ഏപ്രിൽ മുതൽ ഇന്ത്യൻ വിപണിയിൽ കാറുകളുടെ വില കൂടുമെന്ന് റിപ്പോർട്ട്. മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, ഹ്യുണ്ടായി തുടങ്ങിയവ പ്രവർത്തന ചിലവുകൾ അടക്കം വർധിച്ചതിനാൽ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സുസുക്കി ഇന്ത്യ അടുത്ത മാസം മുതൽ മുഴുവൻ മോഡലുകളുടേയും വില 4 ശതമാനം വരെ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. സുസുക്കി എൻട്രി ലെവൽ ആൾട്ടോ കെ-10 മുതൽ മൾട്ടി പർപ്പസ് വാഹനമായ ഇൻവിക്റ്റോ വരെയുള്ളവയുടെ നിലവിലെ എക്സ് ഷോറൂം വില യഥാക്രമം 4.23 ലക്ഷം മുതൽ 29.22 ലക്ഷം രൂപ വരെയാണ്. അസംസ്കൃത വസ്തുക്കളുടെയും പ്രവർത്തന ചിലവുകളുടെയും വർധന കണക്കിലെടുത്ത് 2025 ഏപ്രിൽ മുതൽ കാറുകളുടെ വില 3 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യയും അറിയിച്ചിട്ടുണ്ട്.

അതേ സമയം ടാറ്റ മോട്ടോഴ്സ് 2025 ഏപ്രിൽ മുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളുടെ വില വർധിപ്പിക്കും. ഈ വർഷം രണ്ടാം തവണയാണ് ടാറ്റ വാഹനവില കൂട്ടുന്നത്. ഏപ്രിൽ മുതൽ എസ്യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില 3 ശതമാനം വരെ വർധിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും അറിയിച്ചിട്ടുണ്ട്. കിയ ഇന്ത്യ, ഹോണ്ട ഇന്ത്യ, റെനോ ഇന്ത്യ, ബിഎംഡബ്ല്യു എന്നിവയും അടുത്ത മാസം മുതൽ വാഹന വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കാർ നിർമ്മാതാക്കൾ സാധാരണയായി രണ്ട് വിലവർദ്ധനവ് സൈക്കിളുകൾ നടത്താറുണ്ടെന്ന് ഡെലോയിറ്റ് പങ്കാളിയും ഓട്ടോമോട്ടീവ് മേഖലയിലെ വിദഗ്ധനുമായ രജത് മഹാജൻ പറഞ്ഞു. കലണ്ടർ വർഷത്തിന്റെ തുടക്കത്തിലും സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലുമാണ് സാധാരണയായി വില വർധന കൊണ്ടുവരാറുള്ളത്. കറൻസിയിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ട് വിലവർധനയുടെ വ്യാപ്തി വ്യത്യാസപ്പെടാം. ഒരേ ഉൽപ്പന്നം ഇറക്കുമതി ചെയ്യാൻ കൂടുതൽ രൂപ ആവശ്യമായതുകൊണ്ടാണ് ഈ വിലവർധന വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Leading automakers like Maruti Suzuki, Hyundai, Tata Motors, and Mahindra will raise car prices in India from April 2025 due to rising input costs and inflation.