വ്യവസായങ്ങൾ ആരംഭിക്കുന്നതിന് കേരളത്തിലേക്ക് വരുന്ന നിക്ഷേപകർക്ക് തടസ്സങ്ങൾ നേരിടേണ്ടി വരില്ലെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലുലു ബോൾഗാട്ടി ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (IKGS 2025) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൻറെ നിക്ഷേപ സാഹചര്യം ചരിത്രപരമായ പരിവർത്തനത്തിൽ എത്തിയിരിക്കുമ്പോഴാണ് ഉച്ചകോടി നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിൽ സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കേരളത്തിൻറെ വ്യാവസായിക അന്തരീക്ഷത്തെ മാറ്റിമറിച്ച നിരവധി നിയമനിർമാണ, നയ സംരംഭങ്ങൾ സംസ്ഥാന സർക്കാർ കൊണ്ടുവന്നു. മാനവ വികസനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനം ഇപ്പോൾ നിക്ഷേപ സൗഹൃദ കേന്ദ്രമെന്ന പദവിയിലേക്ക് കുതിക്കുകയാണ്. ഇതിന് സർക്കാരിൻറെ അനുകൂല നയങ്ങൾ ഊർജ്ജമേകുന്നു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയിൽ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ്. കൂടാതെ കേരളത്തിൻറെ സംരംഭക വർഷം പദ്ധതി ദേശീയ തലത്തിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ കണക്റ്റിവിറ്റി, ഗതാഗത സൗകര്യങ്ങൾ, തടസ്സമില്ലാത്ത വൈദ്യുതി എന്നിവയുൾപ്പെടെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിനുണ്ട്. ഭാവി സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന വ്യവസായങ്ങൾക്ക് ആവശ്യമായ ഏറ്റവും മികച്ച മാനവ വിഭവശേഷി സംസ്ഥാനം വാഗ്ദാനം ചെയ്യുന്നു. കേരളത്തിൻറെ ഈ വ്യവസായ ആവാസവ്യവസ്ഥയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തേണ്ടത് നിക്ഷേപകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി (ഓൺലൈൻ), വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവർ വേഗത്തിലുള്ള വ്യാവസായിക വികസനം സാധ്യമാക്കുന്ന കേരളത്തിൻറെ ശ്രമങ്ങൾക്ക് കേന്ദ്രത്തിൻറെ പൂർണപിന്തുണ വാഗ്ദാനം ചെയ്തു.

കേരളത്തിനായി 50,000 കോടി രൂപ ചിലവ് വരുന്ന 31 റോഡ് വികസന പദ്ധതികൾ നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ദേശീയപാത വികസനം ഉൾപ്പെടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കേരളത്തിനായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ വ്യാവസായിക, സാമ്പത്തിക വികസന സംരംഭങ്ങൾക്ക് കേന്ദ്രം പൂർണ്ണ പിന്തുണ നൽകുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഭാവനം ചെയ്ത ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മുഴുവൻ രാജ്യവും സഹകരണ ഫെഡറലിസത്തിൻറെ മനോഭാവത്തിൽ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം അതിൻറെ ശക്തി മേഖലകളിലൂടെ ‘ഇന്ത്യയുടെ വികസനത്തിലേക്കുള്ള കവാടമായി’ മാറിയിരിക്കുന്നുവെന്ന് ജയന്ത് ചൗധരി പറഞ്ഞു. നൈപുണ്യ ശേഷിയുള്ള മനുഷ്യവിഭവത്തിലൂടെ നവീകരണത്തിലും നൂതന സാങ്കേതിക വിദ്യയിലും രാജ്യത്തിന് വലിയ സംഭാവന നൽകാൻ കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിൽ ശ്രദ്ധേയമായ വളർച്ചയുണ്ടായിട്ടുണ്ടെന്നും ഇന്ത്യ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും യുഎഇ സാമ്പത്തിക മന്ത്രി അദ്ബുള്ള ബിൻ തൗക് അൽ മാരി പറഞ്ഞു. ഭക്ഷ്യ സംസ്കരണം, ടൂറിസം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ബഹിരാകാശം തുടങ്ങിയ സുപ്രധാന മേഖലകളിൽ കേരളവുമായി സഹകരിക്കാൻ യുഎഇ താൽപര്യപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. ഉച്ചകോടിയിൽ 22 അംഗ സംഘത്തെയാണ് അൽ മാരി നയിക്കുന്നത്. ഭക്ഷ്യസുരക്ഷ, ടൂറിസം, ഹോസ്പിറ്റാലിറ്റി, സെമികണ്ടക്ടർ ഉൾപ്പെടെയുള്ള മേഖലകളിൽ കേരളവുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ടെന്ന് ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിൻ അദേൽ ഫഖ്രു പറഞ്ഞു.

