ഏത് അമ്മയും ആഗ്രഹിക്കുന്ന മകൻ, ഏത് സ്ത്രീയും കൊതിക്കുന്ന ഭർത്താവ്, ഏത് മകളും കിട്ടണമെന്ന് കരുതുന്ന പിതാവ്, ആരും ആഗ്രഹിക്കുന്ന, എന്തിനും ഒപ്പം നിൽക്കുന്ന ഒരു സുഹൃത്ത്.. നായകരിൽ നായകൻ! ഇന്ത്യയുടെ ഒരേ ഒരു ഷഹൻഷാ, രാജാക്കന്മാരുടെ രാജാവ്! ദ ഗ്രേറ്റ് ബിഗ് ബി! അമിതാഭ് ബച്ചൻ! ഇന്ത്യൻസിനിമയുടെ പര്യായമായ പേര്! ആറ് അടി രണ്ട് ഇഞ്ച് ഉയരം, സിംഹം ഗർജ്ജിക്കുന്ന പോലുള്ള ശബ്ദം, തീഷ്ണവും മാസ്മരികവുമായി കണ്ണുകൾ, അസാമാന്യമായ സ്ക്രീൻ പ്രസൻസ്. 27-ാം വയസ്സിൽ വെള്ളിത്തിരയിൽ തന്റെ സാനിധ്യമറിയിച്ച്, ഇന്ത്യൻ സിനിമയ്ക്ക് ഒപ്പം വളർന്ന്, അല്ല, ഇന്ത്യൻ സിനിമ വളർന്നത് അമിതാഭിനൊപ്പമാണ്, അവിടുന്ന് ഈ 82-ാം വയസ്സിലും ഇന്ത്യൻ സ്ക്രീൻ സ്റ്റാർഡത്തിൽ മറ്റാർക്കും കടന്നുചെല്ലാനോ കവരാനോ കഴിയാത്ത കരിഷ്മയും കരുത്തുമായി കാലത്തിനൊപ്പം നിൽക്കുന്ന നടനത്തിന്റെ മഹാപർവ്വം! ഇന്ത്യൻ സിനിമയുടെ ബിഗ്-ബി. A Star Who Refused to Fade!

ബോളിവു‍ഡിൽ ചാൻസ് തേടിയപ്പോൾ ഉയരത്തിന്റെ പേരിലും, ആകാശവാണിയിൽ ജോലിക്ക് ശ്രമിച്ചപ്പോ ശബ്ദത്തിന്റെ പേരിലും തഴയപ്പെട്ട, മാറ്റിനിർത്തപ്പെട്ട ഈ മനുഷ്യൻ ഇന്ത്യൻ സിനിമാ സ്ക്രീൻ പിടിച്ചുലച്ചത് അയാളുടെ രൂപവും മുഴക്കമുള്ള ശബ്ദവും കൊണ്ട്തന്നെ.

രൂപവും ശബ്ദവും കൊള്ളില്ലെന്ന് പറഞ്ഞ് നിരന്തരമായി തഴഞ്ഞപ്പെട്ടപ്പോൾ സിനിമ തനിക്ക് പറ്റിയതല്ലെന്ന് തോന്നിയ അമിതാഭ് ആകെ തകർന്നുപോയി. കൊൽക്കത്തയിലെ പഴയ ജോലിയിലേക്ക് തിരികെ പോകാൻ ആലോചിച്ചിരുന്നു. പക്ഷെ അമിതാഭ് അല്ലെ, അയാളുടെ രക്തം ഹരിവംശറായ് ബച്ചന്റെയല്ലേ?  റൊമാന്റിക് വരികൾ കൊണ്ട് ഹിന്ദി കവിതാ ലോകത്ത് മധുശാല തീർത്ത ഹരിവംശറായ്. ആ ഹരിവംശറായുടെ മകന് തോറ്റ് പിൻവാങ്ങാനാകുമോ? മുംബൈയിൽ പിടിച്ചുനിന്നു. ഒടുവിൽ   Saat Hindustani-യിൽ വേഷം കിട്ടി. മലയാളത്തിന്റെ പ്രിയനടൻ മധുവും സാത് ഹിന്ദുസ്ഥാനിയിൽ അഭിനയിച്ചിരുന്നു. പക്ഷെ സാത് ഹിന്ദുസ്ഥാനിയുടെ വിജയത്തിന് ശേഷം രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു അമിതാഭിന് ഒരു നല്ല റോൾ കിട്ടാൻ. അങ്ങനെ ആനന്ദ് എന്ന സിനിമയിൽ രാജേഷ് ഖന്നയ്ക്കൊപ്പം കിട്ടിയ റോൾ ശ്രദ്ധിക്കപ്പെട്ടു. ഒന്നുരണ്ട് സിനിമകൾ കൂടി, പക്ഷെ കാര്യമായ ഉയർച്ച പിന്നീട് കണ്ടില്ല. വയസ്സ് 30 ആകുന്നു. ഫ്ലോപ് ന്യൂകമർ എന്ന ടൈറ്റിലിലേക്ക് അമിതാഭ് ബച്ചൻ വീഴുകയാണ്. സിനിമയിൽ അവസരം കൊതിച്ച് വലിയ സ്വപ്നങ്ങൾ കണ്ട് മുംബൈയിലേക്ക് വന്ന ആയിരക്കണക്കിന് ആളുകൾ അവരുടെ ആഗ്രഹങ്ങളുടെ ആടയാഭരണങ്ങൾ അഴിച്ച് വെച്ച് അരങ്ങിൽ നിന്ന് അകന്ന് വിസ്മൃതമായി പോകാവുന്ന അതേ സാഹചര്യത്തിൽ അമിതാഭ് നിൽക്കുകയാണ്. കാലം 1972!.

