സ്മാർട്ട്ഫോണുകൾ വിൽക്കാൻ ഒരുങ്ങി ക്വിക് കൊമേഴ്സ് സേവനദാതാക്കളായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്. പ്ലാറ്റ്ഫോമിലൂടെ 10 പ്രധാന നഗരങ്ങളിൽ സ്മാർട്ട്ഫോൺ വിൽപന നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റാമാർട്ടിന്റെ പ്രധാന എതിരാളികളായ സൊമാറ്റോയുടെ ബ്ലിങ്കിറ്റും സെപ്റ്റോയും ഇതിനകം തന്നെ വിവിധ നഗരങ്ങളിൽ സ്മാർട്ട്ഫോൺ വിൽപന നടത്തുന്നുണ്ട്. അടുത്തിടെ ഈ രണ്ടു കമ്പനികളും അവരുടെ പ്ലാറ്റ്ഫോമുകളിൽ എല്ലാ ആപ്പിൾ ഉൽപ്പന്നങ്ങളും ലഭ്യമാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വിഗ്ഗിയുടെ പുതിയ നീക്കം.

സാംസങ് എം35, വൺപ്ലസ് നോർഡ് സിഇ, റെഡ്മി 14സി തുടങ്ങിയ ഫോണുകൾക്കൊപ്പം ഏറ്റവും പുതിയ ഐഫോൺ 16ഇയും ലഭ്യമാക്കും എന്നാണ് ഇൻസ്റ്റാമാർട്ട് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ബെംഗളൂരു, ഡൽഹി, മുംബൈ, ചെന്നൈ, ഫരീദാബാദ്, നോയിഡ, ഗുഡ്ഗാവ്, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇൻസ്റ്റാമാർട്ട് സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുക.

ഓർഡർ ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ ഫോൺ വീട്ടിലെത്തിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. കൂടുതൽ നഗരങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുമെന്നും കമ്പനി സിഇഒ അമിതേഷ് ഝാ പറഞ്ഞു.
Swiggy Instamart enters the smartphone market, offering iPhone 16e, Samsung M35, OnePlus Nord CE, and more in 10 cities with 10-minute delivery.