‘പോടാ നേതാവല്ല, വാടാ നേതാവാണ്’ ഒയോ (Oyo) സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ (Ritesh Agarwal). ദൈനംദിന ബിസിനസ്സിൽ എല്ലാ കാര്യങ്ങളും ജോലിക്കാർ പോയി ചെയ്തോളും എന്ന നിലപാടുള്ള സംരംഭകരാണ് ‘പോടാ’ നേതാക്കൾ. എന്നാൽ എല്ലാ കാര്യങ്ങളും ജോലിക്കാർക്ക് ഒപ്പം നിന്ന് ചെയ്യുന്നവരാണ് ‘വാടാ’ നേതാക്കൾ. കഴിഞ്ഞ ദിവസം മുംബൈ ടെക് വീക്കിൽ സംസാരിക്കവേ റിതേഷ് നടത്തിയ വെളിപ്പെടുത്തലിലൂടെ അദ്ദേഹം ജോലിക്കാർക്കും മറ്റ് സംരംഭകർക്കും മാതൃകയാകുകയാണ്.
താൻ ഇപ്പോഴും തന്റെ ഹോട്ടലുകളിലെ വാഷ്റൂമുകൾ വൃത്തിയാക്കാറുണ്ട് എന്ന റിതേഷിന്റെ വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയാകുന്നത്. ഒരു റോൾ മോഡലിംഗ് വ്യായാമമെന്ന നിലയിൽ വാഷ്റൂമുകൾ വൃത്തിയാക്കാറുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. നേതൃത്വം പദവികളെ സംബന്ധിച്ച നെടുനീളൻ ലേഖനങ്ങളല്ല എന്നും, മറിച്ച് പ്രവർത്തനത്തിലൂടെ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതാണ് എന്നുമുള്ള വ്യക്തമായ സന്ദേശമാണ് അദ്ദേഹം ഇതിലൂടെ വെളിപ്പെടുത്തുന്നത്.
ഒരു സംരംഭകനെന്ന നിലയിൽ ഭയം, നാണക്കേട്, അഹങ്കാരം ഇതെല്ലാം മുറിക്ക് പുറത്ത് ഉപേക്ഷിക്കുക. ഈ മൂന്ന് കാര്യങ്ങളുമാണ് സംരംഭക വിജയത്തിന്റെ ഏറ്റവും വലിയ ശത്രുക്കളെന്ന് അദ്ദേഹം പറഞ്ഞു. 29കാരനായ റിതേഷിന്റെ ഒയോ 80 രാജ്യങ്ങളിലായി ഒരു ദശലക്ഷത്തിലധികം
മുറികൾ പ്രവർത്തിക്കുന്നതിലേക്ക് വളർന്നത് ഈ മനോഭാവം കൊണ്ടുതന്നെയാണ് എന്ന് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറയുകയാണ്. 2024ലെ കണക്കനുസരിച്ച് ₹1,900 കോടി അഥവാ $225 മില്യണാണ് റിതേഷിന്റെ ആസ്തി.
Oyo founder Ritesh Agarwal exemplifies ‘no-nonsense’ leadership by working alongside employees, even cleaning hotel washrooms, to set workplace standards.