ജീവിക്കാനായി ഒന്നും നോക്കാതെ മുന്നിട്ടിറങ്ങുന്നതും ചിലരെ കണ്ടുമുട്ടുന്നതും  അവിടെവെച്ച് നിർഭാഗ്യത്തിന്റെ കൊക്കയിലേക്ക് വീഴും മുമ്പ് അവിചാരിതമായ ചില യൂടേണുകളും കൈപിടിച്ചുയർത്തലുകളും ജീവിതത്തിന്റെ നിർണ്ണായകമായ സന്ധികളിൽ അനുഭവിച്ച ആളാണ് അമിതാഭ്  ബച്ചൻ. സലീം ഖാൻ-ജാവേദ് അക്തർ കൂട്ടുകെട്ട്, അവർ സലീം – ജാവേദ് എന്ന സ്ക്രീൻ പേരിലാണ് അറിയപ്പെട്ടിരുന്നത്. സലീം-ജാവേദ് അവരുടെ പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയിരിക്കുന്നു. സമൂഹത്തിൽ ഒറ്റയാനേപ്പോലെ ഗർജ്ജിക്കുന്ന യുവത്വമുള്ള ഒരു നടനെ വേണം. ലീ‍ഡ് റോളിൽ അതാണ് ചേരുക. അക്കാലത്തെ റൊമാന്റിക് പരിവേഷമുള്ള നായകനയല്ല അവരുടെ കഥയ്ക്ക് വേണ്ടത്. ദേഷ്യക്കാരനായ ചെറുപ്പക്കാരൻ ആണ് നായകൻ. യാദൃശ്ചികമായി അവർ അമിതാഭിനെ കണ്ടെത്തി. പല സംവിധായകരുടേയും മുന്നിൽ റോളിനായി കാത്ത് നിന്നപ്പോൾ അവരാരും അമിതാഭ് ബച്ചനിൽ കാണാതിരുന്ന അയാളുടെ ടാലന്റ് സലീം-ജാവേദ് കൂട്ടുകെട്ട് കണ്ടെത്തുന്നു. അഭിനയത്തിലും സ്ക്രീൻ പ്രസൻസിലും ആകാരത്തിലും ശബ്ദത്തിലും എക്സപ്ഷണലായ ഒരു യുവാവ്. നാളെ ഇന്ത്യയുടെ ചലച്ചിത്ര ഇൻഡസ്ട്രി ഈ ആറടിക്കാരന്റെ ചുറ്റും കറങ്ങാൻ പോവുകയാണെന്ന് സലീംഖാനും ജാവേദ് അക്കതറും അറിഞ്ഞിരുന്നോ? അറിയില്ല! പക്ഷെ അവരുടെ പുതിയ സിനിമയിൽ ഈ മനുഷ്യനേ മാത്രമേ അവർക്ക് കാണാനായുള്ളൂ. പക്ഷെ സംവിധായകൻ പ്രകാശ് മെഹ്റയ്ക്ക് അമിതാഭിനെ ഉൾക്കൊള്ളാനായില്ല. സലീം-ജാവേദിന്റെ നിർബന്ധത്തിന് വഴങ്ങി പ്രകാശ് മെഹ്റ അമിതാഭിനെ നായകനാക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ആ ചലച്ചിത്രം പൂർത്തിയായി. റിലീസിന്റെ തലേന്ന്, അമിതാഭിന്റെ നെഞ്ചിൽ ഇലഞ്ഞിത്തറമേളം നടക്കുകയാണ്. ഈ സിനിമാ ഇൻഡസ്ട്രിയിൽ ഇനി താൻ ഉണ്ടാകുമോ അതോ മുംബൈയിൽ നിന്ന് വണ്ടി കയറുമോ? ആ ജ‍‍ഡ്ജെമെന്റ് ഡേ ആണ് നാളെ. അങ്ങനെ 1973 മെയ് 11!  പടം റിലീസായി, സഞ്ജീർ! ( Zanjeer ) വയലൻസ് ആക്ഷൻസുകളും ക്രൈം കഥയുമായി വന്ന സഞ്ജീർ ബ്ലോക്ക് ബസ്റ്ററായി. ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയ പടം ആവർഷത്തെ ഏറ്റവും വലിയ ഗ്രോസ് കളക്ഷൻ നേടി. സഞ്ജീറിലെ അഭിനയത്തിന് ആവർഷത്തെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് അമിതാഭ് ബച്ചന്.  ആംഗ്രി യംഗ് മാൻ ഇന്ത്യൻ യുവത്വത്തിന്റെ ഹരമായി. 1973 എന്ന വർഷം അങ്ങനെ അമിതാഭ് ബച്ചന്റെ ജീവിതം തീരുമാനിക്കുന്ന വർഷമായി! ഇന്ത്യൻ സിനിമാ വ്യവസായത്തിൻേയും. അതേവർഷം അമിതാഭ് ജയ-യെ താലികെട്ടി ജീവിതത്തിലെ നായികയാക്കി.

