാൾ ചെറുതായാണ് രൂപകൽപന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Kochi Metro plans a ₹140 crore pay-and-park system near seven stations as part of its Phase 2 Pink Line expansion to Kakkanad Infopark.