ഇന്ത്യയിൽ സൂപ്പർസോണിക് റാംജെറ്റ് എഞ്ചിൻ വികസിപ്പിച്ച ആദ്യ സ്വകാര്യ കമ്പനിയായി മാറിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ, എയ്റോസ്പേസ് സ്റ്റാർട്ടപ്പായ ഹൈപ്രിക്സ് (Hyprix). 25 വർഷങ്ങൾക്കു മുൻപ് അഹമ്മദാബാദിലെ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളായ ദേവമല്യ ബിശ്വാസും ദിവ്യാൻഷു മണ്ഡോവാരയും അതിവേഗ വ്യോമയാനത്തിലും സാങ്കേതികവിദ്യയിലുമുള്ള അവരുടെ സ്വപ്നങ്ങൾ പങ്കിട്ട് ഒന്നിച്ചു. അതിവേഗ വിമാന എഞ്ചിനുകളും നൂതന പ്രതിരോധ സാങ്കേതികവിദ്യയും നിർമിക്കണമെന്നായിരുന്നു അവർ കണ്ട സ്വപ്നം. എന്നാൽ ആ സ്വപ്നം ഇന്ന് ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിൽതന്നെ മുൻപന്തിയിൽ ഇരുവരേയും പ്രതിഷ്ഠിച്ചിരിക്കുന്നു.

2024ലാണ് ഹൈപ്രിക്സ് (Hyprix) ആരംഭിച്ചത്. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നെക്സ്റ്റ് ജെൻ പ്രൊപ്പൽഷൻ സിസ്റ്റങ്ങളും ആർട്ടില്ലറി സാങ്കേതികവിദ്യയും നിർമിച്ചുകൊണ്ട് ഇന്ത്യൻ പ്രതിരോധ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഹൈപ്രിക്സ്. അങ്ങനെ ഒരു സ്വപ്നം ഇന്ന് ചരിത്രമായി മാറിയിരിക്കുന്നു. പ്രൊപൽഷൻ ടെക്നോളജിയായ റാംജെറ്റ് എഞ്ചിൻ വികസിപ്പിക്കുകയാണ് ഹൈപ്രിക്സിന്റെ പ്രധാന ലക്ഷ്യം. ഒരു സ്വകാര്യ ഇന്ത്യൻ സ്റ്റാർട്ടപ്പും ഇത്തരമൊരു എഞ്ചിൻ വിജയകരമായി നിർമിച്ചിട്ടില്ലാത്തതിനാൽ സംഗതി വെല്ലുവിളിയായിരുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ സർക്കാർ ധനസഹായവും മറ്റ് ചില ഗ്രാന്റുകളും ഹൈപ്രിക്സിന് പ്രാരംഭ പ്രോത്സാഹനം നൽകി. തുടർന്ന് 2024 ഓഗസ്റ്റിൽ കമ്പനി അവരുടെ ആദ്യ ഉൽപന്നത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. വെറും അഞ്ച് മാസത്തിനുള്ളിൽ, കൃത്യമായി പറഞ്ഞാൽ 2025 ജനുവരിയിൽ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് ഹൈപ്രിക്സ് ലിക്വിഡ് ഫ്യൂവൽഡ് സൂപ്പർസോണിക് റാംജെറ്റ് എഞ്ചിനായ ടെസ് (Tezz) വികസിപ്പിച്ചു വിജയകരമായി പരീക്ഷിച്ചു.

2023ൽ ഡിആർഡിഒയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ദേവമല്യയും, എൻഐടി സൂറത്തിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ ദിവ്യാൻഷുവും ഇന്ത്യയുടെ അതിവേഗ വ്യോമയാന മേഖലയിൽ വലിയൊരു വിടവ് തിരിച്ചറിഞ്ഞു. സൂപ്പർസോണിക് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ആർട്ടില്ലെറി ഷെല്ലുകൾ എന്നിവയ്ക്കുള്ള പ്രൊപ്പൽഷൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നൂതന പ്രതിരോധ സാങ്കേതികവിദ്യകൾക്കായി ഇന്ത്യ വളരെക്കാലമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയായിരുന്നു. ദീർഘനേരം സൂപ്പർസോണിക് വേഗത നിലനിർത്താൻ പ്രൊജക്ടൈലുകളെ പ്രാപ്തമാക്കുന്ന റാംജെറ്റ് എഞ്ചിനുകൾ പ്രധാനമായും വികസിപ്പിച്ചെടുത്തത് സർക്കാർ ഏജൻസികളും വിദേശ പ്രതിരോധ ഭീമന്മാരുമായിരുന്നു. ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനിയും ഈ നൂതന കണ്ടുപിടുത്തം പരീക്ഷിച്ചിട്ടില്ലായിരുന്നു. ദേവ്മല്യയും ദിവ്യാൻഷുവും ഈ വിടവ് ഒരു അവസരമായി കണ്ടു, അത് മാറ്റാൻ ഇറങ്ങിപ്പുറപ്പെട്ടു. അങ്ങനെയാണ് 2024 ജൂണിൽ ഹൈപ്രിക്സ് സ്ഥാപിച്ചത്.
Bengaluru-based startup Hyprix becomes the first private Indian company to develop a supersonic ramjet engine, revolutionizing India’s defense and aerospace sector.