സലീം ജാവേദ് കൂട്ടുകെട്ട് വീണ്ടും കഥകളെഴുതി, മനസ്സിൽ അമിതാഭ് മാത്രം. ഹിറ്റുകളുടെ പരമ്പരകൾ! അവർ അമിതാഭിനെ, മൻമോഹൻ ദേശായി (  Manmohan Desai ) എന്ന സംവിധായകനെ പരിചയപ്പെടുത്തി. ബോളിവുഡ്ഡിൽ മസാലപ്പടങ്ങളിലൂടെ ഹിറ്റ് മേക്കറായ മൻമോഹനും, പ്രഗത്ഭരായ പ്രകാശ് മെഹ്റയും, യാഷ് ചോപ്രയും അവരുടെ സിനിമകളിൽ അമിതാഭിലെ നായകനെ ആവോളം ഉപയോഗിച്ചു. ഇന്ത്യൻ സിനിമ അമിതാഭ് എന്ന പേരിലേക്ക് ചുരുങ്ങുന്ന രണ്ട്-മൂന്ന് ദശകങ്ങളുടെ തുടക്കമായിരുന്നു അത്. വാസ്തവത്തിൽ 1970-കളിലേയും 80-കളിലേയും ഇന്ത്യൻ ജീവിതസാഹചര്യത്തിന്റെ ചലച്ചിത്രഭാഷ്യങ്ങൾ അനിവാര്യമായ കാലത്താണ് അമിതാഭ് ബച്ചൻ അദ്ദേഹത്തിന്റെ ആന്റി എസ്റ്റാബ്ലിഷ്മെന്റ് റോളുകളും അധികാരത്തെ ചോദ്യം ചെയ്യുന്ന തീപ്പൊരി ഡയലോഗുമായി ഇന്ത്യയാകെ പടർന്ന് കയറിയത്. പട്ടിണിയും, ദാരിദ്ര്യവും, തൊഴിലില്ലായ്മയും, അഴിമതിയും, സാമൂഹിക ഉച്ചനീചത്വങ്ങളും കൊണ്ട് ആത്മാവ് നഷ്ടപ്പെട്ട നിസ്വരായ മനുഷ്യരുടെ സങ്കടങ്ങളും, നിരാശയും പ്രതിഫലിപ്പിച്ച അമിതാഭിന്റെ വേഷങ്ങൾ, അതുവരെ കെട്ടിച്ചമക്കപ്പെട്ട റോമാന്റിക് വേഷങ്ങളുടെ കെട്ട് പൊട്ടിച്ചു വിടുകയായിരുന്നു. സഞ്ജീറിന് ശേഷം ദീവാർ, ത്രിശൂൽ, ശക്തി തുടങ്ങി സാധാരണക്കാരായ ഇന്ത്യക്കാരന്റെ രോഷത്തിന്റെ നേർചിത്രങ്ങളുടെ ബോക്സ് ഓഫീസുകൾ ഹിറ്റുകൾ പിറന്നു. 1970-കളുടെ മധ്യമാകുമ്പോഴേക്ക് ഇന്ത്യൻ സിനിമ ലോകത്ത് തന്റെ വരവ് വ്യക്തമായും ശക്തമായും അമിതാഭ് ബച്ചൻ അറിയിച്ചു കഴിഞ്ഞിരുന്നു. 1975 മുതൽ 1980-കളുടെ അവസാനം വരെയുള്ള പത്ത് പതിനഞ്ച് വർഷക്കാലം! അമിതാഭ് ബച്ചൻ സൂപ്പർ സ്റ്റാർഡത്തിലേക്ക് കയറുകയാണ്. ഷോലെ, കഭി കഭി, അദാലത്ത്, അമർ അക്ബർ ആന്റണി തുടങ്ങി വ്യത്യസ്തവും അനുപവുമായ വേഷങ്ങൾ അമിതാഭ് ബച്ചന് വരം പോലെ കിട്ടുന്നു.

യാഷ് ചോപ്രയുടെ റൊമാന്റിക് മ്യൂസിക് ത്രില്ലറായ കഭി കഭി-യിൽ അങ്ങേയറ്റം റൊമാന്റിക് വേഷമായിരുന്നു അമിതാഭ് ചെയ്തതെങ്കിൽ ഷോലെ-യിൽ അസാധാരണ മെയ്വഴക്കത്തോടെ ജയ്ദേവ് എന്ന കഥാപാത്രത്തെ അമിതാഭ് അനശ്വരമാക്കി! ഷോലെ ഇന്ത്യൻ സിനിമയിലെ എക്കലത്തേയും കൾട്ട് പടമായി മാറി. ഷോലെ കാണാത്ത ഇന്ത്യക്കാരില്ല എന്നതായി സ്ഥിതി. 1978-ൽ ഡോൺ ഇറങ്ങുന്നു. ഹിന്ദി സിനിമയിലെ കാലാതിവർത്തിയായ, ഹിറ്റ് ഡയലോഗ് പിറന്ന ഡോൺ! Don ko pakadna mushkil hi nahi, namumkin hai- ഡോണിനെ പിടിക്കാൻ ബുദ്ധിമുട്ടാണെന്നല്ല, പറ്റില്ല- എന്ന് …. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ‍‍ഡയലോഗ് പറയാത്ത  സിനിമാ ആരാധകരുണ്ടോ?

അതുപോലെ 1988-ൽ ഇറങ്ങിയ ഷെഹൻഷാ, 1983-ൽ ഇറങ്ങിയ കൂലി. ഇവയിലെല്ലാം അമിതാഭ് ബച്ചന്റെ അപാരമായ ശബ്ദ ഗാഭീര്യത്തിൽ തിയറ്റുകളെ പ്രകമ്പനം കൊള്ളിച്ച എത്രയോ നായക ഡയലോഗുകൾ. 2007-ൽ അമിതാഭ് 65 വയസ്സിൽ നിൽക്കുമ്പോഴാണ് മറ്റൊരു ഹിറ്റ് പടം Cheeni Kum ഇറങ്ങുന്നത്. അതിലെ ഡയലോഗ് എന്താന്നാ? Buddha hoga tera baap!” എന്ന് അമിതാഭ് ബച്ചൻ പറയുമ്പോ എന്താ ആ ഡയലോഗ് ഡെലിവറി, എന്താ ആ മുഖത്തിന്റെ ഭാവം..!

