ഇന്ത്യയിലെ ആദ്യ ത്രീ ഡി പ്രിന്റഡ് വില്ല നിർമിച്ച് ചെന്നൈ ആസ്ഥാനമായുള്ള ഡീപ്-ടെക് സ്റ്റാർട്ടപ്പ് ത്വസ്ത (Tvasta) മാനുഫാക്ചറിംഗ് സൊല്യൂഷൻസ്. നാല് മാസങ്ങൾ കൊണ്ടാണ് ത്വസ്ത പൂനെ ഗോദ്റെജ് പ്രോപ്പർട്ടീസിനായി ത്രീ ഡി പ്രിന്റഡ് G+1 വില്ല പൂർത്തിയാക്കിയത്. 2,200 ചതുരശ്ര അടി വിസ്തീർണമുള്ള വില്ല കോൺക്രീറ്റ് ത്രീ ഡി പ്രിന്റർ ഉപയോഗിച്ച് പൂർണമായും ഓൺ-സൈറ്റിലാണ് നിർമിച്ചത്.

2016ൽ ഐഐടി മദ്രാസ് പൂർവ വിദ്യാർത്ഥികൾ സ്ഥാപിച്ച ചെന്നൈ ആസ്ഥാനമായുള്ള ത്വസ്ത വേഗതയേറിയതും സുസ്ഥിരവുമായ നിർമാണ രീതികൾക്കായി ഓട്ടോമേഷനും റോബോട്ടിക്സും ഉപയോഗിക്കുന്നു. സർക്കാർ, അക്കാദമിക്, വ്യവസായ മേഖലകളുമായി സഹകരിച്ച് മെറ്റീരിയലുകൾ, യന്ത്രങ്ങൾ എന്നിവ പരിഷ്കരിക്കുന്നത് തുടരുമെന്ന് ത്വസ്ത പ്രതിനിധി പറഞ്ഞു. നിലവിൽ ഉപഭോക്താക്കൾക്കായി വില്ലകൾ, ഓഫീസ് കെട്ടിടങ്ങൾ, ആഢംബര ഗസ്റ്റ് ഹൗസുകൾ എന്നിവയുൾപ്പെടെ ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.

നിർമാണത്തിൽ-വ്യവസായ മാലിന്യങ്ങൾ പുനരുപയോഗിക്കുന്ന രീതിയാണ് ത്വസ്ത സ്റ്റാർട്ടപ്പിനെ വ്യത്യസ്തമാക്കുന്നത്. മികച്ച ഇൻസുലേഷൻ നൽകുന്ന രൂപകൽപനയാണ് ത്രീ ഡി പ്രിന്റഡ് ഭിത്തികളിൽ ഉള്ളത്. ഇത് കുറഞ്ഞ ഊർജ്ജ ഉപഭോഗത്തിനും കുറഞ്ഞ യൂട്ടിലിറ്റി ബില്ലുകൾക്കും കാരണമാകുമെന്നന്നും കമ്പനി പ്രതിനിധി വ്യക്തമാക്കി.
Tvasta, an IIT Madras deep-tech startup, has built India’s first 3D-printed villa in Pune for Godrej Properties, showcasing sustainable and efficient construction.