സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ നിക്ഷേപകർ ഒപ്പിട്ട ഓരോ താത്പര്യപത്രവും യാഥാർത്ഥ്യമാക്കാൻ സമയബന്ധിത പരിപാടിക്ക് സർക്കാർ രൂപം നൽകി. താത്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തുമെന്നും വ്യവസായ മന്ത്രി പി. രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിവിധ വകുപ്പുകളെ കോർത്തിണക്കി പദ്ധതികളുടെ അനുമതി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ അവലോകന സമിതി രൂപീകരിക്കും. ഇൻവെസ്റ്റ് കേരളയിൽ ലഭിച്ച താത്പര്യപത്രങ്ങളിൽ അമ്പത് കോടിയ്ക്ക് മുകളിലുള്ള സംരംഭങ്ങളുടെ തുടർപ്രവർത്തനങ്ങൾ കെഎസ്ഐഡിസി വഴി നടപ്പാക്കും. അമ്പത് കോടിയിൽ താഴെയുള്ള (എംഎസ്എംഇ) നിക്ഷേപ താത്പര്യപത്രങ്ങളുടെ തുടർപ്രവർത്തനങ്ങൾ വ്യവസായവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വഴിയാണ് നടപ്പാക്കുന്നത്. ഐടി മേഖലയുടെ താത്പര്യപത്രങ്ങൾ ഐടി വകുപ്പ് തന്നെ കൈകാര്യം ചെയ്യും.

അമ്പത് കോടിക്ക് മുകളിലുള്ള പദ്ധതികളുടെ നടത്തിപ്പിനായി കെഎസ്ഐഡിസി പ്രത്യേക സംഘത്തെ നിയമിക്കും. സമാനസ്വഭാവമുള്ള വ്യവസായ നിർദ്ദേശങ്ങളെ ഏഴ് മേഖലകളായി കോർത്തിണക്കി മാനേജർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻറെ ചുമതലയിൽ ഏഴ് സംഘങ്ങൾക്ക് രൂപം നൽകും. ഓരോ മേഖലയിലെയും പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ നടത്താൻ ഏഴംഗ ടീമിനോടൊപ്പം അതാത് മേഖലയിലെ വിദഗ്ധരെ കൂടി ചുമതലപ്പെടുത്തും. ആദ്യഘട്ടത്തിൽ 12 വിദഗ്ധരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി വഴി ലഭിച്ച പ്രോജക്ടുകളുടെ നിർമ്മാണ പുരോഗതി ഓൺലൈൻ ഡാഷ് ബോർഡ് വഴി പൊതുമണ്ഡലത്തിൽ ലഭ്യമാക്കും. രണ്ടാഴ്ചയിലൊരിക്കൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പദ്ധതികളുടെ പുരോഗതിയുടെ വിശകലനം നടത്തും. മാസം തോറും വ്യവസായമന്ത്രിയുടെ അധ്യക്ഷതയിലും പദ്ധതികൾ വിലയിരുത്തും. വ്യവസായവകുപ്പിൻറെ നേതൃത്വത്തിൽ പുറത്തിറക്കുന്ന നയങ്ങളും ഫ്രെയിംവർക്കുകളും രണ്ടു മാസത്തിനുള്ളിൽ പ്രസിദ്ധപ്പെടുത്തും. പദ്ധതികളുടെ വിശദാംശങ്ങൾ പരിശോധിക്കുന്ന മുറയ്ക്ക് നാല് മാസത്തിനുള്ളിൽ അനുമതി നൽകിത്തുടങ്ങാൻ സാധിച്ചേക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
കേരളത്തിൽ വ്യവസായങ്ങൾക്ക് നൽകാൻ വേണ്ടി ലഭ്യമായ ഭൂമിയുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്ന പോർട്ടൽ രൂപീകരിക്കും. കിൻഫ്ര, കെഎസ്ഐഡിസി, വ്യവസായ ഡയറക്ടറേറ്റ്, അനുമതി ലഭിച്ച സ്വകാര്യ വ്യവസായപാർക്കുകൾ എന്നിവയ്ക്ക് കീഴിലുള്ള ഭൂമിയുടെ വിശദാംശങ്ങൾ ഇതിലുണ്ടാകും. ഇതിനു പുറമെ സ്വകാര്യമേഖലയിൽ നിന്നും വ്യവസായത്തിനായി ഭൂമിനൽകാൻ താത്പര്യമുള്ളവരുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ ഇതിൽ നൽകും. വ്യവസായങ്ങൾക്ക് നൽകാൻ താല്പര്യമുള്ളവരുടെ ഭൂമിയുടെ വിവരങ്ങളും വ്യവസായങ്ങൾക്കായി ഭൂമി ആവശ്യമുള്ളവരുടെ വിവരങ്ങളും തമ്മിൽ കോർത്തിണക്കാൻ ഈ പോർട്ടൽ വഴി സാധിക്കും.

ഇതുവരെ 372 പദ്ധതികൾക്കുള്ള താൽപര്യപത്രമാണ് ലഭിച്ചിട്ടുള്ളത്. 1.52 ലക്ഷം കോടിയിൽ പരം രൂപയുടെതാണ് ഈപദ്ധതികൾ. ഇൻവെസ്റ്റ് കേരള സമാപന ചടങ്ങ് നടക്കുമ്പോഴും താത്പര്യപത്രം ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്കായി സർക്കാരുമായി സഹകരിച്ച വ്യവസായ-വാണിജ്യ സംഘടനകളുടെ യോഗം രണ്ടാഴ്ചയ്ക്കുള്ളിൽ ചേരുമെന്നും മന്ത്രി അറിയിച്ചു. പദ്ധതികൾ നടപ്പാക്കുന്നതിൽ അവർക്കുള്ള നിർദ്ദേശങ്ങളും ഈ യോഗത്തിൽ ചർച്ച ചെയ്യും. ഉച്ചകോടിയിലെ വിവിധ സെഷനുകളിൽ നടന്ന ചർച്ചകളുടെ സംക്ഷിപ്തവിവരണവും, ചർച്ചകളുടെ മുഴുവൻ വീഡിയോയും ഇൻവെസ്റ്റ് കേരള വെബ്സൈറ്റ് വഴി ലഭ്യമാക്കും.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരി കൃഷ്ണൻ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ-ബിപ് സിഇഒ സൂരജ്.എസ്.നായർ തുടങ്ങിയവർ സംബന്ധിച്ചു.
The Kerala government has launched a structured plan to implement investment proposals from the Invest Kerala Global Summit, ensuring timely approvals and project tracking.