ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഉത്പന്നങ്ങൾ മലയാളികൾക്ക് എത്തിക്കുക എന്ന പ്രാഥമിക ദൗത്യമാണ് ഓക്സിജൻ ഗ്രൂപ്പ് നിർവഹിക്കുന്നത്. ഉത്പന്നങ്ങൾ എത്തിക്കുന്നതിനൊപ്പം തന്നെ അവയെക്കുറിച്ചുള്ള ധാരണയും ഓക്സിജൻ ഉപഭോക്താക്കൾക്ക് പകർന്നു നൽകുന്നു. ഇതിലെല്ലാം ഉപരി ഉത്പന്നങ്ങളുടെ ആഫ്റ്റർ സെയിൽ സപ്പോർട്ടിനും കമ്പനി പ്രഥമ പരിഗണന നൽകുന്നു. ആഗോള നിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും ഇടയിലുള്ള പാലം എന്ന നിലയിലാണ് ഓക്സിജന്റെ പ്രവർത്തനം. ആ അർത്ഥത്തിൽ കഴിഞ്ഞ 25 വർഷത്തോളമായി കേരളത്തിന്റെ ഡിജിറ്റൽ മാറ്റത്തിൽ ഓക്സിജനും പങ്കുണ്ട്.

ആദ്യ ‘ശ്വാസം’
1985ൽ തന്നെ ഇന്ത്യയിൽ കംപ്യൂട്ടർ വിപ്ലവം ആരംഭിച്ചു എന്നു പറയാം. അന്നുമുതൽക്കു തന്നെ എല്ലാ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യപ്പെടും എന്നുള്ള സൂചനകളുണ്ടായിരുന്നു. ആ കാഴ്ചപ്പാട് ഓക്സിജൻ അക്കാലത്തേ മനസ്സിലാക്കി. ഇതാണ് ഡിജിറ്റൽ രംഗത്തേക്ക് ഇറങ്ങാനുള്ള പ്രധാന കാരണം. രണ്ടാമതായി പേടി കൂടാതെ സംരംഭക ലോകത്തേക്ക് ഇറങ്ങി തിരിക്കാൻ തയ്യാറായി എന്നതാണ് ഓക്സിജന്റെ വളർച്ചയുടെ തുടക്കം. ഇൻഡസട്രി വികസിച്ചു കൊണ്ടിരിക്കുന്ന സമയം ആയതുകൊണ്ടുതന്നെ ഓക്സിജന് ഈ രണ്ട് ഘടകങ്ങളും ഗുണകരമായി. കംപ്യൂട്ടർ സയൻസ് ഡിപ്ലോമ പഠനത്തിനു ശേഷമാണ് സംരംഭക ലോകത്തേക്ക് വരുന്നത്. എന്നാൽ ടെക് സാവി എന്നതിലുപരി ബിസിനസ് പ്രക്രിയയിലെ ക്രിയാത്മകത കൂടിയാണ് സംരംഭം ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന കൈമുതൽ. ഇത് ആസ്വദിച്ച് ബിസിനസ് ചെയ്യാൻ സഹായിച്ചു.

ഏതൊരു ബിസിനസ്സിന്റേയും പോലെ ലളിതമായ തുടക്കമായിരുന്നു ഓക്സിജന്റേതും. അൻപത് സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിൽ നിന്ന് 40000 രൂപ മൂലധനത്തിലായിരുന്നു ഓക്സിജന്റെ തുടക്കം. ഏത് സംരംഭത്തേയും പോലെ ആദ്യകാലങ്ങളിൽ ഓക്സിജൻ തിരിച്ചടികൾ നേരിട്ടു. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനു പോലും തടസ്സങ്ങളുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ നഷ്ടങ്ങളും സംഭവിച്ചിരുന്നു. പിന്നീട് നിരന്തരമായ പ്രവർത്തനത്തിലൂടെയാണ് ഓക്സിജൻ വളർച്ചയുടെ പടവുകൾ താണ്ടിയത്. ഇന്ന് ജീവനക്കാരുടെ എണ്ണത്തിൽ 2000 എന്ന മാന്ത്രിക സംഖ്യ ഓക്സിജൻ പൂർത്തീകരിച്ചിരിക്കുന്നു.

