എഐ രംഗത്ത് സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയുടെ പങ്കിനെക്കുറിച്ച് വിശദമാക്കി കേരള സ്റ്റാർട്ടപ് മിഷൻ (KSUM) സിഇഒ അനൂപ് അംബിക. സ്റ്റാർട്ടപ്പുകൾ ഇതിനകം എഐയിൽ പ്രവർത്തിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട ഡിജിറ്റൽ അസറ്റുകളും പരിഹാരങ്ങളും നിർമിക്കുന്നു. കേരളത്തിൽ കെ-എഐ മിഷൻ (K-AI Mission) പോലുള്ള പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. ഐടി മിഷൻ ഇതുമായി മികച്ച മുന്നേറ്റം നടത്തി. 42ഓളം ഡിപാർട്മെന്റുകളുമായി ബന്ധപ്പെട്ട് ഓരോ ഡിപാർട്മെന്റുകളിലും എഐ എങ്ങനെ ഉപയോഗിക്കാം എന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിൽ ഏറ്റവും പ്രധാനമെന്ന് തോന്നിയ കാര്യവും അനൂപ് അംബിക ചൂണ്ടിക്കാട്ടി. ശബരിമലയിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള വഴികളിലെല്ലാം എഐ ക്യാമറകളുണ്ട്. ഈ ഫീഡിനെ വിശകലനം ചെയ്ത് എത്ര പേർക്ക് ഒരേസമയം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടക്കാം എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകാനാകും. ഇതേതരത്തിൽ സാമ്പത്തിക മേഖലയിലും കാർഷികമേഖലയിലുമെല്ലാം എഐ ഇടപെടലുകളിലൂടെ നിരവധി മാറ്റങ്ങൾ കെ-ഐയിലൂടെ നടപ്പിലാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐ നയങ്ങളുടെയും ഉത്തരവാദിത്വപൂർണമായ ഉപയോഗത്തിന്റെയും സാധ്യതകളെക്കുറിച്ചും അദ്ദേഹം അഭിപ്രായം പങ്കുവെച്ചു. സാങ്കേതികവിദ്യ ശക്തമായിരുന്നാലും, വിശ്വാസം, നൈതികത, ഉത്തരവാദിത്വപൂർണ്ണമായ ഉപയോഗം തുടങ്ങിയവ ആവിഷ്‌കരിക്കുന്നത് പ്രധാനമാണ്. ദേശീയ-സംസ്ഥാന തലങ്ങളിൽ എഐ നയങ്ങൾ രൂപപ്പെടുത്താനുള്ള പ്രക്രിയ ഇപ്പോൾ നടക്കുകയാണ്. എഐയുടെ യഥാർത്ഥ ശക്തിയും അതിന്റെ സാധ്യതകളും ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് നമ്മൾ അതിന്റെ അപകടങ്ങളും തിരിച്ചറിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോക്ടർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, സിനിമാ താരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ ഉപഭോക്താക്കളെ ഉൾപ്പെടുത്തി വിവേകപരമായ ചർച്ചകൾ എഐയുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ട്. സംസ്ഥാനത്ത് അടുത്തിടെ നടന്ന എഐ സമ്മിറ്റും ഈ മാസം ഡൽഹിയിൽ നടക്കാനിരിക്കുന്ന ആഗോള സമ്മിറ്റുമെല്ലാം എഐ നയങ്ങളിൽ പൊതുപരിപ്രവർത്തകർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവരെ ഒരുമിച്ചുകൂട്ടി വ്യവസ്ഥാപരമായ തീരുമാനങ്ങൾ എടുക്കാനുള്ള വലിയ വേദിയായി മാറുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussions from the recent Kerala AI Summit are feeding into the upcoming Global AI Summit in Delhi to create a unified AI framework.