ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ആത്മീയതയ്ക്കും കുംഭമേളയ്ക്കും പ്രശസ്തമാണ്. ഇതോടൊപ്പം നിരവധി ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രയാഗ്രാജിലുണ്ട്. അക്കൂട്ടത്തിലെ പ്രധാന ചരിത്ര സ്മാരകമാണ് ആനന്ദ് ഭവൻ. മോത്തിലാൽ നെഹ്റുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭവനമാണിത്. 1900ലാണ് അദ്ദേഹം ആനന്ദ് ഭവൻ വാങ്ങുന്നത്. ആനന്ദ് ഭവന് സ്വരാജ് ഭവൻ എന്നും പേരുണ്ട്. നെഹ്റു കുടുംബത്തിന്റെ പാരമ്പര്യ സ്വത്തായ കെട്ടിടം ഇന്ന് ഒരു മ്യൂസിയമായി നിലനിർത്തിയിരിക്കുകയാണ്. നെഹ്റു കുടുംബം ഉപയോഗിച്ചിരുന്ന വസ്തുക്കൾക്കും പഴയ ചിത്രങ്ങൾക്കും പുറമേ ഗാന്ധിജി ഉപയോഗിച്ചിരുന്ന ചർക്കയടക്കമുള്ള അപൂർവ വസ്തുക്കളും മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി സമരങ്ങൾക്കും പോരാട്ടങ്ങൾക്കും കാരണമായിത്തീർന്ന ചർച്ചകൾക്ക് തുടക്കം കുറിച്ച ഇടം എന്ന നിലയിലാണ് ആനന്ദ് ഭവൻറെ ചരിത്രപ്രാധാന്യം. അക്കാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രധാന സംഗമസ്ഥാനമായിരുന്നു ആനന്ദ് ഭവൻ.

1930ൽ മോത്തിലാൽ നെഹ്റു ആനന്ദ് ഭവൻ കോൺഗ്രസിന് എഴുതിക്കൊടുത്തു. അതിനുശേഷമാണ് സ്വരാജ് ഭവൻ എന്നു പേരു മാറ്റിയത്. ഗാന്ധിയും പട്ടേലും സുഭാഷ് ചന്ദ്ര ബോസും അടക്കമുള്ള കോൺഗ്രസ് പ്രസിഡന്റമാർ തുടർന്ന് സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന സമരങ്ങൾക്ക് ആഹ്വാനം ചെയ്തത് ഇവിടെവെച്ചാണ്. ഇങ്ങനെ സ്വാതന്ത്ര്യ സമരത്തിന്റെ ബുദ്ധികേന്ദ്രമായിരുന്നു ഈ ചരിത്ര സ്മാരകം.

1970ൽ ഇന്ദിരാ ഗാന്ധിയാണ് സ്വരാജ് ഭവൻ മ്യൂസിയമാക്കി മാറ്റി രാജ്യത്തിനു സമർപ്പിച്ചത്. മ്യൂസിയത്തിനോടു ചേർന്നുള്ള ലൈബ്രറി ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും പ്രധാന സ്വാതന്ത്ര്യ സമര ചരിത്ര പഠന കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്.
Discover the rich history of Anand Bhavan, the ancestral home of the Nehru-Gandhi family and a key site in India’s independence movement. Now a museum, it preserves the legacy of India’s freedom struggle.