സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് കഴിഞ്ഞ ദിവസം വാഗമൺ അഡ്വഞ്ചർ പാർക്കിൽ സമാപനമായി. ആവേശകരമായ ഫെസ്റ്റിലൂടെ വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഗവൺമെന്റും ടൂറിസം വകുപ്പും. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് നേരത്തെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

ടൂറിസം രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റികളിൽ ഒന്നാണ് സാഹസിക ടൂറിസമെന്നും ഇത്തരം കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതായും മന്ത്രി പറഞ്ഞു. വാഗമണ്ണിൽ അടക്കം സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിൽ നേപ്പാളിന്റെ അമൻ ഥാപ പുരുഷ വിഭാഗത്തിലും ദക്ഷിണ കൊറിയയുടെ യുൻയങ് ചോ വനിതാ വിഭാഗത്തിലും ജേതാക്കളായി. ആറ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 14 വിദേശ രാജ്യങ്ങളിൽ നിന്നായി 49 മത്സരാർത്ഥികൾ പങ്കെടുത്തു. വാഗമൺ കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങൾക്ക് വേദിയായത്. ഫെഡറേഷൻ ഓഫ് എയ്റോനോട്ടിക് ഇന്റർനാഷണൽ, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചത്. ഫ്ളൈ വാഗമണായിരുന്നു പരിപാടിയുടെ പ്രാദേശിക സംഘാടകർ.

പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ എമൻ റുംടെൽ ഫസ്റ്റ് റണ്ണറപ്പും സോനം ലക്ഷ്മി സെക്കന്റ് റണ്ണറപ്പുമായി. വനിതാ വിഭാഗത്തിൽ ജുങ്മിൻ കാങ് (ദക്ഷിണ കൊറിയ) ഫസ്റ്റ് റണ്ണറപ്പും അയാന അസ്കർ (കസാകിസ്ഥാൻ) സെക്കന്റ് റണ്ണറപ്പുമായി. ടീം വിഭാഗത്തിൽ യങ്വാ (ദക്ഷിണ കൊറിയ, ഇന്ത്യ) ജേതാക്കളായി. ഫ്ളൈ വർക്കല ഫസ്റ്റ് റണ്ണറപ്പും ഓറഞ്ച് ലൈഫ് പാരാഗ്ലൈഡിംഗ് സെക്കന്റ് റണ്ണറപ്പുമായി.
The International Paragliding Festival at Vagamon Adventure Park concluded with Nepal’s Aman Thapa and South Korea’s Yunyoung Cho winning top honors. The Kerala government aims to develop Vagamon into a premier paragliding destination.