ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ഷേത്ര ട്രസ്റ്റ് ആണ് തിരുമല തിരുപ്പതി ദേവസ്ഥാനം. 4,774 കോടി രൂപയുടെ വാർഷിക വരുമാനമാണ് 2025 സാമ്പത്തിക വർഷത്തിൽ ക്ഷേത്രത്തിനു ലഭിച്ചത്. ഈ വാർഷിക വരുമാനത്തിൽ 1.5 ശതമാനത്തിൽ താഴെയാണ് ജിഎസ്ടി നികുതിയായി ക്ഷേത്രം നൽകേണ്ടതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രങ്ങൾക്ക് കേന്ദ്രം ജിഎസ്ടി ചുമത്തുന്നുവെന്ന അവകാശവാദത്തെച്ചൊല്ലി പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും പരസ്പരം വാഗ്വാദം നടത്തി വിവാദം കത്തിപ്പടരുമ്പോഴാണ് ക്ഷേത്ര ജിഎസ്ടിയുമായി ബന്ധപ്പെട്ട് മണികണട്രോളിന്റെ വിശകലനം. വിശകലനത്തിന്റെ വിശദാംശങ്ങൾ നോക്കാം.
ക്ഷേത്രങ്ങളോട് ജിഎസ്ടി അടയ്ക്കാൻ ആവശ്യപ്പെടുന്നതായി അവകാശപ്പെടുന്ന തമിഴ് ദിനപത്രത്തിലെ വാർത്ത ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷം വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. ക്ഷേത്രങ്ങൾക്കും മതപരമായ സ്ഥലങ്ങൾക്കും ഇളവുകൾ ഉണ്ടെന്നും ജിഎസ്ടി വാണിജ്യ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ബാധകമാക്കിയതെന്നും പറഞ്ഞു. മതപരമോ ആത്മീയമോ ആയ പ്രവർത്തനങ്ങൾക്ക് ജിഎസ്ടി ബാധകമല്ല എന്നാണ് ബിജെപി പ്രതിനിധി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
2024 നവംബറിൽ രാജ്യത്തെ തന്നെ ഏറ്റവും സമ്പന്ന ക്ഷേത്രമായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് 1.57 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കാനായി നോട്ടീസ് നൽകിയിരുന്നു. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് 2014ൽ മാത്രം ക്ഷേത്രത്തിലെ വരുമാനം 700 കോടി രൂപയോളമാണ്. മറ്റൊരു സമ്പന്ന ക്ഷേത്രമായ ജമ്മു കത്ര വൈഷ്ണോദേവി ക്ഷേത്രത്തിന് 2024ൽ മാത്രം 683 കോടി രൂപയോളം വരുമാനം ലഭിച്ചു.
ഇന്ത്യയിലെ മുഴുവൻ ക്ഷേത്രങ്ങളുടേയും വരുമാനം സംബന്ധിച്ച വിശദമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ട് ക്ഷേത്ര ട്രസ്റ്റുകളുടെ വരുമാനം മാത്രം എടുക്കുമ്പോൾ ഇത് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇരട്ടിയായതായി കാണാം. തിരുപ്പതി ട്രസ്റ്റിന് 2017 സാമ്പത്തിക വർഷത്തിൽ 2,678 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായിരുന്നത്. 2025 സാമ്പത്തിക വർഷത്തിൽ അത് 5,145 കോടി രൂപയായി വർദ്ധിച്ചുവെന്ന് ക്ഷേത്ര വെബ്‌സൈറ്റ് പറയുന്നു. വൈഷ്ണോ ദേവി ട്രസ്റ്റിന്റെ വരുമാനം 2017 സാമ്പത്തിക വർഷത്തിൽ 380 കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 683 കോടി രൂപയായി ഉയർന്നു.
വരുമാനത്തിനൊപ്പം ജിഎസ്ടിയിലും മാറ്റമുണ്ട്. തിരുപ്പതിയുടെ കാര്യത്തിൽ ക്ഷേത്രം 2017 സാമ്പത്തിക വർഷത്തിൽ 14.7 കോടി രൂപയും, 2022ൽ 15.58 കോടി രൂപയും, 2023 സാമ്പത്തിക വർഷത്തിൽ 32.15 കോടി രൂപയും, 2024ൽ 32.95 കോടി രൂപയും ജിഎസ്ടിയായി നൽകി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് 2017 മുതൽ ഏഴ് വർഷത്തേക്കാണ് ജിഎസ്ടി ബാധ്യതയായി 1.57 കോടി രൂപ നിശ്ചയിച്ചത്.
പ്രസാദവും മതപരമായ ചടങ്ങുകളും ജിഎസ്ടി വരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിനും വൈഷ്ണോ ദേവി ക്ഷേത്രത്തിനും ഈ വരുമാനം ആകെ വരുമാനത്തിന്റെ മൂന്നിലൊന്നിൽ കൂടുതലായിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ വൈഷ്ണോ ദേവി ക്ഷേത്ര വരുമാനത്തിന്റെ 37 ശതമാനം സംഭാവനകളിൽ നിന്നാണ് ലഭിച്ചത്. 2025 സാമ്പത്തിക വർഷത്തിൽ തിരുപ്പതി ക്ഷേത്രവരുമാനത്തിന്റെ 34 ശതമാനം സംഭാവനകളിൽ നിന്നാണ് ലഭിച്ചത്.
വാടക 1,000 രൂപയിൽ കൂടുതലാണെങ്കിൽ, കമ്മ്യൂണിറ്റി ഹാൾ അല്ലെങ്കിൽ ഓപ്പൺ ഏരിയ ഫീസ് 10,000 രൂപയിൽ കൂടുതലാണെങ്കിൽ, കെട്ടിടങ്ങളുടെ വാടകയ്ക്ക് ജിഎസ്ടി ഈടാക്കും. ബിസിനസ്സിനായി വാടകയ്‌ക്കെടുക്കുന്ന കടകൾക്കും മറ്റ് സ്ഥലങ്ങൾക്കും പ്രതിമാസ വാടക 10,000 രൂപയിൽ താഴെയാണെങ്കിൽ ജിഎസ്ടി ബാധകമല്ല. ട്രസ്റ്റുകൾ നടത്തുന്ന സുവനീർ ഷോപ്പുകൾക്കും മറ്റ് വാണിജ്യ സംരംഭങ്ങൾക്കും ജിഎസ്ടി ബാധകമാണ്. വൈഷ്ണോ ദേവി ട്രസ്റ്റ് ഒരു ഹെലികോപ്റ്റർ സർവീസും സുവനീർ ഷോപ്പുകളും നടത്തുന്നുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ ട്രസ്റ്റ് വിൽപ്പനയിൽ നിന്ന് 19 ശതമാനം അഥവാ 129.6 കോടി രൂപയും വാടക വരുമാനത്തിൽ 84 കോടി രൂപ അഥവാ 12 ശതമാനം രൂപയും നേടി.
How India’s Wealthiest Temples Like Tirumala Tirupati Devasthanam and Vaishno Devi Are Taxed Under GST, What Incomes Are Exempt, and the Ongoing Debate Over Taxation of Religious Institutions