ദുബായിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങൾ കടന്ന് അബുദാബിയിൽ നിന്ന് ജലമാർഗം ഓഫീസിലേക്ക് സഞ്ചരിക്കുന്നത് സങ്കൽപ്പിക്കുക. ഇതാണ് യുഎഇ ഭാവിയിൽ ലക്ഷ്യമിടുന്ന ഗതാഗത നവീകരണം. ദുബായിൽ അടുത്തിടെ സമാപിച്ച ലോക ഗവൺമെന്റ് ഉച്ചകോടി താമസക്കാർക്കും വിനോദസഞ്ചാരികൾക്കും വേണ്ടിയുള്ള നഗരഗതാഗതത്തെ പരിവർത്തനം ചെയ്യുന്ന വിപ്ലവകരമായ സംരംഭങ്ങൾ അനാവരണം ചെയ്തു. വിപുലമായ ടണൽ ഇൻഫ്രാസ്ട്രക്ചർ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഗതാഗത സംവിധാനങ്ങൾ മുതൽ പറക്കും ടാക്സികൾക്കും കാർഗോ ഡ്രോണുകൾക്കുമുള്ള എയർ കോറിഡോറുകൾ വരെയുള്ള നൂതന സംവിധാനങ്ങളാണ് ഉച്ചകോടിയിൽ പ്രദർശിപ്പിച്ചത്. യുഎഇയിലെ ഗതാഗതത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന പദ്ധതികൾ ഇവയാണ്:

1. റെയിൽ ബസ്
ഈ വിപ്ലവകരമായ സ്വയമോടുന്ന, സൗരോർജ്ജ ഗതാഗത സംവിധാനം വികസന ഘട്ടത്തിലാണ്. പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ നിന്ന് നിർമിച്ച പൂർണ്ണമായും ത്രീ ഡി പ്രിന്റഡ് വാഹനമാണ് റെയിൽ ബസ്. സുസ്ഥിരതയ്ക്കും കാര്യക്ഷമതയ്ക്കും വേണ്ടി രൂപകൽപന ചെയ്തിരിക്കുന്ന റെയിൽ ബസിൽ രണ്ട് നിര സീറ്റുകളാണ് ഉള്ളത്. ഓരോ കോച്ചിലും 22 സീറ്റുകൾ വീതമുള്ള റെയിൽ ബസ് 40 യാത്രക്കാരെ ഉൾക്കൊള്ളാൻ പ്രാപ്തമാണ്.

2. സീഗ്ലൈഡർ
വിമാനത്തിന്റെ വേഗതയും ബോട്ടിന്റെ താങ്ങാനാവുന്ന ചാർജും പ്രവേശനക്ഷമതയും സംയോജിപ്പിച്ചുള്ള സംവിധാനമാണ് സീഗ്ലൈഡർ.
അതുകൊണ്ടുതന്നെ വേഗതയേറിയതും ചിലവ് കുറഞ്ഞതുമായ യാത്രയ്ക്ക് ഇവ സവിശേഷ പരിഹാരം വാഗ്ദാനം ചെയ്യുന്നു. അബുദാബിയിൽ നിന്ന് ദുബായ് മറീനയിലേക്ക് 12 സീറ്റുള്ള സീഗ്ലൈഡർ ഉണ്ട്. ഈ യാത്രയ്ക്ക് യാത്രക്കാർ വെറും 45 ഡോളർ (165 ദിർഹം) നൽകിയാൽ മതി.

3. ദുബായ് ലൂപ്പ്
ഇലോൺ മസ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ അഭിലാഷ പദ്ധതി ദുബായിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ നൂതന തുരങ്ക അടിസ്ഥാന സൗകര്യ സംവിധാനത്തിലൂടെ ബന്ധിപ്പിക്കും.17 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ദുബായ് ലൂപ്പിന് 11 സ്റ്റേഷനുകൾ ഉണ്ടാകും. മണിക്കൂറിൽ 20,000 യാത്രക്കാരെ വരെ വഹിക്കാൻ ദുബായ് ലൂപ്പിന് ശേഷിയുണ്ടാകും.

4. പറക്കും ടാക്സികൾ, കാർഗോ ഡ്രോണുകൾ
യുഎഇയിൽ ഉടനീളമുള്ള പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളേയും ഐക്കണിക് ലാൻഡ്മാർക്കുകളെയും ബന്ധിപ്പിക്കുന്ന ആകാശ റൂട്ടുകളിലാണ് പറക്കും ടാക്സികളും കാർഗോ ഡ്രോണുകളും എത്തുക.

പൈലറ്റഡ്, ഓട്ടോണമസ് എയർ ടാക്സികളും കാർഗോ ഡ്രോണുകളും തടസ്സമില്ലാത്ത യാത്ര സുഗമമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ നഗര ഭൂപ്രകൃതിയെ പുനർനിർവചിക്കുകയും ചെയ്യും.
The UAE is revolutionizing urban mobility with autonomous rail buses, high-speed seagliders, flying taxis, and the Dubai Loop, promising sustainable and efficient travel.