ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താര ദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ സന്തോഷ വാർത്ത പങ്കുവെച്ചത്. ഇതോടെ ഇരുവരുടേയും ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. ബോളിവുഡിലെ അതിസമ്പന്നരായ താരദമ്പതിമാരിൽ പെടുന്ന സിദ്ധാർത്ഥിന്റേയും കിയാരയുടേയും ആകെ ആസ്തി 145 കോടി രൂപയോളമാണ്.

ലൈവ് മിന്റിന്റെ റിപ്പോർട്ട് പ്രകാരം 40 കോടി രൂപയാണ് കിയാര അദ്വാനിയുടെ 2025ലെ ആസ്തി. സിനിമാരംഗത്തിനു പുറമേ ബ്രാൻഡ് എൻഡോർസ്മെന്റ്, നിക്ഷേപങ്ങൾ തുങ്ങിയവയാണ് കിയാരയുടെ സമ്പത്ത് വർധിപ്പിക്കുന്നത്. മൂന്ന് കോടി രൂപയാണ് കിയാരയ്ക്ക് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് പ്രതിഫലം ലഭിക്കുന്നത്. ബ്രാൻഡ് എൻഡോർസ്മെന്റിന് 1.5 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. സെൻകോ ഗോൾഡ്, ഗ്യാലക്സി ചോക്ലേറ്റ്സ്, മിന്ത്ര തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ ഐക്കണാണ് കിയാര.

2025ലെ കണക്കനുസരിച്ച് സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് 105 കോടി രൂപയുടെ ആസ്തിയുണ്ട്. ഒരു ചിത്രത്തിന് 15 കോടി മുതൽ 20 കോടി രൂപ വരെയാണ് താരത്തിന്റെ പ്രതിഫലം. പെപ്പെ ജീൻസ്, മെട്രോ ഷൂസ്, ബ്രിൽക്രീം, കൊക്കകോള തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഐക്കൺ താരമാണ് സിദ്ധാർത്ഥ്. റേഞ്ച് റോവർ, മെർസിഡേർസ് മേബാക്ക് തുടങ്ങി നിരവധി ആഢംബര വാഹനങ്ങളും സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് സ്വന്തമായുണ്ട്. ബൈക്ക് പ്രേമി കൂടിയായ അദ്ദേഹത്തിന്റെ പക്കൽ ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ് പോലുള്ള വമ്പൻ ബൈക്കുകളുമുണ്ട്.
Bollywood power couple Kiara Advani and Sidharth Malhotra have a combined net worth of ₹145 crore in 2025, earning from films, endorsements, and luxury investments.