1981 മുതൽ തുടർച്ചയായ ബംമ്പർ ഹിറ്റുകൾ. ദോസ്താന, നസീബ്, സിൽസില അങ്ങനെ ബച്ചന്റെ ഹിറ്റ് പടങ്ങളുടെ പേരുകൾ പറഞ്ഞാൽ തീരുമോ? 1990-ൽ ദേശീയ ചലച്ചിത്ര അവാര്ഡ് നേടിയ അഗ്നി പഥ്! നായകനായി അമിതാഭിന്റെ യുവചൈതന്യമുള്ള പ്രകടനം അദ്ദേഹത്തെ ലോകത്തെ തന്നെ എണ്ണം പറഞ്ഞ നടനാക്കി മാറ്റിയ വർഷങ്ങളായിരുന്നു ഇതെല്ലാം. ഇതിനിടയിൽ ദേശീയ അവാർഡുകളും ഫിലിം ഫെയർ അവാർഡുകളുമുൾപ്പെടയുള്ള അംഗീകാരങ്ങൾ! 1995-ഓടെ ജീവിതത്തിലെ അവിചാരിതമായ സംഭവങ്ങളിലേക്ക് അദ്ദേഹം നയിക്കപ്പെടുകയാണ്. അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റ‍ഡ്, അഥവാ ABCL എന്ന കമ്പനി രൂപീകരിച്ചു. സിനിമാ നിർമ്മാണം, കണ്ടന്റ്, എന്റർടൈൻമെന്റ് വ്യവസായമായിരുന്നു ലക്ഷ്യം. പക്ഷെ ബച്ചനെ നായകനാക്കി ABCL-എടുത്ത സിനിമകൾ പൊട്ടി. 1996 Miss World beauty pageant മെയിൻ സ്പോൺസർ ABCL ആയിരുന്നു, ഇത് കോടികളുടെ ബാധ്യത വരുത്തിവെച്ചു. അമിതാഭ് ബച്ചൻ കടക്കെണിയിലായി. ബംഗ്ലാവ് വിറ്റു. സിനിമകൾ വിജയിക്കാതെയായി. അമിതാഭിന്റെ കാലം കഴിഞ്ഞെന്ന് പലരും വിധിയെഴുതി. ഓൾമോസ്റ്റ്സ്റ്റ് ഫിനിഷ്ഡ്!

ഇത്ര സെലിബ്രിറ്റി പദവിയിലിരിക്കെ, ABCL കാരണം 100 കോടിയോളം രൂപയുടെ കടത്തിലേക്കാണ് അമിതാഭ് ബച്ചൻ വീണുപോയത്. അത് കുംടുംബത്തിലേൽപ്പിച്ച  ആഘാതം വലുതായിരുന്നു. അഭിഷേക് ബച്ചൻ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. പഠനം തുടരാനാകാതെ അഭിഷേക് തിരിച്ചെത്തി. ആ അപഹാരകാലത്ത് അമിതാഭ് ബച്ചൻ അഭിനയിച്ച സിനിമകളും ഫ്ലോപ്പായി. പണം കൊടുത്തവർ വീട്ടിലെത്തുന്ന ദിവസങ്ങൾ, സാമ്പത്തികമായി തകർന്നു എന്ന് കേട്ടപ്പോൾ അമിതാഭിനെ നേരിട്ട് കണ്ട് പഴി പറഞ്ഞവർ, കുടുംബ വീടായ പ്രതീക്ഷ കയ്യേറാൻ ശ്രമിച്ചവർ.. അങ്ങനെ സാമ്പത്തിക തകർച്ചയിൽ ഏതൊരു സാധാരണക്കാരനും അനുഭവിക്കുന്ന വേദനയും മാനഹാനിയും ഭീതിയും അമിതാഭും കുടുംബവും അനുഭവിച്ചു. അതുവരെ അദ്ദേഹത്തെ പുകഴ്ത്തി സിൽബന്ദികളായി ചുറ്റും നിന്നവർ അപ്രത്യക്ഷരായി. കാശ് ചോദിക്കുമെന്ന് ഭയന്ന് പലരും അമിതാഭാന്റെ ഫോൺ എടുക്കാതായി. അവിടെ അവസാനിച്ചേനെ, ഇന്ത്യൻ സിനിമയിലെ ഗർജ്ജിക്കുന്ന യുവത്വം. എന്നാൽ ആദ്യം ഞാൻ പറഞ്ഞില്ലേ, നിർഭാഗ്യത്തിന്റെ കൊക്കയിലേക്ക് വീഴും മുമ്പ് അവിചാരിതമായ ചില യൂടേണുകളും കൈപിടിച്ചുയർത്തലുകളും നിർണ്ണായകമായ ജീവിത സന്ധികളിൽ അനുഭവിച്ച ആളാണ് അമിതാഭ്  ബച്ചൻ എന്ന്. പ്രതിസന്ധിയിൽ നിന്ന് പുറത്തുകടന്നേ പറ്റൂ, കടം വീട്ടാൻ, ജീവിതം കൊണ്ട് അതുവരെ സമ്പാദിച്ച ആസ്തികൾ വിൽക്കാൻ തീരുമാനിച്ചു. ജൂഹുവിലും മുംബൈയിലുമുള്ള പ്രോപ്പർട്ടികളും മറ്റുള്ളവയും. അക്ഷരാർത്ഥത്തിൽ കാറിന് പെട്രോൾ അടിക്കാനുള്ള കാശില്ല എന്ന് പറയില്ലേ, അമിതാഭ് ആ അവസ്ഥ വരെ എത്തി. സുഹൃത്തും പല വമ്പൻഹിറ്റുകളിലെ തോഴനുമായ യാഷ് ചോപ്രയുടെ വീട്ടിൽ അമിതാഭ് എത്തി. നടന്നാണ് പോയത്, മറ്റാരും തിരിച്ചറിയാതിരിക്കാൻ മങ്കിക്യാപ് കൊണ്ട് തലമറച്ച്! ഇന്ത്യൻ സിനിമയുടെ നട്ടെല്ലായ ഒരു അതുല്യ പ്രതിഭ ആ സംവിധായകന് മുന്നിൽ ഒരു വേഷത്തിന് യാചിച്ചു. സാമ്പത്തികമായി തൽക്കാലം പിടിച്ചുനിൽക്കാൻ ഒരു ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നൽകി യാഷ് ചോപ്ര. അമിതാഭ് അതു വാങ്ങിയില്ല. പണം സ്വീകരിക്കാം, പക്ഷെ ജോലിക്ക് പ്രതിഫലമായി മാത്രം. അത് നേരത്തെ പറഞ്ഞ, കൊക്കയിൽ നിന്നുള്ള യൂടേണായിരുന്നു. അമിതാഭിന്റെ തിരിച്ചുവരവ്. യാഷ് ചോപ്ര മൊഹബതേയ്ൻ എന്ന പുതിയ സിനിമയിൽ അമിതാഭിനെ കാസ്റ്റ് ചെയ്തു. അത് അത്യുന്നതങ്ങളിൽ നിന്ന് മരണത്തിന്റെ കയത്തിൽ വീണ രാജകുമാരന്റെ അസാധാരണവും അപൂർവ്വവുമായ തിരിച്ചുവരവായിരുന്നു. ആ സമയത്തെക്കുറിച്ച് അമിതാഭ് ബച്ചൻ പറയുന്നത് ഇങ്ങനെയാണ്- നിസ്സാര സാമ്പത്തിക ബാധ്യതയല്ല, ഇത് എങ്ങനെ തീർക്കും? ഓരോ ദിവസവും അത് കൂടി വരുന്നു, എന്നേയും കുടുംബത്തേയും അത് വിഴുങ്ങും. എനിക്ക് എന്ത് ചെയ്യാനാകുമെന്ന് ഞാൻ ഒരിടത്ത് ഇരുന്നു, ചിന്തിച്ചു, ഞാൻ ഒരു അഭിനേതാവാണ്. അത് ചെയ്യൂ, മനസ്സ് പറഞ്ഞു. പോയി യാഷ് ചോപ്രയെ കണ്ടു, എനിക്ക് ജോലിയില്ല, എനിക്ക് അവസരം വേണമെന്ന് പറഞ്ഞു.  ആദിത്യ ചോപ്രയാണ് സംവിധായകൻ. ദിൽവാലേ ദുൽഹനിയാ ലേ ജായേംഗെ എടുത്ത ശേഷമുള്ള ആദിത്യയുടെ രണ്ടാമത്തെ സിനിമയാണ്. അതിലേക്കാണ് ബച്ചൻ കാസ്റ്റ് ചെയ്യപ്പെട്ടത്. മൊഹബത്തേൻ അസാധാരണ വിജയമായി, ആ വർഷത്തെ ഏറ്റവും വലിയ ഗ്രോസ് കളക്ഷൻ മൊഹബത്തേൻ നേടുമ്പോ, ഒരു മനുഷ്യൻ അയാളുടെ ജീവിതത്തിലെ സെക്കന്റ് ഇന്നിംഗ്സിന് തുടക്കമിടുകയായിരുന്നു.

