സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം കിട്ടാറുണ്ട്, എന്നാൽ പത്തനംതിട്ട അടൂരിലെ ഒരു കോഴിക്ക് കിട്ടിയ ‘സ്ഥലംമാറ്റം’ ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പന്തളം പള്ളിക്കൽ സ്വദേശി അനിൽ കുമാറിന്റെ പൂവൻകോഴിയാണ് പ്രതി. കുറ്റം പുലർച്ചെ മൂന്ന് മണിക്ക് അയൽവാസിയെ ശല്യം ചെയ്യുന്ന തരത്തിൽ സ്ഥിരമായി കൂവിയതാണ്! കോഴി കൂവലും പരാതിയും കേസും കോടതി ഉത്തരവും എല്ലാമായി സംഭവം മൊത്തം കോഴി കർഷകർക്ക് വലിയ മുന്നറിയിപ്പ് കൂടിയാകുന്നു.

അനിൽകുമാറിന്റെ അയൽവാസിയായ രാധാകൃഷ്ണ കുറുപ്പ് ആണ് പുലർച്ചെ മൂന്നിന് പൂവൻ കോഴി കൂവുന്നത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും സ്വൈര്യജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും കാണിച്ച് പരാതി നൽകിയത്. അനിൽകുമാറിന്റെ വീടിന്റെ ടെറസിലാണ് കോഴിയെ വളർത്തുന്നത്. തുടർന്ന് അടൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വീടിന്റെ മുകൾനിലയിൽ വളർത്തുന്ന കോഴികളെ അവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ ഉത്തരവിടുകയായിരുന്നു.

പരാതിക്കാരന്റേയും കോഴി ഉടമ അനിൽ കുമാറിന്റേയും മൊഴികളുടെ അടിസ്ഥാനത്തിൽ കോഴി കൂവുന്നത് പരാതിക്കാരൻ്റെ സമാധാനപരമായ ഉറക്കത്തെ ബാധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. അനിൽകുമാറിൻ്റെ വീടിന്റെ ടെറസിൽ സ്ഥിതി ചെയ്യുന്ന കോഴി ഷെഡ് കൂടുതൽ പരാതികൾ ഒഴിവാക്കുന്ന രീതിയിൽ മാറ്റി സ്ഥാപിക്കാനാണ് ഉത്തരവ്. കോഴി ഷെഡ് വീടിൻ്റെ തെക്കുഭാഗത്തുള്ള അലക്കുകല്ലിൻ്റെ ഭാഗത്തേക്ക് മാറ്റണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലഭിച്ച് 14 ദിവസത്തിനകം കോഴിക്കൂട് മാറ്റിസ്ഥാപിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
In Adoor, Pathanamthitta, a rooster was moved after a complaint about its loud crowing at 3 AM. The owner, Anil Kumar, kept it on his terrace, but neighbor Radhakrishna Kurup said the noise disturbed his sleep. After the complaint, the court ordered the rooster to be shifted to another spot to avoid further issues.