‘ദൈവത്തിൻറെ സ്വന്തം നാട്’ എന്ന പേരിൽ മികച്ച ടൂറിസം കേന്ദ്രമായി കേരളം പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും ‘വ്യവസായങ്ങളുടെ സ്വർഗ’മായി ഇപ്പോഴാണ് കേരളം മാറിയതെന്ന് അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. രാഷ്ട്രീയ ബന്ധങ്ങൾ പരിഗണിക്കാതെ, കേരളത്തെ സാമ്പത്തിക അഭിവൃദ്ധിയുടെയും വ്യാവസായിക മികവിൻറെയും ഭാവിയിലേക്ക് നയിക്കുക എന്നതാണ് കൂട്ടായ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് എല്ലാ വശങ്ങളിലും പ്രതിപക്ഷം പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ എക്സൈസ് മന്ത്രി എം.ബി. രാജേഷ്, തുറമുഖ സഹകരണ മന്ത്രി വി.എൻ. വാസവൻ, സാംസ്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, നീതി ആയോഗ് മുൻ ചെയർമാനും ജി20 ഷെർപയുമായ അമിതാഭ് കാന്ത്, ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാനും എംഡിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസഫ് അലി, സിഐഐ പ്രസിഡൻറ് സഞ്ജീവ് പുരി, അദാനി പോർട്സിൻറെയും എസ്ഇഇസെഡ് ലിമിറ്റഡിൻറെയും എംഡി കരൺ അദാനി തുടങ്ങിയവരും സംസാരിച്ചു.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു. വ്യവസായ പ്രമുഖരായ എം.ഡി. അദീബ് അഹമ്മദ്, അനസൂയ റേ, അനിൽ ഗാൻജു, ഡോ. ആസാദ് മൂപ്പൻ, ജീൻ മാനേ, ജോഷ് ഫോൾഗർ, മാർട്ടിൻ സൊൻറാഗ്, മാത്യു ഉമ്മൻ, മുകേഷ് മേഹ്ത്ത, എം.എം. മുരുഗപ്പൻ, രവി പിള്ള, ടി.എസ്. കല്യാണരാമൻ, ശശികുമാർ ശ്രീധരൻ, ശ്രീപ്രിയ ശ്രീനിവാസൻ, വിനീത് വർമ്മ, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവരും സംബന്ധിച്ചു.

വിവിധ വിഷയങ്ങളിൽ നടക്കുന്ന സെഷനുകൾക്ക് പുറമേ പാനൽ ചർച്ചകളിലെ മേഖലകളിൽ നിന്നുള്ള തിരഞ്ഞെടുത്ത കമ്പനികൾ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, 105 പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങൾ എന്നിവയുടെ പ്രദർശനവും ഉച്ചകോടിയിലുണ്ടാകും. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, ആഗോളതലത്തിലുള്ള ബിസിനസ് നയകർത്താക്കൾ തുടങ്ങിയവർ ഉൾപ്പെടെ 3000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 28 പ്രത്യേക സെഷനുകൾ, ആറ് രാജ്യങ്ങളുടെ സഹകരണം തുടങ്ങിയവ ഉച്ചകോടിയുടെ ആകർഷണങ്ങളാണ്.

Kerala CM Pinarayi Vijayan inaugurates Invest Kerala Global Summit 2025, highlighting the state’s investor-friendly policies. Union ministers and global leaders pledge support.

Share.
Leave A Reply

Exit mobile version