അന്തസ്സോടെ മധുരതരമായി അമിതാഭ് ഇന്ത്യൻ സിനിമയിലെ തന്റെ ഷെഹൻഷാ പട്ടം വെറുതെയല്ലെന്ന് തെളിയിച്ചു. തൊട്ടുപിന്നാലേ കോൻ ബനേഗാ ക്രോർപതിയിൽ ഹോസ്റ്റായി കരാർ ഒപ്പിട്ടു. അത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റേയും സാമ്പത്തിക പരാധീനതകളെ മാറ്റുവാൻ കെൽപ്പുള്ള ഡീലായിരുന്നു.

ആരും തകർന്ന് തരിപ്പണമായേക്കാവുന്ന ആ കനൽക്കാലത്തിന് ശേഷമാണ് അമിതാഭ് ബച്ചൻ എന്ന നടൻ അദ്ദേഹത്തിന്റെ കരിയറിലെ പ്രോഢോജ്വലമായ കഥാപാത്രങ്ങൾ ചെയ്തത് എന്ന് ഓർക്കണം. Paa, Piku, Pink, Badla, Brahmāstra പിന്നെ Kalki 2898 AD..

ഈ സിനിമകൾ ചെയ്യുമ്പോ അമിതാഭിന് പ്രായം 70 കഴിഞ്ഞെന്ന് മനസ്സിലാക്കണം. ഇതേ കാലത്താണ് കോൻബനേഗാ ക്രോർപതിയുടെ അവതാരകനായി ഇന്ത്യയിലെ ഏറ്റവും മികച്ച ടെലിവിഷൻ ഷോ അദ്ദേഹം ഉജ്ജ്വലമാക്കുന്നത്. ഇന്ന്  ആ ഷോ 25 വർഷം പിന്നിടുകയാണ്. അമിതാബ് ബച്ചൻ എന്ന മാന്ത്രികനായ അഭിനേതാവില്ലെങ്കിൽ ആ ഷോയും ഇല്ല. കാരണം എത്ര സൂക്ഷതയോടെയാണ് ഓരോ ചോദ്യത്തിന്റേയും സസ്പെൻസ് നിലനിർത്തി, മത്സരാർത്ഥികളുമായി സംവദിച്ച് ഫലിതവും ജീവിതവും പറഞ്ഞ് ആ മനുഷ്യൻ കോൻ ബനേഗാ ക്രോർ പതിയിൽ, അവതരണ മികവിലെ ക്രോർപതിയാകുന്നത്? കോൻബനേഗാ ക്രോർപതിയിലെ അമിതാഭ് ബച്ചൻ ടൈമിഗും, പെട്ടെന്നുള്ള ചില ഫലിത പ്രയോഗങ്ങളും, മുഖ ഭാവങ്ങളും കണ്ടിട്ടില്ലേ? മറ്റാർക്കാണ് ഇത് സാധിക്കുക? അഭിനയ വിദ്യാർത്ഥികളുടെ മാത്രമല്ല, ഇന്നത്തെ സൂപ്പർതാരങ്ങളായി വാഴുന്നവർക്ക് വരെ സിനിമാ നടനത്തിന്റെ യൂണിവേഴ്സിറ്റിയാണ് അമിതാഭ്.

