ഭവീഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ (Ola Electric Mobility) റെഗുലേറ്ററി പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. തദ്ദേശീയ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒലയുടെ ദ്രുതഗതിയിലുള്ള ഷോറൂം വിപുലീകരണം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
2022 മുതൽ ഒല ഇലക്ട്രിക് ഫിസിക്കൽ സ്റ്റോറുകളുടെ എണ്ണം 4,000 ആയി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ 100ഓളം ഷോറൂമുകൾക്ക് മാത്രമേ
മോട്ടോർ വാഹന നിയമപ്രകാരമുള്ള ട്രേഡ് സർട്ടിഫിക്കറ്റുകൾ ഉള്ളൂ എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഒല ഇലക്ട്രിക്കിന്റെ 95 ശതമാനത്തിലധികം സ്റ്റോറുകളിലും റജിസ്റ്റർ ചെയ്യാത്ത ഇരുചക്ര വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനോ വിൽക്കുന്നതിനോ ടെസ്റ്റ് റൈഡുകൾ വാഗ്ദാനം ചെയ്യുന്നതിനോ ആവശ്യമായ സർട്ടിഫിക്കേഷൻ ഇല്ല എന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ഉപഭോക്തൃ പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളമുള്ള ഓല ഇലക്ട്രിക് ഷോറൂമുകൾ ഗതാഗത അധികൃതർ റെയ്ഡ് ചെയ്യുകയും അവയിൽ ചിലത് അടച്ചുപൂട്ടുകയും ചെയ്തു. വാഹനങ്ങൾ പിടിച്ചെടുക്കുക, കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചതായി ആഭ്യന്തര രേഖകളും സർക്കാർ മുന്നറിയിപ്പും ഉദ്ധരിച്ച് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പിഴവുകൾ സംബന്ധിച്ച ബ്ലൂംബെർഗിന്റെ ‘അന്വേഷണ’ റിപ്പോർട്ട് തെറ്റായതും മുൻവിധിയോടെയുള്ളതുമാണെന്ന് ഒല വക്താവ് പ്രതികരിച്ചു. ഇന്ത്യയിലെങ്ങുമുള്ള വിതരണ കേന്ദ്രങ്ങളിലും വെയർഹൗസുകളിലും രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളുടെ ഇൻവെന്ററി ഒല സൂക്ഷിക്കുന്നുണ്ട്. അവ മോട്ടോർ വാഹന നിയമത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നതും ആവശ്യമായ അംഗീകാരങ്ങളുള്ളതുമാണെന്നും കമ്പനി പ്രതിനിധി കൂട്ടിച്ചേർത്തു.
Ola Electric faces regulatory trouble as authorities raid showrooms, seize vehicles, and issue legal notices over missing trade certificates, putting its expansion plans at risk