ചൊവ്വയിലെ നിർമാണത്തിന് സഹായിക്കുന്ന കോൺക്രീറ്റ് സൃഷ്ടിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (IIT Madras) എക്സ്ട്രാ ടെറസ്ട്രിയൽ മാനുഫാക്ചറിംഗ് (ExTeM) സംഘം. വെള്ളം ഉപയോഗിക്കാതെയാണ് ഈ കോൺക്രീറ്റിന്റെ നിർമാണം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ചൊവ്വയിലെ ജലലഭ്യതയെക്കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ തന്നെ ഇപ്പോഴും രണ്ട് അഭിപ്രായമാണ്. ഈ ഘട്ടത്തിലാണ് വെള്ളം വേണ്ടാതെ നിർമാണ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ഐഐടി മദ്രാസിന്റെ കണ്ടെത്തൽ ശ്രദ്ധയാകർഷിക്കുന്നത്. ഭാവിയിൽ ബഹിരാകാശത്തെ കോളനിവത്കരണത്തിന് ഈ കണ്ടെത്തൽ മുതൽക്കൂട്ടാകും എന്ന് വിലയിരുത്തപ്പെടുന്നു.

സാധാരണ ബഹിരാകാശ ഏജൻസികൾ ചൊവ്വ പോലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഭാരമേറിയ പേലോഡുകൾ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ബഹിരാകാശയാത്രികർ ലക്ഷ്യത്തിൽ എത്തിക്കഴിഞ്ഞാൽ അവർക്ക് അവരുടെ പുതിയ പരിതസ്ഥിതികളിൽ ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലാണ് ഐഐടി എക്സ്ടെം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഭൂമിയിൽ ഉപയോഗിക്കുന്ന കോൺക്രീറ്റിന്റെ അതേ നിലവാരം പുതിയ കോൺക്രീറ്റിനുണ്ടെന്നും സൾഫർ കലർത്തിയ സംയുക്തം ഉപയോഗിച്ചാണ് മിശ്രിതം തയ്യാറാക്കിയിരിക്കുന്നതെന്നും എക്സ്ടെം ഗവേഷണ പ്രതിനിധി പറഞ്ഞു.
IIT Madras’ ExTeM team develops water-free concrete for Mars construction, a breakthrough for future space colonization. The sulfur-based mix ensures durability in extraterrestrial conditions.