ഒരുപക്ഷെ അമിതാഭ് ബച്ചനോളം ഇന്ത്യയാകമാനമുള്ള സിനിമാപ്രേമികളുടെ സ്നേഹം ഇത്രദീർഘകാലം അനുഭവിച്ച മറ്റൊരു നടനുണ്ടാവില്ല. അല്ല, മറ്റൊരാളില്ല. 1991-ലെ കഥയാണ്. ഇന്റർനെറ്റും സോഷ്യൽമീഡിയയുമൊന്നുമായിട്ടില്ല. ജയ്പൂരിൽ ഷൂട്ടിന് വന്നിരിക്കുകയാണ് അമിതാഭ് ബച്ചൻ. ആ സമയം ബച്ചനും, രജനീകാന്തും ഗോവിന്ദയും അഭിനയിച്ച ഹം ( Hum) തിയറ്ററിൽ കളിക്കുന്നുണ്ട്. ആ സിനിമയിലാണ് ബച്ചൻെ ഏറ്റവും ഗംഭീരമായ സോംഗ്! ഓർക്കുന്നില്ലേ… Jumma Chumma De De…. ഈ സിനിമ തിയറ്ററിൽ കാണണമെന്ന് ബിഗ് ബിക്ക് മോഹം. പ്രമുഖ ഡിസ്ട്രിബ്യൂട്ടറും സുഹൃത്തുമായ രാജ് ബെൻസാലിനെ അമിതാഭ് വിളിച്ചു, കാര്യം പറഞ്ഞു. ജയ്പൂരിലെ പ്രസിദ്ധമായ രാജ്മന്ദിർ തിയറ്ററിൽ സിനിമാ കാണാനുള്ള ഏർപ്പാടുകൾ അദ്ദേഹം വേഗം ചെയ്തു. അവസാന ഷോയും കഴിഞ്ഞ് എല്ലാവരും പോയശേഷം രാത്രി 1 മണിക്കോ മറ്റോ ഷോ വെയ്ക്കാം എന്ന് പറഞ്ഞു, അമിതാഭ് സമ്മതിച്ചു. തിയറ്റർ ഉടമകളടക്കം കാര്യം രഹസ്യമായി വെച്ചു. കാരണം അമിതാഭ് തിയറ്ററിൽ വന്നുഎന്ന് അറിഞ്ഞ് ആരാധകർ വന്നാൽ രാത്രിയിൽ അത് പ്രശ്നമാകും, അദ്ദേഹത്തിന് ബുദ്ധിമുട്ടാകും. ഒരീച്ചപോലും അറിയാതെ വിവരം സൂക്ഷിച്ചു. അമിതാഭ് ബെച്ചനും രാജ് ബെൻസാലും 12.30 ആയപ്പോ തിയറ്ററിലേക്ക് എത്തി. പതിനായിരങ്ങൾ തിയറ്റർ പൊതിഞ്ഞ് ഇരിക്കുകയാണ്. തങ്ങളുടെ പ്രിയ താരത്തെ കാണാൻ. അദ്ദേഹം വരന്നുവെന്ന ഊഹാപോഹം ആരോ വഴി പ്രചരിച്ചതാണ്. വെറും ഊഹം, അത് മാത്രം വെച്ച് അമിതാഭിനെ കാണാൻ പാതിരാത്രിക്ക് തടിച്ചുകൂടിയ പതിനായിരങ്ങളിൽ സ്ത്രീകളും കുട്ടികളും വരെ ഉണ്ടായിരുന്നു. അതാണ് തന്റെ ശബ്ദവും രൂപവും കഥാപാത്രങ്ങളും കൊണ്ട് സ്കീനിനുമപ്പുറം അമിതാഭ് ബച്ചൻ സൃഷ്ടിച്ച ഓറ!

ഹരിവംശറായും ഭാര്യ തേജി ബെച്ചനും മകന് ഇൻക്വിലാബ് എന്നാണ് പേരിട്ടത്, അതെ അതുതന്നെ, ഇൻക്വിലാബ് സിന്ദാബാദിലെ ഇൻക്വിലാബ്! അത്ര വിപ്ലവവീര്യമായിരുന്നു ഹരിവംശറായ്ക്കും തേജിനും. അവരുടെ കുടുംബ പേര് ശ്രീവാസ്തവ എന്നായിരുന്നു. അതായത് ഇൻക്വിലാബ് ശ്രീവാസ്തവ എന്നായിരുന്നേനെ നമ്മുടെ അമിതാഭിന്റെ പേര്. ബച്ചൻ എന്നത് ഹരിവംശറായുടെ പെൻനെയിം ആയിരുന്നു. ജാതിപ്പേരുകൾ മക്കൾക്ക് വേണ്ടെന്ന് ഹരിവംശറായ് ബച്ചൻ തീരുമാനിച്ചു, ആസമയം, ഇൻക്വിലാബിനെക്കാൾ നല്ലത് അമിതാഭ് എന്നാണെന്ന് സുഹൃത്തും കവിയുമായ സുമിത്രാനന്ദൻ പന്ത് പറഞ്ഞു. അമിതാഭ് എന്നാൽ അളവില്ലാത്ത പ്രകാശം, അളവില്ലാത്ത ഇന്റലക്റ്റ് എന്നാണ്. അങ്ങനെ ഇൻക്വിലാബ് ശ്രീവാസ്തവ ആകേണ്ടിയിരുന്ന ആൾ അമിതാഭ് ബച്ചനായി.

മാസം വെറും 300 രൂപ കിട്ടുന്ന ജോലി ചെയ്ത് തുടങ്ങിയ അമിതാഭ് ബച്ചന് ഇന്ന് 82-ാം വയസ്സിൽ വരുമാനം 350 കോടിയിലേറെയാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന താരമായിരിക്കുന്നു. ഹുറൂൺ റിച്ച് ലിസ്റ്റ് പ്രകാരം 1600 കോടിയുടെ ആസ്തിയുണ്ട് അമിതാഭ് ബച്ചന്. AB Corp എന്ന സ്ഥാപനം ഫിലിം പ്രൊ‍ഡക്ഷനും, ഡിസട്രിബ്യൂഷനും ഇവന്റ് മാനേജ്മെന്റും ചെയ്യുന്നു. കോൻ ബെനേഗാ ക്രോർപതിയിൽ നിന്ന് കോടികളുടെ വരുമാനമാണ് ഓരോ സീസണിലും ഇന്ത്യൻ സിനിമയിലെ ഷെഹൻഷാ നേടുന്നത്. പെപ്സി, നെസ്ലെ, കാ‍ഡ്ബെറി, ഡാബർ തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ പ്രൊമോട്ടറാണ് അമിതാഭ് ബച്ചൻ. 5 മുതൽ 8 കോടി വരെയാണ് ഓരോ ബ്രാൻഡും എൻഡോഴ്സ്മെന്റിന് ബിഗ് ബി-ക്ക് നൽകുന്നത്. മുംബൈയിലെ വീടായ ജെൽസ കോടികൾ വിലമതിക്കുന്നവയാണ്.  ഇന്ത്യയിലും രാജ്യത്തിന് പുറത്തുമായി നിരവധി റിയൽഎസ്റ്റേറ്റ് നിക്ഷേപങ്ങൾ.. Meridian Tech, Ujaas Energy, Ziddu, Stampede Capital തുടങ്ങി നിരവധി കമ്പനികളിൽ ഓഹരി നിക്ഷേപം, എൻഫ്ടി നിക്ഷേപം എന്നിവയും അമിതാഭ് ബച്ചന്റെ അസറ്റും വരുമാനവുമാണ്.

