സംസ്ഥാനത്തെക്കുറിച്ചുള്ള ധാരണ തിരുത്താൻ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ സാധിച്ചെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (KSIDC) എംഡി ഹരികിഷോർ ഐഎഎസ്. ഇൻവെസ്റ്റ് കേരള വേദിയിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ഐഡിസിയെ സംബന്ധിച്ച് ഇത് വെറുമൊരു ഇവന്റ് അല്ല, കേരളത്തിലെ സംരംഭക അന്തരീക്ഷം ലോകത്തിനു മുൻപിൽ തുറന്നു കാണിക്കാനുള്ള അവസരമായിരുന്നു. സംസ്ഥാനത്തിന്റെ വ്യവസായത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റാൻ ഇതിലൂടെ സാധിച്ചു. ടൂറിസം മുതൽ മാരിടൈം വരെയുള്ള ഓരോ മേഖലയുടേയും വികസനത്തിന് മികച്ച ഇക്കോസിസ്റ്റം ഉണ്ട്. കേരളത്തിന്റെ ഈ കരുത്ത് പുറത്തുകാണിച്ച് അത് വഴി നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുകയാണ് ഇൻവെസ്റ്റ് കേരളയിലൂടെ ലക്ഷ്യമിട്ടത്. അതൊരു വിജയമാണ് എന്ന് വിലയിരുത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഹരികിഷോർ പറഞ്ഞു.
കേരളത്തിനു യോജിച്ച തരത്തിലുള്ള നിക്ഷേപങ്ങൾ മാത്രമേ സ്വീകരിക്കൂ. അത്തരം പരിശോധനകളിലേക്ക് KSIDC കടക്കും. ആ സോർട്ടിങ് ആണ് ആദ്യ പടി. അതിനു ശേഷം ഓരോ സെക്ടറിനുമുള്ള നിക്ഷേപങ്ങൾക്കായി പ്രത്യേക ടീമിനെ നിയോഗിക്കും. ഓരോ മേഖലയുടേയും സാധ്യതകൾക്ക് അനുസരിച്ചുള്ള തീരുമാനം എടുക്കാൻ ഇത് അനിവാര്യമാണ്. ഇത് ഒരു അഞ്ചാറ് മാസം എങ്കിലും എടുക്കുന്ന പ്രക്രിയ ആയിരിക്കുമെന്നും ഹരികിഷോർ വ്യക്തമാക്കി.
ഭൂമി ലഭ്യത പോലുള്ള കാര്യങ്ങളാണ് കേരളത്തിന്റെ വ്യവസായ മേഖല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്. ഉദാഹരണത്തിന് 2000 ഏക്കർ ഭൂമി ആവശ്യപ്പെട്ട് ഒരു കമ്പനി കേരളത്തെ സമീപിച്ചാൽ നമുക്കത് നൽകാനാകില്ല. അത്തരം കമ്പനികൾ ഫോക്കസ് ചെയ്യാതെ നമ്മുടെ സ്ട്രെങ്തിൽ ഫോക്കസ് ചെയ്യുന്ന രീതിയാണ് KSIDC പിന്തുടരുന്നത്. അത്തരം മേഖലകൾ കണ്ടെത്തുക എന്നതാണ് KSIDC ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. ലൈസൻസ്, നിയമങ്ങളുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ പ്രധാന വെല്ലുവിളി. അതിനായി സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് പോലുള്ളവ കൊണ്ടുവന്നു. നിയമങ്ങൾ ലഘുവാക്കുന്ന പ്രവർത്തനങ്ങളും ഇത്തരത്തിൽ നടക്കുന്നു. ഇതാണ് KSIDCയുടെ പ്രധാന പ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
The Kerala government has launched a structured plan to implement investment proposals from the Invest Kerala Global Summit, ensuring timely approvals and project tracking.