ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തേയും സാംസ്കാരിക വൈഭവത്തേയും ആഘോഷിക്കുന്നവയാണ് രാജ്യത്തെ പ്രശസ്തമായ പ്രതിമകൾ. നേതാക്കൾ, ദൈവങ്ങൾ എന്നിവയുടെ മഹാപ്രതിമകൾ ഭാരതത്തിന്റെ സാംസ്കാരിക വൈഭവത്തിന്റേയും ചരിത്രം, ആത്മീയത, വാസ്തുവിദ്യ എന്നിവയുടെ നേർക്കാഴ്ചയുമാണ്.
സ്റ്റാച്യൂ ഓഫ് യൂനിറ്റി
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന പെരുമ സ്വന്തമായുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായി നിർമിച്ച സ്റ്റാച്യൂ ഓഫ് യൂനിറ്റിക്കാണ്. ഗുജറാത്തിലെ നർമദ ജില്ലയിലെ സർദാർ സരോവർ അണക്കെട്ടിന് സമീപമാണ് 182 മീറ്റർ ഉയരത്തിലുള്ള ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ഈ പ്രതിമ 2018ലാണ് അനാച്ഛാദനം ചെയ്തത്.
പാരിതാല ആഞ്ജനേയ പ്രതിമ
ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള പാരിതാല നഗരത്തിലാണ് വീര അഭയ ആഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമകളിൽ ഒന്നാണിത്. 135 അടി (41 മീറ്റർ) ഉയരമുള്ള പ്രതിമ 2003ലാണ് നിർമിച്ചത്. ഈ പ്രതിമയോട് ചേർന്ന് പാരിതാല ആഞ്ജനേയ ക്ഷേത്രം എന്നറിയപ്പെടുന്ന ഹനുമാൻ മന്ദിർ സ്ഥിതിചെയ്യുന്നു.
തിരുവള്ളുവർ പ്രതിമ
തത്വചിന്തകനും കവിയുമായ തിരുവള്ളുവർക്ക് സമർപ്പിച്ചിരിക്കുന്ന ഈ മനോഹര പ്രതിമ സ്ഥിതി ചെയ്യുന്നത് കന്യാകുമാരിയിലാണ്. ഭാരതീയ സാഹിത്യത്തിലെ ഇതിഹാസ കൃതിയായ തിരുക്കുറളിന്റെ രചയിതാവാണ് തിരുവള്ളുവർ. 133 അടി ഉയരമുള്ള ഈ സ്മാരകം 38 അടി ഉയരമുള്ള പീഠത്തിലാണ് സ്ഥിതി ചെയ്യുന്നത്.
തഥാഗത ത്സാൽ
സിക്കിമിലെ റവാംഗ്ലയിൽ (റബോംഗ്) സ്ഥിതി ചെയ്യുന്ന പാർക്കാണ് ബുദ്ധ പാർക്ക് എന്നറിയപ്പെടുന്ന തഥാഗത ത്സാൽ. 130 അടി ഉയരമുള്ള കൂറ്റൻ ബുദ്ധ പ്രതിമയാണ് പാർക്കിന്റെ പ്രധാന ആകർഷണം.
ധ്യാന ബുദ്ധ പ്രതിമ
ആന്ധ്രാപ്രദേശിലെ അമരാവതിയിലുള്ള കൂറ്റൻ ബുദ്ധ പ്രതിമയാണ് ധ്യാന ബുദ്ധ പ്രതിമ. കൃഷ്ണ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രതിമയ്ക്ക് 125 അടി ഉയരമുണ്ട്. താമരപ്പൂവിൽ സ്ഥിതിചെയ്യുന്ന എട്ട് തൂണുകളാണ് ഈ പ്രതിമയിലുള്ളത്. ബുദ്ധ മതത്തെക്കുറിച്ചുള്ള തിരുവെഴുത്തുകൾ ഉൾക്കൊള്ളുന്ന ഒരു മ്യൂസിയവും ഇതിനോട് ചേർന്നുണ്ട്.
ആദിയോഗി ശിവ പ്രതിമ
കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന അർദ്ധകായ പ്രതിമയാണ് ആദിയോഗി ശിവ പ്രതിമ. 112 അടി ഉയരമുള്ള ഈ പ്രതിമ പൂർണമായും സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
Explore India’s tallest statues, including the Statue of Unity, Thiruvalluvar Statue, Adiyogi Shiva, and more, showcasing the nation’s history, culture, and spirituality.