കേരള ബാങ്കിനെ നബാർഡ് വീണ്ടും ‘സി’ ഗ്രേഡിൽ നിന്ന് ‘ബി’യിലേക്ക് ഉയർത്തി.തൊട്ടു പിന്നാലെ കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. എന്നാലിത് ബാങ്കിങ്ങ് ഇടപാടുകളെ സാരമായി ബാധിക്കില്ല.

പുതുക്കിയ പലിശ നിരക്ക് പ്രകാരം രണ്ട് വർഷമോ അതിലധികമോ ഉള്ള നിക്ഷേപങ്ങൾക്ക് 8% നു പകരം 7.85% പലിശ ലഭിക്കും. ഒരു വർഷം മുതൽ 2 വർഷത്തിനകത്തുള്ള നിക്ഷേപങ്ങൾക്ക് 8.25% നു പകരം 7.75% പലിശ ലഭിക്കും.
ഗ്രേഡിങ് ‘സി’ യിലേക്ക് താഴാനിടയായ കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയിൽ ‘ബി’ ലഭിച്ചത്.

ഇതോടൊപ്പം എൻ.ആർ.ഐ ബാങ്കിങ്ങിനുള്ള ആർ.ബി.ഐ അനുമതി നേടിയെടുക്കുന്നതടക്കമുള്ള വികസന പദ്ധതികൾ നടപ്പാക്കി വരികയാണ്.
2024-25 സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും സഞ്ചിതനഷ്ടം പൂർണമായും നികത്തി ബാങ്ക് അറ്റലാഭത്തിലും നിഷ്ക്രിയ ആസ്തി (എൻ.പി.എ.) റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം ഏഴുശതമാനത്തിനുതാഴെയും എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതോടെ റിസർവ് ബാങ്കിൽനിന്ന് എൻ.ആർ.ഐ. ബാങ്കിങ് ലൈസൻസ്, ഇന്റർനെറ്റ്/തേഡ് പാർട്ടി ബിസിനസ് ലൈസൻസുകൾ ലഭ്യമാകും . ഇതോടെ കേരളാ ബാങ്കിന് മറ്റേതൊരു ദേശസാൽകുത ബാങ്കും നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് നൽകാനാവും.
2023-24 വർഷത്തെ പരിശോധനയെത്തുടർന്ന് നടത്തിയ ഗ്രേഡിങ്ങിലാണ് നബാർഡ്
കേരള ബാങ്കിനെ വായ്പാ ബാക്കിയിരിപ്പ് മുൻ നിർത്തി ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തത്. ബാങ്കിന്റെ ‘ ചരിത്രത്തിലാദ്യമായി വായ്പാ ബാക്കിനിൽപ്പിൽ ബാങ്ക് 50,000 കോടി രൂപ പിന്നിട്ടിരുന്നു. മാർച്ച് അവസാനിക്കുമ്പോഴേക്കും ഇത് 52,000 കോടി കടക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ബാങ്കിന്റെ മൊത്തം വായ്പയിൽ 25 ശതമാനവും കാർഷികമേഖലയിലാണ് നൽകുന്നത്. 2025-26 സാമ്പത്തികവർഷം ഇത് 33 ശതമാനമായി ഉയർത്തും. ചെറുകിട വ്യവസായ-സംരംഭക-സേവന മേഖലയിൽ 2024-25 സാമ്പത്തികവർഷം നാളിതുവരെ 25,579 വായ്പകളിലായി 1556 കോടി രൂപ നൽകിയിട്ടുണ്ട്. കേരള ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 100 കർഷക ഉത്പാദകസംഘങ്ങൾ രൂപവത്കരിക്കുന്നതിനായി 10 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിനകം 36 സംഘങ്ങളുടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
തൻ വർഷം 18,000 കോടി രൂപയിലധികം വായ്പയായി വിതരണംചെയ്യാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. 2024-25 സാമ്പത്തികവർഷം അവസാനിക്കാൻ ഒരുമാസംകൂടി ബാക്കിനിൽക്കെ മുൻവർഷത്തെ അപേക്ഷിച്ച് 2000 കോടിരൂപ അധികമാണിത്.
NABARD has upgraded Kerala Bank to ‘B’ grade, leading to interest rate adjustments and efforts to secure an NRI banking license. The bank also aims to enhance agricultural lending and financial stability.