കഴിഞ്ഞ ദിവസമാണ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ (SEBI) ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ നിയമിതനായത്. മുൻ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ കാലാവധി അവസാനിച്ചതോടെയാണ് ചെയർമാൻ സ്ഥാനത്തേക്ക് തുഹിൻ പാണ്ഡെയെ നിയമിച്ചത്. തുഹിൻ കാന്ത പാണ്ഡെയുടെ കരിയറും സെബിയിലേക്ക് അദ്ദേഹം എത്തിയത് എങ്ങനെയെന്നും നോക്കാം.

1987 ബാച്ച് ഒഡീഷ കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിൻ പാണ്ഡേയ്ക്ക് പൊതുഭരണത്തിൽ വർഷങ്ങളുടെ പരിചയമുണ്ട്. സെബി ചെയർമാനായി നിയമിക്കപ്പെടുന്നതിന് മുൻപ് കേന്ദ്ര ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. എയർ ഇന്ത്യയുടെ ചരിത്രപരമായ വിൽപന, എൽഐസിയുടെ പൊതു ലിസ്റ്റിംഗ് ഉൾപ്പെടെയുള്ളവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിൽ തുഹിൻ പാണ്ഡെ നിർണായക പങ്കുവഹിച്ചു.

പബ്ലിക് എന്റർപ്രൈസസ് വകുപ്പ് (DPE), ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (DIPAM) തുടങ്ങിയവയെ നയിച്ചതിലൂടെ നിർണായക സ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ കരിയർ. തുഹിൻ പാണ്ഡെ ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും യുകെയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. സെബി ചെയർമാൻ എന്ന നിലയിൽ സാമ്പത്തിക മാനേജ്മെന്റ് വൈദഗ്ധ്യത്തിലൂടെ രാജ്യത്തിന്റെ ഓഹരി വിപണിയെ പുതിയ മേഖലകളിലേക്ക് നയിക്കാൻ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു.
Tuhin Kanta Pandey Appointed SEBI Chairman, Brings Decades of Experience in Finance, Governance, and Public Administration