നീണ്ട ഒൻപതു മാസത്തെ സ്പേസ് വാസത്തിന് ശേഷം സുരക്ഷിതയായി ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ വംശജയായ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷിച്ച് ഇന്ത്യ. സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയുടെ ജന്മനാടായ ഗുജറാത്തിലെ ജുലാസനിലാണ് വൻ ആഘോഷങ്ങൾ നടന്നത്. പടക്കം പൊട്ടിച്ചും ആരതി ഉഴിഞ്ഞും പ്രത്യേക പ്രാർത്ഥനയോടെയുമായിരുന്നു ആഘോഷം. സുനിതയുടെ തിരിച്ചുവരവിൽ ഗുജറാത്തിലെ കുടുംബാംഗങ്ങൾ സന്തോഷം പങ്കുവെച്ചു. തിരിച്ചുവരവ് അവിശ്വസനീയവും സന്തോഷകരവുമായ നിമിഷമാണെന്ന് സുനിതയുടെ അടുത്ത ബന്ധുവായ ഫാൽഗുനി പാണ്ഡ്യ പ്രതികരിച്ചു.
സമീപഭാവിയിൽത്തന്നെ സുനിത ഇന്ത്യ സന്ദർശിക്കുമെന്ന് ഫാൽഗുനി പാണ്ഡ്യ പറഞ്ഞു. സന്ദർശനത്തിന്റെ കൃത്യമായ തിയതി ഇപ്പോൾ പറയാനാകില്ല. എന്നാൽ ഈ വർഷം തന്നെ സന്ദർശനം ഉണ്ടാകും. പിതാവിന്റെ ജന്മനാട് എന്ന നിലയിൽ ഇന്ത്യയോടും ഗുജറാത്തിനോടും സുനിതയ്ക്ക് പ്രത്യേക മമതയുണ്ട്. ഇന്ത്യക്കാരുടെ സ്നേഹം അവർ ആസ്വദിക്കുന്നു. സുനിതയുടെ തിരിച്ചുവരവോടെ കുടുംബ സംഗമവും ഫാമിലി വെക്കേഷനും പദ്ധതിയിടുന്നുണ്ടെന്നും ഫാൽഗുനി പറഞ്ഞു.
സ്പേസ് എക്സ് ഡ്രാഗൺ ക്രൂ9 പേടകത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 3.40നാണ് 286 ദിവസത്തെ സ്പേസ് വാസത്തിനു ശേഷം സുനിത ഭൂമിയിലേക്ക് തിരിച്ചെത്തിയത്. സുനിതയക്കൊപ്പം ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനേവ് എന്നീ ബഹിരാകാശ യാത്രികരേയും വഹിച്ചാണ് ഡ്രാഗൺ ക്രൂ 9 ഭൂമിയിലേക്ക് തിരിച്ചത്.
ഫ്ലോറിഡയിലെ ടാലഹാസി തീരത്ത് മെക്സിക്കോ ഉൾക്കടലിലാണ് സ്പേസ് എക്സ് കാപ്സ്യൂൾ വിജയകരമായി ലാൻഡ് ചെയ്തത്. എട്ടു ദിവസത്തെ ബഹിരാകാശ യാത്രയ്ക്കായി കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയ സുനിതയും ബുച്ചും ഇവർ സഞ്ചരിച്ച പേടകത്തിലെ യന്ത്രത്തകരാർ കാരണം ഒൻപതു മാസത്തോളം ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.
After her extended nine-month space mission, astronaut Sunita Williams plans to visit India soon. Her family and well-wishers in Gujarat celebrated her safe return with prayers and a special samosa party.