2025ൽ മൂന്ന് പുതിയ എയർലൈനുകളുടെ വരവോടെ കൂടുതൽ ഉയരത്തിൽ പറക്കാൻ ഇന്ത്യൻ വ്യോമയാന മേഖല. മൂന്നിൽ രണ്ട് കമ്പനികൾ കേരളത്തിൽ നിന്നാണ് എന്നുള്ള സവിശേഷതയും ഉണ്ട്. കേരളത്തിൽ നിന്നുള്ള എയർ കേരള (Air Kerala), അൽഹിന്ദ് എയർ (Alhind Air) എന്നിവയ്ക്ക് പുറമേ യുപിയിൽ നിന്നുള്ള ശംഖ് എയറും (Shankh Air) ഈ വർഷം പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ വർഷം തന്നെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് (MoCA) നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (NOC) ലഭിച്ച മൂന്ന് എയർലൈനുകളും ഇപ്പോൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്നുള്ള അന്തിമ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റുകൾ (AOC) ലഭിക്കാനുള്ള കാത്തിരിപ്പിലാണ്.

എയർ കേരള
ഇന്ത്യയിലെ ആദ്യ അൾട്രാ-ലോ-കോസ്റ്റ് കാരിയർ ആകാനാണ് എയർ കേരള ലക്ഷ്യമിടുന്നത്. 2025 ൽ ആഭ്യന്തര സർവീസുകളും 2026ൽ അന്താരാഷ്ട്ര വിമാന സർവീസുകളും ആരംഭിക്കാനാണ് എയർ കേരളയുടെ ലക്ഷ്യം. 2005ൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ഈ സ്വകാര്യ സംരംഭം യുഎഇ ആസ്ഥാനമായുള്ള സംരംഭകരായ അഫി അഹമ്മദ്, അയൂബ് കല്ലട എന്നിവർ സ്ഥാപിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലായിരിക്കും പ്രവർത്തിക്കുക. കേരളത്തിലെ ടയർ-2, ടയർ-3 നഗരങ്ങളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം മിഡിൽ ഈസ്റ്റിലെ മലയാളി പ്രവാസി സമൂഹത്തിന് സേവനം നൽകുന്നതിലും എയർ കേരള ശ്രദ്ധ കേന്ദ്രീകരിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (COK) മൂന്ന് ATR 72-600 വിമാനങ്ങൾ എയർ കേരള സർവീസ് നടത്തും.
അൽഹിന്ദ് എയർ
കോഴിക്കോട് ആസ്ഥാനമായുള്ള ടൂർ ആൻഡ് ട്രാവൽ ഏജൻസി അൽഹിന്ദ് ഗ്രൂപ്പ് ഇതിൽ നിന്ന് മാറി പ്രാദേശിക യാത്രാ എയർലൈനായാണ്
അൽഹിന്ദ് എയർ ആരംഭിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (COK) നിന്ന് രണ്ട് ATR 72-600 വിമാനങ്ങൾ സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന അൽഹിന്ദ് എയർ ഒരു വർഷത്തിനുള്ളിൽ ഏഴ് വിമാനങ്ങളിലേക്ക് സർവീസ് വികസിപ്പിക്കാനും രണ്ട് വർഷത്തിനുള്ളിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര റൂട്ടുകൾ ആരംഭിക്കാനും പദ്ധതിയിടുന്നു.

ശംഖ് എയർ
ഉത്തർപ്രദേശിലെ ആദ്യത്തെ ഷെഡ്യൂൾഡ് ഫുൾ സർവീസ് എയർലൈൻ ആകാനാണ് നോയിഡ ജെവാർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കുന്ന ശംഖ് എയർ സർവീസ് ഒരുങ്ങുന്നത്. ലഖ്നൗ (LKO), വാരണാസി (VNS), ഗോരഖ്പൂർ (GOP), ഡൽഹി (DEL), മുംബൈ (BOM), ബെംഗളൂരു (BLR) എന്നിവയുൾപ്പെടെയുള്ള പ്രധാന മെട്രോകളെ ബന്ധിപ്പിക്കുന്നതാണ് പ്രാരംഭ റൂട്ടുകൾ.
India’s aviation sector is set for a transformation in 2025 with the launch of Shankh Air, Air Kerala, and Alhind Air, enhancing connectivity and competition.