ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങൾക്കും ഇടയിലെ നിരവധി വ്യാപാര കരാറുകൾ കൊണ്ട് വാർത്തയിൽ ഇടംപിടിച്ചു. അതോടൊപ്പം ഖത്തർ അമീറിന്റെ സ്വത്തുവിവരങ്ങളും ആസ്തിയും ആഢംബര ജീവിത ശൈലിയും വാർത്തകളിൽ നിറയുകയാണ്.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. ഏതൊരു ഗൾഫ് രാജ്യത്തേയും പോലെ പ്രകൃതിവാതക-എണ്ണ ശേഖരമാണ് ഖത്തറിന്റെ സാമ്പത്തികാവസ്ഥയുടെ നട്ടെല്ല്. ഷെയ്ഖ് തമീം ഉൾപ്പെടുന്ന അൽ-താനി കുടുംബം ഏകദേശം രണ്ട് നൂറ്റാണ്ടുകളോളമായി രാജ്യത്തെ നിയന്ത്രിക്കുന്നു. ഊർജ്ജ കയറ്റുമതിയിലൂടെയും തന്ത്രപരമായ നിക്ഷേപങ്ങളിലൂടെയും കുടുംബം വലിയ സമ്പത്ത് നേടി. 2013ൽ തന്റെ പിതാവ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ-താനിയുടെ പിൻഗാമിയായാണ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഖത്തറിന്റെ അമീറായി സ്ഥാനമേറ്റത്. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് 335 ബില്യൺ ഡോളറിലധികമാണ് അൽ-താനി കുടുംബത്തിന്റെ ആസ്തി. ഇതിൽ ഷെയ്ഖ് തമീമിന് മാത്രം ഏതാണ്ട് 2 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങൾ ഔദ്യോഗികമായി രാജകുടുംബം പുറത്തുവിട്ടിട്ടില്ല.

ഒരു ബില്യൺ ഡോളർ വിലമതിക്കുന്ന ദോഹ റോയൽ പാലസിലാണ് രാജകുടുംബം താമസിക്കുന്നത്. 15 കൊട്ടാരങ്ങളുടെ ഈ സമുച്ചയത്തിൽ 500 കാറുകൾക്ക് പാർക്കിംഗ് സൗകര്യമുണ്ട്. ഒമാൻ, ലണ്ടൺ, പാരീസ്, ന്യൂയോർക്ക് എന്നിവിടങ്ങളിലും അമീറിന് നിരവധി ആഢംബര വസതികളുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ ആഢംബര നൗകകളും ഖത്തർ അമീറിന്റെ പക്കലുണ്ട്. ഇതിൽ കതാര എന്ന ആഢംബര നൗകയ്ക്ക് മാത്രം 400 മില്യൺ ഡോളർ വിലയുണ്ട്. ഖത്തർ അമീറി ഫ്ലൈറ്റ് എന്ന എയർലൈൻ അൽ-താനി കുടുംബത്തിന് സ്വന്തമായുണ്ട്. രാജകുടുംബാഗങ്ങൾക്കും ഉയർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും യാത്ര ചെയ്യാനാണ് ഈ എയർലൈൻ. വിവിധ തരത്തിലുള്ള പതിനാല് വിമാനങ്ങളാണ് ഈ എയർലൈനിന് ഉള്ളത്. 100 മില്യൺ ഡോളർ മുതൽ 500 മില്യൺ ഡഡോളർ വരെയാണ് ഓരോ വിമാനങ്ങളുടേയും വില.

ഷെയ്ഖ് തമീം വലിയ വാഹനപ്രേമി കൂടിയാണ്. ബുഗാട്ടി ഡിവോ, വെയ്‌റോൺ, ഷിറോൺ, ലാഫെരാരി അപെർട്ട, ലംബോർഗിനി സെന്റിനാരിയോ, മെഴ്‌സിഡസ് എഎംജി 6×6, റോൾസ് റോയ്‌സ് ഫാന്റം എന്നിങ്ങനെ ആഢംബരത്തിന്റെ അവസാനവാക്കായ നിരവധി വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. കോടിക്കണക്കിന് രൂപയുടെ പെയിന്റിങ് ശേഖരവും ഷെയ്ഖ് തമീമിന്റെ കൈവശമുണ്ട്.

ഷെയ്ഖ് തമീം ലോകത്തിലെ മുൻനിര ഫുട്ബോൾ ക്ലബ്ബുകളുടെകൂടി ഉടമയാണ്. ഫ്രാൻസിലെ പിഎസ്ജി ക്ലബ്ബ് പൂർണമായും ഷെയ്ഖ് തമീമിന്റെ ഉടമസ്ഥതയിലാണ്. ഇതോടൊപ്പം പോർച്ചുഗീസ് ക്ലബ്ബായ എസ് സി ബ്രാഗ, സ്പാനിഷ് ക്ലബ്ബ് മലാഗ സിഎഫ് എന്നിവയിലും അദ്ദേഹത്തിന് ഓഹരിയുണ്ട്.
Qatar Emir Sheikh Tamim Bin Hamad Al-Thani’s Net Worth, Luxury Assets, Global Investments, and Recent India Visit