സ്വകാര്യ നിക്ഷേപങ്ങൾ മാത്രമേ നിലനിൽക്കുള്ളൂ എന്ന് ഗവൺമെന്റ് തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഇൻവെസ്റ്റ് കേരള പോലുള്ള പരിപാടികളുമായി സംസ്ഥാനം മുന്നോട്ടു വരാൻ കാരണമെന്ന് കല്യാൺ സിൽക്സ് എംഡിയും ചെയർമാനുമായ ടി.എസ്. പട്ടാഭിരാമൻ. ഇൻവെസ്റ്റ് കേരള വേദിയിൽ ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തെല്ലാം സൗകര്യങ്ങൾ മറ്റുള്ളവർ തന്നാലും സ്വകാര്യ നിക്ഷേപങ്ങൾ മാത്രമേ നിലനിൽക്കൂ. കേരളത്തിന്റെ വളർച്ചയ്ക്ക് ഒരേയൊരു വഴി ഈ സ്വകാര്യ നിക്ഷേപങ്ങളാണ്. സ്വയം പര്യാപ്തതയിലൂടെ മാത്രമേ കേരളത്തിനു ബിസിനസ് ഭാവിയുള്ളൂ. അതിലേക്കുള്ള കാൽവെയ്പ്പാണ് രാഷ്ട്രീയ ഭേദമില്ലാതെ ഇൻവെസ്റ്റ് കേരളയിലൂടെ സംഭവിച്ചത്. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും എന്ന രജനീകാന്ത് ഡയലോഗ് പോലാണ് ഇത്തരം തീരുമാനങ്ങൾ. ഇത്തരമൊരു ഉച്ചകോടി വിജയകരമായി കേരളത്തിൽ കൊണ്ടുവന്നതിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ലൈസൻസുകൾ അടക്കമുള്ള കാര്യങ്ങളിൽ വളരെ പ്രൊഡക്റ്റീവ് ആയ സമീപനമാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. അതിന്റെ ഗുണങ്ങൾ നേരിട്ട് അനുഭവിക്കാനായിട്ടുണ്ട്. ഓരോ സംരംഭകത്വന്റേയും ഗുണങ്ങളും ദോഷങ്ങളും മലയാളികൾ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട് എന്ന വലിയ മാറ്റവും സംരംഭക ലോകത്ത് സംഭവിച്ചിട്ടുണ്ട്. അവ മനസ്സിലാക്കി സ്വന്തം നാട്ടിൽ ബിസിനസ് ചെയ്യാൻ ഇപ്പോൾ കൂടുതൽ പേർ മുന്നോട്ടുവരുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ മുതൽ വലിയ രീതിയിലുള്ള മാറ്റത്തിന്റെ പാതയിലാണ് കേരളം. ഇൻവെസ്റ്റ് കേരള വിജയമാണെന്ന് രണ്ടു ദിവസത്തെ ആൾക്കൂട്ടം കൊണ്ട് മനസ്സിലാക്കാം. ഈ വലിയ ആൾക്കൂട്ടം സംരംഭകത്വത്തെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും വെമ്പൽ കൊള്ളുന്ന പുതിയ തലമുറയുടെ വളർച്ചയുടെ തെളിവാണെന്ന് പട്ടാഭിരാമൻ പറഞ്ഞു. കേരളത്തിൽ ബിസിനസ് ചെയ്യാൻ കൊള്ളില്ല എന്ന ഒരു ഭയാനക ചിത്രം എങ്ങനെയോ കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിൽ ഉണ്ടായി. അതിൽ നിന്നുള്ള മാറ്റമാണ് ഇൻവെസ്റ്റ് കേരളയിലൂടെ സാധ്യമായിരിക്കുന്നത്. മാധ്യമങ്ങളുടെ സമീപനത്തിലും പോസിറ്റീവ് ആയ മാറ്റം കൊണ്ടു വരാൻ ഇൻവെസ്റ്റ് കേരളയിലൂടെ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രേഡ് യൂണിയനുകളെ ഭയന്ന് ആളുകൾ ബിസിനസ്സിലേക്ക് ഇറങ്ങാൻ മടിച്ചിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ആ കാലത്തിൽ നിന്നും വലിയ മാറ്റമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. നാലു കൊല്ലമായി ഒരു ഹർത്താൽ പോലും കേരളത്തിൽ നടന്നിട്ടില്ല. പത്ത് പതിനഞ്ചു കൊല്ലത്തോളമായി കൊടി കുത്തിയുള്ള വലിയ പണിമുടക്കുകളും കേരളത്തിലില്ല. നേതാക്കൻമാർ പറഞ്ഞാൽ പോലും പണിമുടക്കാത്ത രീതിയിൽ വിദ്യാഭ്യാസം നേടിയവരായി നമ്മുടെ തൊഴിൽ സമൂഹം മാറിയിരിക്കുന്നു. ഇത് കേരളത്തെ സംബന്ധിച്ച് വലിയ മാറ്റം തന്നെയാണ്-അദ്ദേഹം പറഞ്ഞു.
ഇൻവെസ്റ്റ് കേരള പോലുള്ളവ മികച്ച ചുവടുവെയ്പ്പാണെങ്കിലും കേരളത്തിൽ ഇനിയും മാറേണ്ട കാര്യങ്ങളുണ്ട്. പുതിയ നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യ മൂന്നു കൊല്ലം റിബേറ്റ് നൽകുന്ന പോലുള്ള കാര്യങ്ങൾ ഇതിനായി ഗവൺമെന്റിനു പരീക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിരവധി നിക്ഷേപകരെ ആകർഷിക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിയും. ഇത്തരത്തിൽ ചെറുകിട സംരംഭകർക്കെങ്കിലും ഉപകാരപ്പെടുന്ന എക്സ്ക്ലൂസീവ് ആയിട്ടുള്ള എന്തെങ്കിലും പദ്ധതി സംസ്ഥാനം കൊണ്ടുവരണമെന്നും പട്ടാഭിരാമൻ പറഞ്ഞു.
Kalyan Silks MD T.S. Pattabhiraman praises Invest Kerala for boosting private investments. He highlights Kerala’s evolving business environment and the need for further incentives.