ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ വൻ വർധന. 2024ൽ ഇന്ത്യയിലെ ബില്യണേർസിന്റെ എണ്ണം വർധിച്ചതായി ആഗോള പ്രോപ്പർട്ടി കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ‘ദി വെൽത്ത് റിപ്പോർട്ട് 2025ൽ’ പറയുന്നു. ഇന്ത്യയിൽ ആകെ 191 ശതകോടീശ്വരന്മാരാണുള്ളത്. മുൻ വർഷത്തേക്കാൾ 26 ശതകോടീശ്വരൻമാരാണ് പട്ടികയിൽ ഇടം പിടിച്ചത്. 2019ൽ ശതകോടീശ്വരൻമാരുടെ എണ്ണം വെറും 7 ആയിരുന്നു. പട്ടിക പ്രകാരം ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സംയോജിത സമ്പത്ത് 950 ബില്യൺ യുഎസ് ഡോളറാണ്. ഇത് ആഗോളതലത്തിൽ രാജ്യത്തെ മൂന്നാം സ്ഥാനത്ത് നിർത്തുന്നു. 5.7 ട്രില്യൺ ഡോളർ ബില്യണേർസ് സംയോജിത സമ്പത്തുമായി യുഎസ്സും 1.34 ട്രില്യൺ ഡോളറുമായി ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

10 മില്യൺ യുഎസ് ഡോളറിൽ കൂടുതൽ ആസ്തിയുള്ള ഇന്ത്യയിലെ ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽസിന്റെ (HNWIs) എണ്ണം കഴിഞ്ഞ വർഷം 6 ശതമാനം വർധിച്ച് 85,698 ആയി. മുൻ വർഷം 80,686 ആയിരുന്നു 10 മില്യൺ ഡോളറിനു മുകളിൽ ആസ്തിയുള്ള വ്യക്തികളുടെ എണ്ണം. 2028 ആകുമ്പോഴേക്കും ഈ സംഖ്യ 93,753 ആയി ഉയരുമെന്നും ഇത് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എച്ച്എൻഐഡബ്ല്യു എണ്ണം വർദ്ധിക്കുന്ന പ്രവണത രാജ്യത്തിന്റെ ശക്തമായ ദീർഘകാല സാമ്പത്തിക വളർച്ച, വർദ്ധിച്ചുവരുന്ന നിക്ഷേപ അവസരങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന ആഡംബര വിപണി എന്നിവ എടുത്തുകാണിക്കുന്നതായും ഇത് ആഗോള സമ്പത്ത് സൃഷ്ടിയിൽ ഇന്ത്യയെ പ്രധാന പങ്കാളിയാക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കി.
India’s high-net-worth individual (HNWI) population grew by 6% in 2024, with billionaire count reaching 191. Discover key drivers behind India’s wealth boom.