ഗോൾഡ് ലോണിൽ നിയമം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). സ്വർണം പണയം വെച്ച് വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർക്കശമാക്കാനാണ് ആർബിഐ തീരുമാനം.

ബാങ്കുകൾ, എൻബിഎഫ്സികൾ എന്നിവ ഉൾപ്പെടെ വായ്പ നൽകുന്ന സ്ഥാപനങ്ങൾ അണ്ടർ റൈറ്റിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആർബിഐ നിർദേശം നൽകിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ സ്വർണം പണയം വെച്ച് വായ്പ ലഭിക്കുന്നത് ഇനി മുതൽ എളുപ്പമായിരിക്കില്ല എന്നാണ് വിലയിരുത്തൽ.

അപേക്ഷകന് വായ്പ ലഭിക്കാൻ യോഗ്യതയുണ്ടോ എന്ന് വായ്പ നൽകുന്ന സ്ഥാപനം തീരുമാനിക്കുന്ന നടപടിക്രമങ്ങൾക്കാണ് അണ്ടർ റൈറ്റിങ് എന്ന് പറയുന്നത്. വായ്പ നൽകിയ പണം ഉപയോക്താക്കൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കണമെന്നും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്.

വായ്പ നൽകുന്നതിനു മുൻപ് അപേക്ഷകന്റെ പശ്ചാത്തലം സൂക്ഷ്മമായി വിലയിരുത്തണം, പണയം വെയ്ക്കുന്ന സ്വർണത്തിന്റെ ഉടമസ്ഥാവകാശം പരിശോധിക്കണം തുടങ്ങിയവയും ആർബിഐ നിർദേശങ്ങളിൽ പെടുന്നു. ഇത്തരം നിയന്ത്രണങ്ങൾ കർശനമാകുന്നതോടെ സ്വർണ വായ്പ ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കുമെന്ന് വിപണി-ബാങ്കിങ് വിദഗ്ധർ പറയുന്നു.
The RBI is tightening regulations on gold loans, enforcing stricter underwriting, borrower checks, and fund monitoring to ensure financial stability and ethical lending.