യുകെയിൽ എട്ടു മില്യൺ പൗണ്ട് (ഏകദേശം 90 കോടി രൂപ) നിക്ഷേപിക്കാൻ കൊച്ചി ആസ്ഥാനമായുള്ള റോബോട്ടിക്സ് കമ്പനി ശാസ്ത്ര ഗ്ലോബൽ ബിസിനസ് ഇന്നൊവേഷൻ (SGBI). അടുത്ത മൂന്നു വർഷം കൊണ്ടാണ് ഈ തുക നിക്ഷേപിക്കുക. ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജൊനാഥൻ റെയ്നോൾഡ്സ് ആണ് നിക്ഷേപ വിവരം യുകെ ഗവൺമെന്റ് പബ്ലിക് ഇൻഫർമേഷൻ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ യുകെയിൽ നിക്ഷേപം നടത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ റോബോട്ടിക്സ് കമ്പനിയായി മാറിയിരിക്കുകയാണ് എസ്ജിബിഐ.
മുൻപ് ശാസ്ത്ര റോബോട്ടിക്സ് എന്ന് അറിയപ്പെട്ടിരുന്ന എസ്ജിബിഐ 2013ലാണ് സ്ഥാപിതമായത്. എസ്ജിബിഐയുടെ പുതിയ നിക്ഷേപം യുകെയ്ക്ക് റോബോട്ടിക്സ് രംഗത്ത് വളർച്ച നൽകുന്നതിനൊപ്പം 75ലധികം ജോലിസാധ്യതകളും സൃഷ്ടിക്കുമെന്നും ജൊനാഥൻ റെയ്നോൾഡ്സ് പബ്ലിക് ഇൻഫർമേഷൻ വെബ്സൈറ്റിൽ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും യുകെയ്ക്ക് ലഭിക്കുന്ന 100 ബില്യൺ പൗണ്ട് നിക്ഷേപങ്ങളുടെ ഭാഗമായാണ് എസ്ജിബിഐയുടെ വിവരവും പ്രഖ്യാപിച്ചിട്ടുള്ളത്.
യുകെയിൽ നിന്നും 2023ൽ ലഭിച്ച 150ഓളം ടെസ്റ്റിങ് ഓർഡറുകളുടെ തുടർച്ചയാണ് പുതിയ നിക്ഷേപമെന്ന് എസ്ജിബിഐ സഹസ്ഥാപകനും സിഇഓയുമായ ആരോണിൻ പൊന്നപ്പൻ പ്രതികരിച്ചു. കളമശ്ശേരിയിൽ 40 പേർ ജോലി ചെയയ്യുന്ന യൂണിറ്റാണ് നിലവിലെ ഓർഡർ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Kochi-based robotics firm Sastra Global Business Innovation (SGBI) announces an £8 million investment in the UK, marking the first South Indian robotics company to expand there.