അന്താരാഷ്ട്ര വനിതാ ദിനം പ്രത്യേക കടൽ യാത്രയുമായി വർണാഭമായി ആഘോഷിക്കാൻ കെഎസ്ആർടിസി. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും (BTC) കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും (KSINC) ചേർന്നാണ് വനിതാ ദിനത്തിൽ (മാർച്ച് 8) വനിതകൾക്ക് വേണ്ടി പ്രത്യേക കടൽയാത്ര ഒരുക്കിയിരിക്കുന്നത്. ‘ഓൾ വുമൺ ഈവനിംഗ് ക്രൂയിസ് വിത്ത് ഡിജെ’ പാക്കേജിൽ കെഎസ്ഐഎൻസിയുടെ ആദ്യ ലക്ഷ്വറി ക്രൂയിസ് ആയ നെഫെർട്ടിറ്റിയിലാണ് കടൽയാത്ര.

മാർച്ച് 8ന് നടി ആതിര ഹരികുമാറിന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 വനിതകളുടെ സംഘമാണ് ലക്ഷ്വറി ക്രൂയിസ് നെഫെർട്ടിറ്റിയിൽ കടൽയാത്രയ്ക്ക് ഇറങ്ങുക. കെഎസ്ആർടിസി ബിടിസി സെൽ വഴി പാക്കേജ് ലഭിച്ച സ്ത്രീകളെ പയ്യന്നൂർ, തൃശൂർ, ചെങ്ങന്നൂർ, കൊല്ലം തുടങ്ങിയ ഡിപ്പോകളിൽ നിന്നും പ്രത്യേകം കമീകരിച്ച ബസ്സിൽ കൊച്ചിയിലെത്തിക്കും. തുടർന്ന് ബോൾഗാട്ടി ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ജെട്ടിയിലെത്തിച്ച് നെഫെർട്ടിറ്റിയിൽ യാത്ര തുടങ്ങും. നേരത്തെ വനിതാ ദിനത്തോട് അനുബന്ധിച്ച് യാത്രയിൽ വനിതകൾക്ക് 600 രൂപ നിരക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. കടൽവിസ്മയങ്ങൾ ആസ്വദിച്ചുള്ള യാത്രയ്ക്ക് പകിട്ടേകാൻ ഡിജെ പോലുള്ളവയും ക്രൂയിസിൽ ഒരുക്കിയിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം നൽകുന്ന ഈ സവിശേഷ പാക്കേജ് പുറത്തിറക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.എസ്. പ്രമോജ് ശങ്കർ പറഞ്ഞു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ സജീവ പിന്തുണയോടെ ബിടിസി ഇപ്പോൾ ജനങ്ങൾക്കിടയിൽ ജനപ്രിയമായി. യാത്രക്കാരുടെ ആവശ്യത്തെ അടിസ്ഥാനമാക്കി ഡേ ക്രൂയിസ് പാക്കേജും ഉടൻ ഏറ്റെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പാക്കേജ് വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9846475874
KSRTC Budget Tourism Cell and KSINC are hosting a special ‘All Women Evening Cruise with DJ’ on luxury cruise Nefertiti for Women’s Day. Actress Athira Harikumar to lead 150 women on this exclusive sea adventure.