ഇരു നഗരങ്ങൾക്കിടയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്വപ്ന പദ്ധതിയായ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ 2026 ജൂണോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകും. 2025 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാകും എന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ ഏകദേശം ഒരു വർഷത്തോളം നീളുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അറിയിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ ആണ് പദ്ധതി. 17,900 കോടി രൂപ ചിലവിട്ടുള്ള പദ്ധതി ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി കുറയ്ക്കും.

നിർമ്മാണത്തിലെ തുടർച്ചയായ വെല്ലുവിളികളാണ് കാലതാമസത്തിന് കാരണമെന്ന് ദേസീയ പാതാ അതോറിറ്റിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 262 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേയുടെ 71 കിലോമീറ്റർ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. ശേഷിക്കുന്ന ഭാഗങ്ങൾ ഇപ്പോഴും തടസ്സങ്ങൾ നേരിടുന്നു. 2024 ഡിസംബറിൽ ഹൈവേയുടെ കർണാടകയിലെ ഭാഗം പൂർത്തിയാക്കി അനൗപചാരികമായി തുറന്നെങ്കിലും ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും പുരോഗതി മന്ദഗതിയിലാണ്.

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ 68 കിലോമീറ്റർ കർണാടക പാത കഴിഞ്ഞ മാസം വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. എന്നാൽ ഹൈവേ ഇതുവരെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ല. ബാക്കിയുള്ള പാതകൾ 2026 മധ്യത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭാ എംപി ലഹർ സിംഗ് സിറോയയുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
The Bengaluru-Chennai Expressway is now set for full completion by June 2026, delayed from its original August 2025 target. Key updates on progress, challenges, and expected benefits.