പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ലാപ്ടോപ്പ് പരീക്ഷിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിഡിഎൻ (VVDN) ടെക്നോളജീസ് എന്ന കമ്പനിയുടെ ഇന്ത്യൻ നിർമിത ലാപ്ടോപ്പ് പരീക്ഷിക്കുന്ന വീഡിയോയാണ് മന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.

ഹാർഡ്വെയർ, മദർബോർഡ്, മെക്കാനിക്കൽസ്, ബോഡി, സോഫ്റ്റ്വെയർ എന്നിവ ഇന്ത്യയിൽ നിർമിച്ച ലാപ്ടോപ്പ് അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണെന്ന് കേന്ദ്ര മന്ത്രി പങ്കിട്ട വീഡിയോയിൽ വിവിഡിഎൻ ടെക്നോളജീസ് സിഇഒ പുനീത് അഗർവാൾ വ്യക്തമാക്കി. വീഡിയോയിൽ ലാപ്ടോപ്പിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം വൈറ്റ്-ലേബലിംഗിനായി ഒഇഎമ്മുകൾക്ക് എൻട്രി ലെവൽ ലാപ്ടോപ്പ് സൊല്യൂഷനുകൾ വിവിഡിഎൻ ടെക്നോളജീസ് നൽകുന്നു.

വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് 14 ഇഞ്ച് ഡിസ്പ്ലേ, ഇന്റൽ സെലിറോൺ പ്രൊസസർ, 256 ജിബി വരെയുള്ള സാട്ട എസ്എസ്ഡി സ്റ്റോറേജ്, 8 ജിബി വരെ റാം, മൈക്രോസോഫ്റ്റ് വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിവയാണ് ലാപ്ടോപ്പിന്റെ സവിശേഷതകൾ.
Ashwini Vaishnaw tests VVDN’s Made-in-India laptop, built with fully Indian hardware, software, and manufacturing, ensuring high quality and meeting global standards for performance and reliability.