കേരളത്തെ കാത്തിരിക്കുന്നത് വമ്പൻ നിക്ഷേപങ്ങൾ

കഴിഞ്ഞ ദിവസം സമാപിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലേയും വിദേശത്തേയും 374 കമ്പനികളിൽ നിന്നായി കേരളത്തിന് 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചിരിക്കുന്നത്. 66 കമ്പനികൾ 500 കോടി രൂപയ്ക്കു മുകളിൽ സംസ്ഥാനത്ത് നിക്ഷേപം നടത്തും. 24 ഐടി കമ്പനികൾ കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 8500 കോടി രൂപയുടെ നിക്ഷേപവും 60,000 തൊഴിലവസരവുമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുക. ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി സംസ്ഥാനത്തേക്ക് എത്തുന്ന പ്രധാന നിക്ഷേപങ്ങൾ പരിശോധിക്കാം.

ലോകോത്തര ലോജിസ്റ്റിക്സ്-ഷിപ്പിംഗ് കമ്പനിയായ ദുബായിലെ ഷറഫ് ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം നടത്തും. കേരളത്തിൽ രണ്ടിടത്തായാണ് പുതിയ നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതെന്ന് ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാൻ മേജർ ജനറൽ (റിട്ട.) ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട താത്പര്യപത്രം സർക്കാരിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുഎഇ-ഇന്ത്യ ബിസിനസ് കൗൺസിലിൻറെ ചെയർമാൻ കൂടിയാണ് ഷറഫുദ്ദീൻ ഷറഫ്.

നൂറ് ടണ്ണിൽ താഴെ കേവുഭാരമുള്ള യാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കേന്ദ്രം കൊച്ചിയിൽ ആരംഭിക്കുന്നതിന് ടാറ്റാ എൻറർപ്രൈസസിനു കീഴിലുള്ള ആർട്സൺ എൻജിനീയറിംഗും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാർ സിമൻറ്സും ധാരണാപത്രം ഒപ്പു വച്ചു. കൊച്ചി പോർട്ട് ട്രസ്റ്റിൽ ഏഴ് ഏക്കർ സ്ഥലം വികസന പദ്ധതികൾക്കായി മലബാർ സിമൻറ്സ് പാട്ടത്തിനെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ എട്ടു വർഷമായി ഇവിടെ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. വർഷം തോറും വലിയൊരു തുക പാട്ടത്തുകയായി നൽകുന്നുമുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ടാറ്റാ-ആർട്സനുമായി കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചതെന്ന് മലബാർ സിമൻറ്സ് എംഡി ചന്ദ്രബോസ് പറഞ്ഞു. രാജ്യത്ത് ഇന്ന് ഏറ്റവും സാധ്യതയുള്ളതും ലാഭകരവുമായ മേഖലയാണ് കപ്പൽനിർമ്മാണമെന്ന് ആർട്സൺ എൻജിനീയറിംഗ് സിഇഒ ശശാങ്ക് ഝാ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗതിശക്തി പദ്ധതി വഴി ഉൾനാടൻ ജലഗതാഗതത്തിന് വൻ സാധ്യതകളാണ് ഉണ്ടാകുന്നത്. ഇതിനായി ചെറുയാനങ്ങൾക്കുള്ള ഡിമാൻഡ് വർധിക്കാൻ പോവുകയാണ്. ഈ സാധ്യതയാണ് ആർട്സൺ ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നതെന്നും ഝാ പറഞ്ഞു.

