ഇൻഫോസിസിലെ കൂട്ടപ്പിരിച്ചുവിടലിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് കർണാടക തൊഴിൽ മന്ത്രാലയം. ഇൻഫോസിസിന്റെ മൈസൂരു ക്യാംപസ്സിൽ നിന്ന് ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടതിൽ നിയമലംഘനം ഇല്ലെന്ന് തൊഴിൽ മന്ത്രാലയം സംസ്ഥാന ഗവൺമെന്റിന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ കർണാടക തൊഴിൽ മന്ത്രാലയം അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ പകർപ്പ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും സമർപ്പിക്കും. നേരത്തെ ഇൻഫോസിസിലെ കൂട്ടപ്പിരിച്ചുവിടലുകളിൽ കർണാടക തൊഴിൽ മന്ത്രാലയത്തിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. പിരിച്ചുവിടൽ നടപടി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനായിരുന്നു കേന്ദ്ര നിർദേശം. ഇതിനെത്തുടർന്നാണ് കർണാടക തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തിയത്.

ഇൻഫോസിസിൽ നടത്തിയ പരിശോധനയിൽ തൊഴിൽ നിയമങ്ങളുടെ ലംഘനമൊന്നും കണ്ടെത്തിയില്ലെന്ന് ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള ബന്ധം കമ്പനിയും പിരിച്ചുവിട്ടവരും തമ്മിൽ ഉണ്ടായിരുന്നില്ല. ജീവനക്കാർ എന്ന് വിളിക്കാൻ അവർക്ക് നിയമന കത്തുകൾ പോലും നൽകിയിരുന്നില്ല. മൂന്ന് മാസത്തേക്ക് സ്റ്റൈപ്പൻഡ് ശമ്പളം ലഭിച്ചിരുന്ന അവർ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിരുന്നുവെന്ന് റിപ്പേർട്ടിൽ പറയുന്നു. ഒരു കമ്പനിയുടേയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
Infosys trainee terminations spark controversy as government review finds no labour law violations, while complaints reach the Prime Minister’s Office and the central labour ministry seeks intervention