കേരളത്തിലെ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിലടക്കം വലിയ മുന്നേറ്റമാണ് സംസ്ഥാനം നടത്തുന്നത്. ലോക ടൂറിസം മാപ്പിൽ സംസ്ഥാനത്തിന് പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ലോകമെങ്ങും നിന്നുള്ള സഞ്ചാരികൾ കേരളത്തിലേക്ക് എത്തുന്നതായും മന്ത്രി പറഞ്ഞു.
സംരംഭകത്വം ഓരോ മലയാളിയുടേയും രക്തത്തിൽ അലിഞ്ഞതാണ്. വ്യവസായങ്ങളുടെ വളർച്ച, ഇൻഫ്രാസട്രക്ചർ ഡെവലപ്മെന്റ്, റോഡ് വികസനം തുടങ്ങിയവയിൽ കേരളം മികവ് പുലർത്തുന്നു. വിഴിഞ്ഞം പദ്ധതികൾ പോലുള്ള ബൃഹത് പദ്ധതികൾ സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യവളർച്ചയ്ക്കും ആക്കം കൂട്ടുന്നവയാണ്. വികസനവും പാരമ്പര്യവും ഒരുമിച്ച് കൊണ്ടു പോകുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ വളർച്ചയാണ് രാജ്യവളർച്ചയുടെ അടിസ്ഥാനം. ലോകത്തിന്റെ വളർച്ചയുടെ 16 ശതമാനം ഇന്ത്യയിൽ നിന്നാണ്. ലോകത്തിന്റെ ഗ്രോത്ത് എൻജിൻ ആണ് ഇന്ത്യ. 11ാമത്തെ വലിയ ഇക്കണോമിയിൽ നിന്നും അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയത് ഇതിന്റെ തെളിവാണ്. 2027ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. ഈ വളർച്ചയിൽ കേരളത്തിനും പ്രധാന പങ്ക് വഹിക്കാനുണ്ട്. കേന്ദ്ര സഹകരണത്തോടെ സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ, സ്മാർട് ഇൻഡസ്ട്രിയൽ ടൗൺഷിപ് എന്നിവ വരും. 3800 കോടി രൂപയുടെ പദ്ധതിയാണിത്-മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവൽ ലൈനിനെ പിയൂഷ് ഗോയൽ അഭിനന്ദിച്ചു. കാസർഗോഡ്-തിരുവനന്തപുരം സിൽവർ ലൈൻ സെമി ഹൈസ്പീഡ് ട്രെയിൻ യാത്രാസമയം കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി സിൽവർ ലൈനിനെ അനുകൂലിച്ച് സംസാരിക്കുന്നത്.
Union Minister Piyush Goyal assures full support for investments in Kerala at the Invest Kerala Global Summit. He also praises the Silver Line project and Kerala’s industrial growth.