തുടർച്ചയായി 12 പരാജയങ്ങൾക്ക് ശേഷമാണ് നടനും നായകനുമെന്ന നിലയിൽ 1960-കളുടെ അവസാനം അമിതാഭ് ബച്ചന് ആദ്യ വിജയം കിട്ടിയത്. അദ്ദേഹത്തിന്റെ താരമൂല്യം കാരണം നിരവധി സിനിമകളിൽ ഡബിൾ റോളുകൾ അദ്ദേഹം ചെയ്തു. ഇന്ത്യയിലേറ്റവും കൂടുതൽ ഡബിള‍് റോൾ ചെയ്തിരിക്കുന്നത് അമിതാഭ് ബച്ചനാണ്. അമിതാഭ് ബച്ചനാണ് ഇന്ത്യയിൽ ആദ്യമായി 1 കോടി രൂപ പ്രതിഫലം വാങ്ങിയ നടൻ. നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഒരേ ഒരു ഇന്ത്യൻ ആക്റ്റർ. 50 വർഷം മുമ്പ് നടനാകാൻ കൊതിച്ച് സിനിമാ സെറ്റിലെത്തിയ ആ 26-കാരൻ പയ്യന് ഇതിൽ കൂടുതൽ ഇനി എന്ത് ആകാനാണ്?

82 വയസ്സിലും ചെറുപ്പം, 30-ലുള്ളവരേക്കാൾ ഊർജ്ജം.. തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ട് 50 വർഷത്തിലധികമായി ഇന്ത്യലെമ്പാടുമുള്ള തിയറ്റർ സക്രീനുകളെ ഇളക്കി മറിക്കുന്ന അമിതാഭിന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്താണ്? തുളസി ഇല ചവച്ചുകൊണ്ടാണ് ദിനം തുടങ്ങുന്നത്. പ്രാണായാമം ഉൾപ്പെടെ ലഘുയോഗകൾ അദ്ദേഹം ദിവസവും ചെയ്യും. അത് മീറ്റുങ്ങുകളുടെ ഇടവേളയിലായാലും മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും. പ്രോട്ടീൻ ഷെയ്ക്കും ആൽമണ്ടും തേങ്ങാവെള്ളവും, ഈന്തപ്പവും, ഗൂസ്ബെറിയും ഭക്ഷണം. നല്ല പ്രായത്തിൽ ആവശ്യത്തിന് ഇഷ്ടം പോലെ കഴിച്ചതാണ്. ഇപ്പോ, നോൺവെജോ മധുരമോ, അരിയാഹാരമോ കഴിക്കില്ല. ലഘുവ്യായാമങ്ങൾ ദിവസവും ചെയ്യാൻ ശ്രദ്ധിക്കുന്നു- അമിതാഭ് തന്റെ ജീവിത ശൈലി പങ്കുവെക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും മുംബൈയിലെ തന്റെ ബംഗ്ലാവായ  ജൽസ-യ്ക്ക് മുന്നിൽ ആരാധകർക്കായി അമിതാഭ് ബച്ചൻ എത്തും.
നൂറുകണക്കിന് ആരാധകർ ആ ദർശനത്തിനായി കാത്ത് നിൽപ്പുണ്ടാവും. ഒന്നും രണ്ടുമല്ല, കഴിഞ്ഞ 40 വർഷമായുള്ള പതിവാണ്. ജൽസയ്ക്ക് മുന്നിലെ ജനക്കൂട്ടം ഓരോ ആഴ്ചയും കൂടി വന്നിട്ടേ ഉള്ളൂ. കാരണം അമിതാഭ് എന്നത് താൽക്കാലിക പ്രതിഭാസമല്ല, നിലയ്ക്കാത്ത വെളിച്ചം എന്ന ആ പേരിന്റെ അർത്ഥം ആ മനുഷ്യൻ അന്വർത്ഥമാക്കുകയാണ്. ദിലീപ് കുമാർ, രാജ്കപൂർ, ദേവാനന്ദ്, ശശി കപൂർ ഗുരുദത്ത്, റിഷി കപൂർ, ധർമ്മേന്ദ്ര തുടങ്ങി താരരാജാക്കന്മാരുടെ നിറസാന്ധ്യമുണ്ടായിരുന്ന ഒരു ഇൻഡസ്ട്രിയിലാണ്, അമിതാഭ്, രാജാക്കന്മാരുടെ രാജാവായി മാറിയത്. അമ്പത് വർഷം, 50 വർഷം സ്ഥിരതയോടെ നിൽക്കുക. ആരോഗ്യവും കാര്യഗ്രഹണ ശേഷിയും നിലനിർത്തി ജീവസ്സോടെ പ്രവർത്തന നിരതമായിരിക്കുക. പ്രായത്തിനും ശാരീരികമായ മാറ്റത്തിനുമനുസരിച്ച് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുക, പല തലമുറകളെ ഒരേപോലെ വിസ്മയിപ്പിക്കുക. അത് അമിതാഭ് ബച്ചന് മാത്രം കിട്ടിയ സൗഭാഗ്യമാണ്. അതിന് കാരണമെന്തെന്ന് അറിയാമോ? ഏത് തിരിച്ചടിയിലും പതറാതെ നിൽക്കാനും തിരിച്ചുവരാനും മാറ്റത്തെ ഉൾക്കൊള്ളാനുമുള്ള അസാധാരണമായ കഴിവ്. താൻ നിൽക്കുന്ന ഇൻഡസ്ട്രിയിലെ എല്ലാവരുമായി കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധം, ജീവിതത്തിൽ തെറ്റ് സംഭവിക്കാം, പക്ഷെ അത് തിരുത്താനും ആവർത്തിക്കാതിരിക്കാനും അമിതാഭിന്റെ കഴിവ്. എല്ലാത്തിനുമുപരി താൻ ചെയ്യുന്ന ജോലിയോടുള്ള അങ്ങേയറ്റത്തെ അർപ്പണബോധം. പുലർച്ചെ 3.30 ഷോട്ട് പറഞ്ഞാൽ 3.15ന് അമിതാഭ് റെഡിയായിരിക്കും, അത് അഭിനയം തുടങ്ങിയ 27-ലും, ഈ 82-ലും! പല സന്ദർഭങ്ങളിലും യുവാക്കളായ കോ ആർട്ടിസ്റ്റുകൾക്കായി അമിതാഭ് സെറ്റിൽ വെയ്റ്റ് ചെയ്തിട്ടുണ്ട്.