നിലവിലുള്ള ഭൂമിയിലാണ് കപ്പൽ നിർമ്മാണ കേന്ദ്രം തുടങ്ങുന്നത്. നിർമ്മാണകേന്ദ്രം പൂർണ പ്രവർത്തനം ആരംഭിച്ചാൽ മുന്നൂറിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെടുമ്പാശേരിയ്ക്കടുത്ത് അയ്യമ്പുഴയിൽ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റിയോട് ചേർന്ന് മുന്നൂറേക്കറിൽ നഗരസമുച്ചയം നിർമ്മിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് കൂട്ടായ്മ പ്രഖ്യാപിച്ചു. ലാൻഡ് പൂളിംഗ് അടിസ്ഥാനമാക്കിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലമുടമകളുമായി ഇതിനകം തന്നെ പ്രാഥമിക ചർച്ച നടത്തിയിട്ടുണ്ട്. സർക്കാരിന് താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. അയ്യായിരം കോടി രൂപയുടെ നിക്ഷേപം ഇവിടെ പ്രതീക്ഷിക്കുന്നതായും പ്രതിനിധികൾ അറിയിച്ചു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ ആശുപത്രി രംഗത്ത് 850 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ആസാദ് മൂപ്പൻ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടത്തിയ 500 കോടി നിക്ഷേപത്തിനു പുറമെയാണ് ആസ്റ്റർ ഗ്രൂപ്പ് 850 കോടി രൂപ കൂടി നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. പുതിയ രണ്ട് പ്രോജക്ടുകളിലാണ് 850 കോടി നിക്ഷേപിക്കുക. ആഗോള നിക്ഷേപ ഉച്ചകോടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും ഡയറക്ടർ അനൂപ് മൂപ്പനും നിക്ഷേപത്തെക്കുറിച്ച് വ്യക്തമാക്കിയത്.

കേരളത്തിൽ 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനമാണ് ഉച്ചകോടിയിൽ ഏറ്റവും പ്രധാനം. വിഴിഞ്ഞം പദ്ധതി, വിമാനത്താവള വികസനം എന്നിവയിലാണ് അദാനി ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ വരിക. ഇതോടൊപ്പം ലുലു ഗ്രൂപ്പ് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിവിധ മേഖലകളിലായി കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം നടത്തും. കളമശേരി ഫുഡ് പ്രോസസിങ് സോണിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതാണ് ലുലുവിന്റെ പ്രധാന നിക്ഷേപങ്ങളിൽ ഒന്ന്. ചില്ലറ വ്യാപാരം, ഐടി അടിസ്ഥാന സൗകര്യം, ഫിൻടെക് മേഖലകളിലാണ് ലുലുവിന്റെ മറ്റു നിക്ഷേപങ്ങൾ.

കളമശ്ശേരിയിൽ 20 ഏക്കറിൽ ആരംഭിക്കുന്ന വൻകിട ഭക്ഷ്യസംസ്ക്കരണ സംവിധാനവും കയറ്റുമതി യൂണിറ്റുമാണ് പ്രധാന നിക്ഷേപ പദ്ധതിയെന്ന് ലുലു എക്സിക്യൂട്ടീവ് ചെയർമാൻ എം.എ. അഷ്റഫ് അലി പറഞ്ഞു. കയറ്റുമതിക്കും ലുലുവിൻറെ ചില്ലറ വിൽപന കേന്ദ്രങ്ങളിലേക്കും മാത്രമായിരിക്കും ഇവിടെ നിന്നുള്ള ചരക്കുനീക്കം. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറിയും പഴവർഗ്ഗങ്ങളും ശേഖരിച്ച് ശീതീകരണ സംവിധാനം വഴി കയറ്റുമതി ചെയ്യുകയാണ് ഉദ്ദേശ്യം. ഇതിനു പുറമെ അത്യാധുനിക രീതിയിലുള്ള ഭക്ഷ്യസംസ്ക്കരണ സംവിധാനവും ഇവിടെ ഒരുക്കും. സംസ്ഥാന സർക്കാരിൻറെ നിർദ്ദിഷ്ട ഗ്ലോബൽ സിറ്റി പദ്ധതിയിൽ ഐടി അടിസ്ഥാന സൗകര്യവും ഫിൻടെക് മേഖലയിലുമാണ് നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. കാക്കനാടുള്ള ഇരട്ട ഐടി കെട്ടിട സമുച്ചയവും ഉടൻ പ്രവർത്തനമാരംഭിക്കും. ചില്ലറവ്യാപാര രംഗത്ത് പെരിന്തൽമണ്ണ, തിരൂർ, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിൽ ലുലു മാർക്കറ്റ് ആരംഭിക്കും. പുതിയ നിക്ഷേപ പദ്ധതികൾ വഴി സംസ്ഥാനത്ത് 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 25,000 ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഇരട്ട ഐടി ടവറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Invest Kerala Global Summit 2024 secures ₹1.52 lakh crore in investment commitments, with major contributions from Adani Group, Lulu Group, Sharaf Group, and Tata-backed shipbuilding projects.

Share.
Leave A Reply

Exit mobile version