ലോകം മുഴുവൻ യാത്ര ചെയ്യുക എന്നത് പലരുടേയും സ്വപ്നം ആയിരിക്കും. എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കടമ്പകൾ ഏറെ കടക്കണം. സ്ത്രീകളുടെ കാര്യത്തിൽ ഈ കടമ്പ കുറച്ചേറെയുമാണ്.

അപ്പോൾ അഞ്ച് കുട്ടികളുടെ അമ്മയായ ഒരാൾ വണ്ടിയോടിച്ച് ലോകം ചുറ്റാൻ സോളോ ട്രിപ്പിന് ഇറങ്ങിയാലോ? ഐതിഹാസികം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാകില്ല. അത്തരമൊരു ഐതിഹാസിക യാത്രയിലാണ് കണ്ണൂർ സ്വദേശിനിയായ വ്ലോഗർ നാജി നൗഷി.

കഴിഞ്ഞ ആറ് മാസത്തിനിടെ ആറ് രാജ്യങ്ങളിലൂടെ ഒറ്റയ്ക്കുള്ള റോഡ് യാത്രയിലാണ് നാജി. മഹീന്ദ്ര ഥാറിലാണ് നാജിയുടെ ലോകയാത്ര.
ഇപ്പോൾ കുവൈറ്റിലുള്ള നാജി ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഇവിടെയെത്തിയത്.

വ്യത്യസ്ത സംസ്കാരങ്ങളേയും പാരമ്പര്യങ്ങളേയും അടുത്തറിയാൻ യാത്രകൾ സഹായിക്കുന്നതായി നാജി പറയുന്നു. യാത്ര സുഗമമാക്കാൻ വാഹനത്തിൽ അടുക്കള, സ്റ്റൗ, ഗ്യാസ് സിലിണ്ടർ തുടങ്ങിയവയും ഭക്ഷ്യവസ്തുക്കളും നാജി ഥാറിൽ സജ്ജീകരിച്ചിട്ടുണ്ട്.

2020 മുതലാണ് നാജി ഒറ്റയ്ക്ക് വാഹനമോടിച്ചുള്ള യാത്രകൾ ആരംഭിക്കുന്നത്. കേരളം മുഴുവൻ കറങ്ങിയായിരുന്നു തുടക്കം. പിന്നീട് ഓൾ ഇന്ത്യ ട്രിപ്പും സോളോ ആയി ചെയ്തു. യുഎഇയിൽ നിന്നാണ് നാജി ലോകയാത്ര ആരംഭിച്ചത്. കുവൈറ്റിൽ നിന്നും ഇറാഖിലേക്ക് പോകാനാണ് നാജിയുടെ പ്ലാൻ. ഇന്ത്യയിലേക്കു മടങ്ങുന്നതിനു മുൻപ് 15 രാജ്യങ്ങളെങ്കിലും സന്ദർശിക്കുകയാണ് നാജിയുടെ ലക്ഷ്യം. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് കാണാൻ ഒറ്റയ്ക്കു കാറോടിച്ചു പോയും മുൻപ് നാജി വാർത്തയിൽ ഇടം പിടിച്ചിരുന്നു.
Kerala’s Naaji Noushi, a mother of five and social media influencer, embarks on a solo road trip across six countries, exploring cultures and traditions in her Mahindra Thar.