നേതൃപാടവവും സംരംഭകത്വ മനോഭാവവും കൊണ്ട് അതിശയിപ്പിക്കുന്ന ‘കുട്ടി സംരംഭകനാണ്’ മലയാളിയായ ആദിത്യൻ രാജേഷ് (Aadithyan Rajesh). ഐടി സംരംഭകനായ ആദിത്യൻ വളരെ ചെറുപ്രായത്തിൽ തന്നെ ടെക് ലോകത്ത് തരംഗം സൃഷ്ടിച്ചു. ഇപ്പോൾ ദുബായിൽ പ്രവർത്തിക്കുന്ന ആദിത്യൻ വെബ് ഡിസൈൻ-സോഫ്റ്റ്‌വെയർ വികസന കമ്പനിയായ ട്രൈനെറ്റ് സൊല്യൂഷൻസിന്റെ (Trinet Solutions) സ്ഥാപകനാണ്.

വെറും അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ ബിബിസി ടൈപ്പിംഗ് വെബ്‌സൈറ്റിലൂടെയാണ് ആദിത്യൻ്റെ സാങ്കേതികവിദ്യയോടുള്ള അഭിനിവേശം ആരംഭിച്ചത്. ഒൻപത് വയസ്സ് ആകുമ്പോഴേക്കും ആദിത്യൻ സ്വന്തം മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിച്ചു. പിന്നീട് വെറും 13ാം വയസ്സിലാണ് ഈ ‘കുട്ടി സംരംഭകൻ’ ട്രൈനെറ്റ് സൊല്യൂഷൻസ് ആരംഭിച്ചത്. ഇതിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഓമാരിൽ ഒരാളായും ആദിത്യൻ മാറി. ഐടി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ട്രൈനെറ്റ് വെബ്, ആപ്പ് ഡിസൈൻ മുതൽ വിവിധ ക്ലയൻ്റുകൾക്ക് ടെക് സൊല്യൂഷനുകൾ വരെ നൽകുന്നു.

സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റിനു പുറമേ, ലോഗോ-വെബ്‌സൈറ്റ് ഡിസൈനിലും ആദിത്യൻ തൻ്റെ വൈദഗ്ധ്യം തെളിയിക്കുന്നു. പഠനത്തോടും ബിസിനസ്സിനോടുമൊപ്പം ആദിത്യൻ ‘എ ക്രേസ്’ എന്ന യൂട്യൂബ് ചാനലിലൂടെ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സാങ്കേതികവിദ്യ, കോഡിംഗ്, ഗെയിമിംഗ്, വെബ് ഡിസൈൻ തുടങ്ങിയവയെക്കുറിച്ചുള്ള നുറുങ്ങുകൾ പങ്കിടുന്ന ചാനലാണ് ആദിത്യന്റെ ‘എ ക്രേസ്’. നിലവിൽ ആൻഡ്രോയിഡ് ആപ്പ് ഡെവലപ്‌മെൻ്റ് കോഴ്‌സുകളും ആദിത്യൻ ചെയ്യുന്നുണ്ട്.

ട്രൈനെറ്റ് സൊല്യൂഷൻസ് ഔദ്യോഗികമായി റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇതിനോടകം ആദിത്യനും മൂന്ന് സ്കൂൾ സുഹൃത്തുക്കളും ചേർന്ന് 12ലധികം ക്ലയൻ്റുകൾക്കായി പ്രൊജക്റ്റുകൾ പൂർത്തിയാക്കി. ഇതിനുപുറമേ ആദിത്യൻ പഠിക്കുന്ന സ്കൂളിനായി ക്ലാസ് മാനേജ്മെൻ്റ് ആപ്പും പ്രവർത്തിപ്പിക്കുന്നു. ഇതിലൂടെ സഹപാഠികൾക്ക് സാങ്കേതിക പിന്തുണ നൽകുകയാണ് ലക്ഷ്യം. ട്രൈനെറ്റ് സൊല്യൂഷൻസ് ആഗോളതലത്തിൽ വികസിപ്പിക്കുകയും ഐഒഎസ് ഉപകരണങ്ങൾക്ക് അടക്കമുള്ള ആപ്പുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് പതിനാറുകാരനായ ആദിത്യൻ്റെ സ്വപ്നം.
Aadithyan Rajesh, a young entrepreneur from Kerala, founded Trinet Solutions at 13, excelling in web design and software development. His journey inspires young tech enthusiasts.