 ബോളിവുഡിന്റെ ഷെഹൻഷാ, സ്റ്റാർ ഓഫ് ദ മില്ലേനിയം, ബിഗ് ബി.. ഇന്ത്യൻ സിനിമാ ലോകത്ത് സർവ്വാധിപത്യപട്ടം നൽകുന്ന ഈ പേരുകൾ ഒരാൾക്ക് മാത്രമാണ്, അമിതാഭ് ബച്ചന്! രജനീകാന്തിനേയും ചിരഞ്ജീവിയേയും, മോഹൻലാലിനേയും എന്തിന് അല്ലുഅർജ്ജുനേയും യാഷിനേയും വരെ വെള്ളിത്തിരയിലേക്ക് ആകർഷിച്ചത് ഈ മനുഷ്യന്റെ സ്ക്രീൻ പ്രകടനമാണ്.

ഗാന്ധികുടുംബവുമായി ഹൃദയ അടുപ്പമുള്ള വ്യക്തിയാണ് അമിതാഭ് ബച്ചൻ. രാജീവ് ഗാന്ധിയുടെ വലിയ ചെങ്ങാതിയായിരുന്നു. സോണിയ ഗാന്ധി, രാജീവിനെ കല്യാണം കഴിക്കും മുമ്പ് ഇന്ത്യയിലേക്ക് വരുമ്പോ, അന്ന് സ്റ്റാർഡം പദവിയിൽ നിൽക്കുന്ന അമിതാഭ് ആണ് ഡൽഹി പാലം വിമാനത്താവളത്തിൽ ചെന്ന് സോണിയയെ കൂട്ടിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്. അന്ന് ഇന്ത്യയിൽ വരുമ്പോഴൊക്കെ സോണിയ അമിതാഭിന്റെയും കുടുംബത്തിന്റേയും ഒപ്പമാണ് താമസിച്ചിരുന്നത്. രാജീവ് ഗാന്ധിയുമയുള്ള അടുത്ത ബന്ധം അമിതാഭിന്റെയും സഹോദരന്റേയും പേര് ബൊഫോഴ്സിലുൾപ്പെടെ വലിച്ചിഴക്കപ്പെട്ടു.

ഈ 82-ലും ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പവർഹൗസാണ് അമിതാഭ് ബച്ചൻ. ദാ ഈ നിമിഷവും പുതിയ പ്രോജക്റ്റുകളുടെ ചർച്ചയിലും ഷൂട്ടിലുമായി അദ്ദേഹം തിരക്കിലായിരിക്കും. മകൻ അഭിഷേക് സ്വന്തം നിലയ്ക്ക് ഒരു സ്പേസ് ബോളിവുഡിൽ കണ്ടെത്തുന്നതിന്റെ സന്തോഷം ആ പിതാവിനുണ്ട്. മരുമകൾ ഐശ്വര്യാ റായ്ക്ക് എല്ലാ പിന്തുണയും നൽകുന്ന റോളിലും അമിതാഭ് മികവു പുലർത്തുന്നു.

 ക്രമരഹിതമായ ഒരു സാമൂഹിക അന്തരീക്ഷമുള്ള, ജാതിയും മതവും രാഷ്ട്രീയവും ഭക്ഷിക്കുന്ന പട്ടിണിപ്പാവങ്ങളുള്ള, അപകടകരമായ മത്സരമുള്ള, അധോലോകവും വട്ടിപ്പലിശ രാജമാർ വാഴുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്താണ് ഒരു മനുഷ്യൻ കഴിവും, പ്രയത്നവും, മികച്ച ബന്ധങ്ങളും, ആത്മാർപ്പണവും കൊണ്ട് സ്റ്റാർഡത്തിന്റെ കസേര സ്വയം വലിച്ചിട്ടിരുന്നത്. അത് 50 വർഷങ്ങൾക്കിപ്പുറവും നിലനിർത്തുന്നുവെങ്കിൽ അമിതാഭ് ജീ, താങ്കൾ ഒരു ലെജന്റാണ്! കാരണം നടനാകാൻ ആയിരങ്ങൾക്ക് പറ്റും, നായകനാകാൻ നൂറുകണക്കിനാളുകൾക്ക് സാധിക്കും! ഷെഹൻഷാ ആകാൻ
ഒരേഒരാൾക്കേ കഴിയൂ.. അമിതാഭ് ബച്ചന്! നമ്മുടെ ബിഗ് ബിക്ക്!  

The incredible career of Amitabh Bachchan, from his early struggles to becoming the face of Bollywood. His iconic roles, memorable performances, and lasting impact on Indian cinema.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Leave A Reply

Exit mobile version