നിക്ഷേപകർക്ക് ധൈര്യം കൊടുക്കാൻ ഇൻവെസ്റ്റ് കേരളയിലൂടെ സാധിച്ചതായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. ഇൻവെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടിയിൽ ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനോട് സംസാരിക്കവേ, പോസിറ്റീവ് ആയി കേരളത്തെ കാണാനും കേരളത്തിൽ വിവിധ വ്യവസായങ്ങൾ കൊണ്ടു വരുന്നതിനു കുറേക്കൂടി ധൈര്യവും താത്പര്യവും ഉണ്ടാകാൻ സാധിച്ചതുമാണ് ഇൻവെസ്റ്റ് കേരളയുടെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

നിക്ഷേപ പ്രതീക്ഷകൾ ഏറെ ഉയർന്നിരിക്കുന്നു. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഇൻവെസ്റ്റ് കേരളയിലൂടെ നടന്നു. വമ്പിച്ച ജനപങ്കാളിത്തവും മാധ്യമങ്ങളുടെ ഗണ്യമായ പിന്തുണയും ഉച്ചകോടിക്ക് ലഭിച്ചു. ഇനി ഇതെല്ലാം യാഥാർത്ഥ്യമാക്കി മാറ്റാൻ ഇതിനേക്കാൾ കൂടുതൽ ശ്രമം വേണ്ടിയിരിക്കുന്നു. ശാസ്ത്രീയമായ തയ്യാറെടുപ്പുകളും അതിനനസരിച്ചുള്ള പ്രവർത്തനങ്ങളും ഇനിയും മുന്നോട്ടും അനിവാര്യമാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഉടൻതന്നെ ആരംഭിക്കും. കൂട്ടായ യത്നത്തിന്റെ ഫലമാണ് ഇൻവെസ്റ്റ് കേരളയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സംരംഭക അനുകൂല അന്തരീക്ഷമാണ് ഇൻവെസ്റ്റ് കേരളയിലൂടെ ചർച്ച ചെയ്യപ്പെട്ടത്. അതിന്റെ മാറ്റങ്ങൾ തീർച്ചയായും കേരളത്തിനുണ്ടാകും. വിദേശരാജ്യങ്ങളുടെ ശ്രദ്ധ കൂടുതലായി കേരളത്തിലേക്ക് ക്ഷണിക്കാനും ഉച്ചകോടിയിലൂടെ സാധിച്ചു. രാജ്യത്ത് ഇതുവരെ നടന്ന സംസ്ഥാന ഉച്ചകോടികളിൽ ഏറ്റവും കൂടുതൽ വിദേശ പങ്കാളിത്തം ഉണ്ടായ സംഗമം ഇൻവെസ്റ്റ് കേരളയാണ്. 27 രാജ്യങ്ങളുടെ പ്രതിനിധികളെ ഉച്ചകോടിയിലേക്ക് എത്തിക്കാനായി എന്നത് ഏറ്റവും വലിയ നേട്ടമാണെന്നും മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി.
Principal Secretary A.P.M. Muhammed Haneesh highlights Invest Kerala’s success in boosting investor confidence and attracting global participation from 27 countries.