വിജയ’ശ്വാസം’
ഒപ്പം ജോലി ചെയ്യുന്നവരാണ് ഓക്സിജനെ ഇന്നത്തെ വിജയത്തിലെത്തിച്ചത്. ജീവനക്കാരുടെ ചലനാത്മകതയാണ് ഓക്സിജന്റെ വിജയക്കൂട്ട്. ഓരോ കാലഘട്ടത്തിലും ഒപ്പം ചേർന്ന സഹപ്രവർത്തകരും അവരുടെ അർപ്പണബോധമുള്ള പ്രവർത്തനങ്ങളുമാണ് ഓക്സിജനെ ഇന്നു കാണുന്ന തരത്തിലുള്ള പ്രസ്ഥാനമാക്കി മാറ്റിയത്. നിസ്വാർത്ഥമായ ആ സേവനങ്ങൾക്ക് എന്നും കടപ്പാടുണ്ട്. ഇതോടൊപ്പം കസ്റ്റമർ ഫസ്റ്റ് എന്ന മോട്ടോയും ഓക്സിജന്റെ വളർച്ചയിൽ നിർണായകമായി. ഇങ്ങനെ ഉപഭോക്താക്കളുടെ അഭിരുചി മനസ്സിലാക്കിയ മികച്ച ടീം വാർത്തെടുക്കാൻ ആയതാണ് 25 വർഷമായി നിലനിൽക്കുന്ന ഓക്സിജന്റെ ജീവശ്വാസം.

അന്നും ഇന്നും
സംരംഭകൻ എന്ന നിലയിൽ 90കളിൽ ഓക്സിജൻ വെല്ലുവിളി നേരിട്ടു. മൂലധനം തന്നെയായിരുന്നു കമ്പനിയുടെ പ്രധാന വെല്ലുവിളി. ആശയങ്ങളും മാൻ പവറും ഉണ്ടായിരുന്നപ്പോഴും മൂലധനം വലിയ വിഷയമായിരുന്നു. എന്നാൽ 25 വർഷങ്ങൾക്കിപ്പുറം ഡിജിറ്റൽ സംരംഭക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് അനുയോജ്യരായ ജീവനക്കാരെ കണ്ടെത്തുക എന്നതായിരിക്കുന്നു. ആശയങ്ങളും ഫണ്ടിങ്ങും ഉണ്ടായിരിക്കുമ്പോഴും അത് മുന്നോട്ടു കൊണ്ടുപോകാൻ മതിയായ ജീവനക്കാരില്ല എന്നതാണ് ഇന്നത്തെ അവസ്ഥ.

ബ്രാൻഡ് ആദ്യം
ബ്രാൻഡാണ് എപ്പോഴും മുഖ്യം. അതിനെ നയിക്കുന്നവർ പിന്നിൽ മാത്രം നിൽക്കുന്നതാണ് നല്ലത്. ബ്രാൻഡിന്റെ സ്വഭാവത്തെയാണ് നമ്മൾ പുറത്തേക്ക് കാണിക്കേണ്ടത്. അതിനു ചിലപ്പോൾ നയിക്കുന്നവരുടെ സ്വഭാവസവിശേഷതയുമായി ബന്ധമുണ്ടാകാം എന്നു മാത്രം. ഫ്രൻഡ് എനഡിൽ ബ്രാൻഡിനെ തന്നെ നിർത്തി ഓക്സിജൻ മുന്നോട്ടു പോകുന്നത് അതുകൊണ്ടാണ്.

വിൽപന കൂടുന്നു
മൊബൈൽ ഫോൺ അടക്കമുള്ള ഗാഡ്ജറ്റ് വിൽപന കേരളത്തിൽ എല്ലാ വർഷവും വർധിച്ചു കൊണ്ടിരിക്കുകയാണ്. ഓഫ് ലൈനിൽ മാത്രം കേരളം മാസത്തിൽ രണ്ടര ലക്ഷത്തിലധികം ഹാൻഡ് സെറ്റുകൾ കൺസ്യൂം ചെയ്യുന്നു. 700 കോടി രൂപയ്ക്ക് മുകളിലാണ് സംസ്ഥാനത്ത് ഒരു മാസത്തെ മൊബൈൽ ഫോണുകളുടെ വിറ്റുവരവ്. കോവിഡിനു മുൻപ് 10000 രൂപ ആയിരുന്ന ആന്വൽ സെല്ലിങ് പ്രൈസ് ഇന്ന് 30000 രൂപയിൽ എത്തി നിൽക്കുന്നു. ഇങ്ങനെ ആളുകൾ പൊതുവേ പ്രീമിയം പ്രൊഡക്റ്റുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ഫീച്ചേർസും ഡ്യൂറബിലിറ്റിയും ഉള്ള ഗാഡ്ജറ്റ്സ് ആണ് ഇപ്പോൾ ആളുകൾ നോക്കുന്നത്. അതിനായി കൂടുതൽ ചിലവഴിക്കുന്നുമുണ്ട്.

