ഗവൺമെന്റ് ജീവനക്കാർക്ക് വൻ തുക പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ച് ദുബായ്. 277 മില്യൺ ദിർഹംസ് അഥവാ 648 കോടി രൂപയാണ് പെർഫോമൻസ് ബോണസ്സായി നൽകുക. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യമായാണ് ദുബായിൽ ഇത്രയും ഉയർന്ന തുക ബോണസ് ആയി പ്രഖ്യാപിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബോണസ് അംഗീകരിച്ചതായി ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. ജീവനക്കാരുടെ സമർപ്പണവും പ്രതിബദ്ധതയും ദുബായിയുടെ വിജയത്തിൽ നിർണായകമാണെന്ന് ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ മികവിനെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
Sheikh Hamdan approves Dh277 million in performance-based bonuses for Dubai government employees, recognizing their dedication and contributions to the city’s excellence and global success