രാജ്യത്തെ ആദ്യത്തെ കടലാസ് രഹിത ജുഡീഷ്യൽ ജില്ലാ കോടതിയായി വയനാട്ടിലെ കൽപ്പറ്റ കോടതി. ഇതോടെ വയനാട് കല്പറ്റ ജുഡീഷ്യൽ ജില്ലയിലെ കോടതികളെല്ലാം പൂർണമായും കടലാസ് രഹിതമായി. കേസ് ഫയൽ ചെയ്യുന്നതുമുതൽ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പൂർണമായും കടലാസ് രഹിതമാകുന്നു എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്. സാക്ഷി മൊഴികളുടെയും വിധി പറയുന്നതും കൃത്യമായ രേഖപ്പെടുത്തുന്ന രീതിയിൽ വോയ്‌സ്-ടു-ടെക്സ്റ്റ് സാങ്കേതികവിദ്യയും കോടതിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കേരള ഹൈക്കോടതി സ്വന്തമായി വികസിപ്പിച്ചെടുത്ത സംവിധാനമാണിത്.

ജനാധിപത്യവത്കരണമാണ് കോടതികളുടെ ഡിജിറ്റലൈസേഷനിലൂടെ നടക്കുന്നതെന്ന് പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യവേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കടലാസ് ഉപയോഗം വൻതോതിൽ കുറയ്ക്കുന്ന ഈ നേട്ടം രാജ്യത്തെ മറ്റ് ജുഡീഷ്യൽ ജില്ലകൾക്കും മാതൃകയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫയൽ നീക്കം എളുപ്പത്തിലാക്കാനും കോടതി നടപടികളുടെ ചെലവ് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന് സമൂഹമാധ്യമ പോസ്റ്റിലൂടെ മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ മാതൃക കേരളത്തിൽ നിന്നാണെന്നത് വലിയ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ഘട്ടങ്ങളിലുമുള്ള വസ്തുതകൾ രേഖപ്പെടുത്തുന്നതും ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും അന്തിമ വിധിന്യായം പ്രസിദ്ധപ്പെടുത്തലുമെല്ലാം ഇനി ഡിജിറ്റലായിട്ടായിരിക്കും. ഫയൽ നീക്കം എളുപ്പത്തിലാക്കാനും കോടതി നടപടികളുടെ ചിലവ് കുറക്കാനും സാധിക്കുന്നതിനൊപ്പം കേസുകൾ കൈകാര്യം ചെയ്യുന്നതിലെ കാലതാമസവും കുറക്കാൻ സാധിക്കും.