ഓൺലൈൻ
ഓക്സിജന് സ്വന്തമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുണ്ട്. ഫിസിക്കൽ സ്റ്റോറുകൾ ശക്തമാക്കുന്നതിനൊപ്പം ഓൺലൈൻ സാന്നിദ്ധ്യം വർധിപ്പിക്കാനും ഓക്സിജൻ ശ്രദ്ധിക്കുന്നു. ഇങ്ങനെ രണ്ടിനും തുല്യ പ്രാധാന്യം നൽകി മുന്നോട്ടു പോകുന്ന ബിസിനസ് മോഡലാണ് ഓക്സിജൻ സ്വീകരിക്കുന്നത്.

മാറ്റത്തിന്റെ നാളെകൾ
എഐയുമായി ബന്ധപ്പെട്ട നിരവധി ഗാഡ്ജറ്റുകളാണ് ഇപ്പോൾ നിലവിലുള്ളത്. സ്മാർട് ഫോൺ, എൽഇഡി ടിവി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ തുടങ്ങിയവയെല്ലാം എഐ ഡ്രിവൺ ആയിക്കഴിഞ്ഞു. സമസ്ത മേഖലയിലും എഐയുടെ സാന്നിദ്ധ്യമുണ്ടാകും എന്നതു തന്നെയായിരിക്കും നാളെയുടെ മാറ്റം. റോബോട്ടിക് അധിഷ്ഠിതമായ ഉത്പന്നങ്ങൾ ഇന്ന് കാണുന്നതിലും അധികം ഭാവിയുടെ വിപണികളിൽ തരംഗം സൃഷ്ടിക്കും. ഇവയെല്ലാം ആളുകൾക്ക് കുറഞ്ഞ ചിലവിൽ വാങ്ങാവുന്ന തരത്തിലേക്കുമാണ് മാറ്റം സംഭവിക്കുന്നത്. ഹ്യൂമനോയ്ഡുകൾ ഒക്കെ ഇത്തരത്തിൽ ചിലവു കുറഞ്ഞ രീതിയിൽ വരുമ്പോൾ വീട്ടുകവലിന് ഭാവിയിൽ ഹ്യൂമനോയ്ഡുകൾ വന്നേക്കാം. ഈ മാറ്റത്തിൽ ഓക്സിജൻ അതിന്റേതായ സാന്നിദ്ധ്യം ഭാവിയിൽ കാണുന്നു. കംപ്യൂട്ടർ അസംബ്ലിങ് യൂനിറ്റിൽ നിന്നു തുടങ്ങിയതു കൊണ്ടു തന്നെ സാങ്കേതികപരമായ ഏത് മാറ്റത്തേയും ഉൾക്കൊള്ളാനും അതിനനുസരിച്ച് മുന്നോട്ട് പോകാനും ഓക്സിജന് കഴിയും.

പുതുസംരംഭകരോട്
സംരംഭം തുടങ്ങുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് ആ സംരംഭത്തിന് എത്രത്തോളം ആവശ്യകതയുണ്ട് എന്നതാണ്. രണ്ടാമതായി അതിനെക്കുറിച്ച് വ്യക്തമായ പദ്ധതി ഉണ്ടായിരിക്കണം. കൃത്യമായ പഠനവും റിസേർച്ചും നടത്തി വേണം സംരംഭത്തിന് ഇറങ്ങാൻ. മൂന്നാമതായി സംരംഭവുമായി ബന്ധപ്പെട്ട മികച്ച ടീമിനെ വാർത്തെടുക്കാൻ സാധിക്കണം. അതിനു ശേഷം സംരംഭത്തിന് കൃത്യമായ പ്രോസസ് ഉണ്ടാകണം. തുടർന്ന് ഉത്പന്നത്തേയും സേവനത്തേയും കുറിച്ച് ജനങ്ങളെ അറിയിക്കുന്ന മാർക്കറ്റിങ് പ്രക്രിയ കൃത്യമായി നടത്താനാകണം. ഇതിനൊക്കെ അപ്പുറം സ്കെയിൽ അപ്പ് ചെയ്യാനുള്ള മനസ്സ് സംരംഭകർക്ക് വേണം. ഇവയെല്ലാം ഉണ്ടെങ്കിൽ ഏത് സംരംഭവും ഉയർത്തിയെടുക്കാൻ സാധിക്കും.
Oxygen Group has been driving Kerala’s digital transformation for 25 years, bridging global tech brands and consumers with top-tier service and innovation.